- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാൾടിക്കറ്റ് വാങ്ങി മടങ്ങിയ അഞ്ചംഗ വിദ്യാർത്ഥി സംഘത്തിന് വഴിയിൽ കിടന്ന് കിട്ടിയത് മൂന്നുപവന്റെ മാല; സമീപത്തെ ഓട്ടോക്കാരെ കൂട്ടി സ്റ്റേഷനിലെത്തി ഏൽപ്പിച്ചു; സ്വർണത്തേക്കാൾ തിളക്കമേറിയ കുട്ടികളുടെ കഥ പങ്കു വച്ച് കേരളാ പൊലീസിന്റെ പേജും; പത്തനാപുരം അംബേദ്കർ ഗ്രാമത്തിലെ കുട്ടികൾ സത്യസന്ധതയുടെ നേർക്കാഴ്ചയാകുമ്പോൾ
പത്തനാപുരം: സ്‌കൂളിൽ പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു ആ അഞ്ചു പേർ. ആദിത്യൻ, വിഷ്ണു,രാഹുൽ, വിശാൽ, അജിത്ത്. തൊട്ടുമുന്നിലെ റോഡിൽ എന്തോ തിളങ്ങുന്നത് കണ്ടത് ആദിത്യനും വിഷ്ണുവുമായിരുന്നു. അവർ അതെടുത്തു നോക്കി. ഒരു സ്വർണമാല. അടുത്തുള്ള ഓട്ടോച്ചേട്ടന്മാരെയും കൂട്ടി അവർ അത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മാല അതിന്റെ യഥാർഥ ഉടമസ്ഥർ വന്നു കൈപ്പറ്റി. ഇതേപ്പറ്റി പ്രാദേശിക ചാനലിൽ വന്ന വാർത്ത കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിലെ കുട്ടികൾ വൈറൽ ആയി. അവരുടെ സത്യസന്ധത അംഗീകരിക്കപ്പെട്ടു.
പത്തനാപുരം കെആർഎംഎം ഹൈസ്‌കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് വിദ്യാർത്ഥികൾക്ക് മൂന്ന് പവൻ തൂക്കം വരുന്ന മാല ലഭിച്ചത്. ചിലവന്നൂർ പടി ഭാഗത്തു വച്ച് അഞ്ചംഗ സംഘത്തിലെ ആദിത്യൻ, വിഷ്ണു എന്നിവർക്കാണ് മാല കിട്ടിയത്. ഒപ്പമുണ്ടായിരുന്ന രാഹുൽ, വിശാൽ, അജിത്ത് എന്നിവരും ചേർന്ന് സ്വർണമാണെന്ന് പരിശോധിച്ച് ഉറപ്പിച്ചു.
തുടർന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അന്നേ ദിവസം കടയ്ക്കാമൺ കോളനിയിലെ തന്നെ മോഹനൻ-സുനിത ദമ്പതികളുടെ മകൾ അരുണിമയുടെ മാല നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. അരുണിമ സഹോദരൻ അശ്വിനൊപ്പം സ്‌കൂട്ടറിൽ സ്‌ക്കൂളിൽ നിന്നും മടങ്ങുമ്പോഴാണ് മാല നഷ്ടമായത്. അടയാളങ്ങൾ തിരിച്ചറിഞ്ഞതോടെ മാല അരുണിമയുടെതാണെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് അത് കൈമാറി.
മാല നഷ്ടപ്പെട്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും തന്റെ സുഹൃത്തുക്കൾ മുഖേനെ അത് തിരികെ കിട്ടിയതിൽ ഒരു പാട് സന്തോഷവും നന്ദിയുമുണ്ടെന്നും അരുണിമ പറഞ്ഞു. കുട്ടികൾ പൊതു സമൂഹത്തിനാകെ ഒരു വലിയ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ നൽകിയതെന്ന് പത്തനാപുരം സ്റ്റേഷൻ ഓഫീസർ ജയകൃഷ്ണൻ പറഞ്ഞു. എസ്ഐ രാജേഷായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട് മാല സ്വീകരിച്ചതും അരുണിമയ്ക്ക് കൈമാറിയതും.
കുട്ടികളുടെ സത്യസന്ധതക്ക് അഭിനന്ദനങ്ങളുമായി നിരവധി വ്യക്തികളും സംഘടനകളും ഇതിനകം കടക്കാമൺ അംബേദ്കർ കോളനിയിലെത്തി. ബിജെപി പട്ടികജാതി മോർച്ചാ ഭാരവാഹികൾ മധുര പലഹാരങ്ങൾ നൽകി വിദ്യാർത്ഥികളെ ആദരിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്