ആലപ്പുഴ: ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ധരിച്ച് ഭർതൃ വീട്ടിൽ കഴിഞ്ഞത് ഒരാഴ്ച. വിവാഹിതരെപോലെ ഒളിഞ്ഞും പാത്തും കഴിഞ്ഞതിനു പിന്നാലെ കാമുകനുമായി പിണങ്ങുകയും കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയുമായിരുന്നു. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.

കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കൽ ബാബുവിന്റെ മകൻ പ്രവീൺ(25) കഴിഞ്ഞ നാലിനാണ് സവിതയെ ഭർതൃ വീട്ടിൽ നിന്നും കൊണ്ടു പോയി ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സവിത ഭർതൃ മാതാവിനോട് പാവുമ്പ കാളിയമ്പലത്തിൽ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോൾ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു.

പകരം കഴുത്തിൽ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയിൽപെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോൾ ചരടിൽ കോർത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഇവർ സവിതയുടെ കഴുത്തിൽ കിടക്കുന്നത് തന്റെ മകൻ കെട്ടിയ താലി അല്ല എന്ന് മനസ്സിലായി. ഇതോടെയാണ് കാമുകൻ താലി കെട്ടി എന്ന് അവർ മനസ്സിലാക്കിയത്.

താലികെട്ടി എന്ന വിവരം മകനോട് പറയാതെ എത്രയും വേഗം നാട്ടിലെത്താൻ അവർ ആവശ്യപ്പെട്ടു. കാരണം സവിതയും പ്രവീണും തമ്മിലുള്ള ബന്ധം സതീഷിനും ബന്ധുക്കൾക്കും അറിവുള്ളതാണ്. പലവട്ടം താക്കീത് നൽകുകയും ബന്ധമൊന്നുമില്ല എന്ന് പറഞ്ഞ് സവിത രക്ഷപെടുകയുമായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വളരുകയായിരുന്നു. അവസാനം താലികെട്ടിയെന്ന് മനസ്സിലായതോടെ മകനോട് വേഗം വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ എല്ലാം അവസാനിച്ചു.

രണ്ടര വർഷം മുൻപാണ് സവിതയെ സതീഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ജോലിക്ക് പോയി. മണപ്പള്ളിയിലെ ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് 4 മാസം കഴിഞ്ഞപ്പോൾ സതീഷ് തിരികെ ദുബായിലേക്ക് മടങ്ങി. ഇതിനിടയിൽ മെഡിക്കൽ സ്റ്റോറിൽ ജോലിക്കിടയിൽ അമിതമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നു എന്ന് പറഞ്ഞ് പറഞ്ഞു വിട്ടു. പിന്നീട്മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറി. വിവാഹ വാർഷികത്തിന് നാലുദിവസം ബാക്കി നിൽക്കെ 2020ൽ സതീഷ് അപ്രതീക്ഷിതമായി നാട്ടിലെത്തി.

ഭാര്യക്ക് സർപ്രൈസ് കൊടുക്കാനായി അറിയിച്ചിരുന്നില്ല. സതീഷ് വീട്ടിലെത്തിയതോടെ സവിതക്ക് സന്തോഷത്തിന് പകരം പരിഭ്രമമായിരുന്നു. സവിതയുടെ മൊബൈൽ ഫോണിൽ സന്ദേശം വന്ന ശബ്ദം കേട്ട് സതീഷ് നോക്കിയപ്പോൾ ബ്രോ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരിൽ നിന്നും ഞാൻ താലികെട്ടിക്കോട്ടെ എന്ന് ചോദിച്ച് ഒരു സന്ദേശം കിടക്കുന്നു. ആരാണ് എന്ന് ചോദിച്ചപ്പോൾ ഒപ്പം ജോലി ചെയ്യുന്നയാളാണ് എന്നും സൗഹൃദം മാത്രമേയുള്ളൂ എന്നും സവിത മറുപടി പറഞ്ഞു. അയാളെ വിളിച്ച് താക്കീത് നൽകിക്കൊള്ളാം എന്നും പറഞ്ഞതോടെ സതീഷ് ഭാര്യയെ വിശ്വസിച്ചു.

പിന്നീട് കൊറോണ വ്യാപിച്ചതോടെ തിരികെ വിദേശത്തേക്ക് പോകാൻ കഴിയാതെയായി. ഇതോടെ നാട്ടിൽ തന്നെ സതീഷ് തുടർന്നു. വീട്ടിൽ വെറുതെ ഇരിക്കാൻ കഴിയില്ലെന്നും ജോലിക്ക് പോകണം എന്ന് പറഞ്ഞതോടെ പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞ സവിതയെ പുതിയകാവിലുള്ള ഒരു ലാബിൽ ജോലിക്ക് അയച്ചു. 2020 നവംബറിൽ സതീഷ് വീണ്ടും തിരികെ ദുബായിലേക്ക് പോയി. എന്നാൽ സവിത പ്രവീണുമായുള്ള ബന്ധം തുടരുകയായിരുന്നു. വിദേശത്ത് നിന്നും സതീഷ് വിളിച്ചാൽ കോൾ എടുക്കില്ല.

എടുത്താൽ തന്നെ വേഗം സംസാരിച്ച് വയ്ക്കും. സവിത ഫോണെടുക്കാത്തതിനെ പറ്റിയും സംസാരിാക്കാത്തതിനെപറ്റിയും അമ്മയോട് പറഞ്ഞപ്പോഴാണ് സതീഷ് ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിയുന്നത്. മുഴുവൻ സമയവും സവിത മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കുകയാണെന്ന്. അമ്മ കരുതിയത് സതീഷാണ് മറുതലക്കൽ എന്നായിരുന്നു.

ഇക്കാര്യങ്ങൾ സവിതയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെടുകയാണ് ചെയ്തത്. എന്നാൽ സതീഷ് സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ പ്രവീണുമായി അരുതാത്ത ബന്ധം ഇല്ലാ എന്നായിരുന്നു സവിതയുടെ മറുപടി. പ്രവീണുമായുള്ള ബന്ധത്തെപറ്റി സവിതയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒചുവിൽ എത്രയും വേഗം നാട്ടിലേക്ക് ജോലി അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സവിത ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഭാര്യ മരിച്ചതരിഞ്ഞ് സതീഷ് ദുബായിൽ നിന്നുമെത്തി. സവിതയുടെ മൃതദേഹം അവസാനമായി കണ്ടു. പിന്നീട് സംസ്‌ക്കാരവും നടന്നു.

ഇത്രയേറെ സ്നേഹത്തോടെ ചേർത്ത് പിടിച്ചിട്ടും തന്നെ മനസ്സിലാക്കാൻ സവിതയ്ക്ക് കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് സതീഷിനുള്ളത്. സവിതയുടെ വീട്ടുകാർ കുറ്റങ്ങളെല്ലാം സതീഷിന്റെയും കുടുംബത്തിന്റെയും തലയിൽ വച്ച് പൊലീസിൽ കേസു കൊടുത്തിരിക്കുകയാണ്. കാമുകൻ രാത്രിയിൽ വന്നതിന് ശേഷമാണ് സവിത ആത്മഹത്യ ചെയ്തത് എന്ന തെളിവുകൾ ഉണ്ടായിട്ടും സതീഷിന്റെ പീഡനത്തെതുടർന്നാണ് സവിത ആത്മഹത്യ ചെയ്തതെന്നാണ് അവർ പരാതിയിൽ പറയുന്നത്.

ഏതാനം ദിവസങ്ങളായി കാമുകൻ പ്രവീൺ സവിതയുമായി അകന്നു നിൽക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായാണ് ആത്മഹത്യാ ഭീഷണി മുഴക്കി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. സവിതയ്‌ക്കൊപ്പം കിടന്നിരുന്ന ഭർതൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് പ്രവീണുമായി സംസാരിച്ചു. ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു.

ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂങ്ങിനിൽക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും വിവരങ്ങൾ അറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ റിപ്പോർട്ടുകൾ കൂടി വരണം. വള്ളികുന്നം പൊലീസ് ഒളിവിൽ പോയ കാമുകൻ പ്രവീണിനായുള്ള തിരച്ചിൽ തുടരുകയാണ്.