- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് ആലോചിക്കുന്നു; കോളേജ് വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി; ഡബ്ല്യുഐപിആർ എഴ് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലെ നിയന്ത്രണം 8 ശതമാനത്തിന് മുകളിലാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്. വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും.
കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വാക്‌സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്. കോളേജ് വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. ഡബ്ലിയു ഐ പി ആർ നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ഏഴ് ശതമാനത്തിനു മുകളിൽ ഡബ്ലിയു ഐ പി ആർ ഉള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് 8 ശതമാനത്തിനു മുകളിൽ ആക്കിയത്.
തീരുമാനങ്ങൾ
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് വാക്‌സിനേഷൻ 80 ശതമാനത്തോടടുക്കുകയാണ്. നിലവിൽ 78 ശതമാനം പേർക്ക് ഒന്നാം ഡോസ് വാക്‌സിനേഷൻ പൂർത്തീകരിച്ചു. 30 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. നിലവിൽ ഏഴ് ലക്ഷം വാക്‌സിൻ കൈവശമുണ്ട്. നാളെയോടെ അതുകൊടുത്തു തീർക്കാനാകും. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 93 ശതമാനത്തിലധികം ആളുകൾക്ക് ഒരു ഡോസ് വാക്‌സിനും 50% പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി.
80 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ജില്ലകളിൽ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ആന്റിജൻ ടെസ്റ്റ് ചുരുക്കാനും, ആർടിപിസിആർ ടെസ്റ്റ് വർദ്ധിപ്പിക്കാനും നേരത്തെ തീരുമാനമെടുത്തിരുന്നു.
സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്താം..
ഡബ്ലിയു ഐ പി ആർ നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ഏഴ് ശതമാനത്തിനു മുകളിൽ ഡബ്ലിയു ഐ പി ആർ ഉള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണ മാണ് 8 ശതമാനത്തിനു മുകളിൽ ആക്കിയത്.
ക്വാറന്റയിൻ ലംഘിക്കുന്നവരെ നിർബന്ധിതമായി ക്വാറന്റയിനിലേക്കയക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. നിലവിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളിൽനിന്നുള്ളവർ ക്വാറന്റയിൻ ലംഘിക്കുന്നത് കർശനമായി തടയും.
മറ്റു സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആ വിഭാഗക്കാരുടെ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ ശ്രമിക്കും.
കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്നവർ വീടുകളിൽതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതോടൊപ്പം പൊലീസ് മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,419 വീടുകളിൽ ഇത്തരം പരിശോധനകൾ നടത്തി.
കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പർക്കത്തിൽ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ പൊലീസ് ഫോൺ മുഖേന ബന്ധപ്പെട്ട് അവർ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പുവരുത്തിയത്.
അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്‌സിൻ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്‌സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞു.
ഏതൊരു രോഗ നിയന്ത്രണ പരിപാടിയിലും കേസ് കണ്ടെത്തൽ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവിൽ പരിശോധന നടത്തുന്നുണ്ട്.അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയിൽ ആദ്യം അണുബാധയുണ്ടാവുന്നു. തുടർന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്‌സിനേഷനു ശേഷമുള്ള കാലഘട്ടത്തിൽ ലോകമെങ്ങും, പകർച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാൻ ഇത് പരിവർത്തന നിരക്കായി(കൺവേർഷൻ റേറ്റ്) കണക്കാക്കുന്നു.
നിലവിൽ 2,37,643 കോവിഡ് കേസുകളിൽ, 12.85% വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നതുകൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ല.
ആശുപ്രതിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം പ്രമേഹവും രക്തസമ്മർദ്ദവും ഒരുമിച്ചുള്ളവർ ആണ്. അതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണംവാക്‌സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആന്റിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരിൽ വാക്‌സിനേഷൻ എടുക്കാത്ത ആളുകൾ ആർടിപിസിആർ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്.
ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇന്ന് 25,010 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,51,317 പരിശോധനകൾ നടന്നു. 177 മരണങ്ങളുണ്ടായി. 2,37,643 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കോവിഡിന്റെ ഒന്നാം തരംഗത്തിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ പ്രതിസന്ധികൾ രണ്ടാം തരംഗത്തിന്റെ കാലത്ത് നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എങ്കിലും ആശ്വാസം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള കാലയളവിൽ, ശരാശരി സജീവ കേസുകൾ 2,42,278 ആണ്. അതിൽ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓക്‌സിജൻ കിടക്കകൾ വേണ്ടിവന്നിട്ടുള്ളൂ. ആകെ രോഗികളിൽ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവിൽ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഐ സി എം ആറിന്റെ ആദ്യ സെറൊ പ്രിവലൻസ് പഠനം കണ്ടെത്തിയത് പ്രകാരം ഒന്നാം തരംഗ കാലത്ത് രോഗബാധിതരായവരുടെ എണ്ണം കേരളത്തിൽ വളരെ കുറവായിരുന്നു എന്നാണ്. സംസ്ഥാനത്ത് ഏകദേശം 11 ശതമാനം പേർക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായത്. അതിന്റെ ഇരട്ടിയായിരുന്നു ദേശീയ ശരാശരി. രോഗം വരാത്തവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ഡെൽറ്റാ വകഭേദം ആഞ്ഞടിച്ച രണ്ടാം ഘട്ടത്തിൽ ഏറ്റവും പെട്ടെന്ന് രോഗം പടർന്നു പിടിച്ച് വലിയ നാശം വിതയ്ക്കാൻ ഏറ്റവും സാധ്യതയുള്ള ഇടം നമ്മുടെ സംസ്ഥാനമായിരുന്നു.
ഉയർന്ന ജനസാന്ദ്രതയും നഗരഗ്രാമ അന്തരമില്ലായ്മയും വയോജനങ്ങളുടെയും ജീവിത ശൈലീരോഗമുള്ളവരുടെയും ഉയർന്ന അനുപാതവുമെല്ലാം ഇവിടെ മരണ നിരക്ക് വലിയ തോതിൽ ഉയർത്തേണ്ടതായിരുന്നു. അത് സംഭവിക്കാതെ രണ്ടാം തരംഗത്തേയും മികച്ച രീതിയിൽ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു.
രോഗബാധയേൽക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതുകൊണ്ട് തന്നെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടി. പക്ഷേ, ആ വർദ്ധനവ് ഒരിക്കലും പൂർണ്ണമായും നമ്മുടെ നിയന്ത്രണങ്ങളെ മറി കടന്നു മുന്നോട്ടു പോയില്ല. രോഗബാധിതരാകുന്ന എല്ലാവർക്കും ആവശ്യമായ സംരക്ഷണവും ചികിത്സയും ഒരുക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തി നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ രോഗവ്യാപനത്തെ നിയന്ത്രിച്ചു. രണ്ടാം തരംഗത്തിൽ പലയിടങ്ങളിലുമുണ്ടായ ദുരന്ത സമാനമായ സാഹചര്യം ഇവിടെ ഉണ്ടാകാതെ പോയത് അതുകൊണ്ടാണ്.
രോഗബാധിതരുടെ വർദ്ധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വർദ്ധിച്ചില്ല. അതുകൊണ്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ നിലനിർത്തപ്പെട്ടു. അതിനൊരു മുഖ്യ കാരണം മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്താൻ സാധിച്ചതാണ്.
ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്‌സിൻ നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലഭിച്ച ഡോസുകൾ ഒട്ടും നഷ്ടപ്പെട്ടു പോകാതെ വിതരണം ചെയ്യാൻ സാധിക്കുന്നു. സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ലഭിച്ച ഡോസുകളേക്കാൾ കൂടുതൽ ഡോസുകൾ നൽകാനും നമുക്ക് കഴിയുന്നുണ്ട്. മരണമടഞ്ഞവരുടെ എണ്ണത്തിൽ സ്വാഭാവികമായ വർദ്ധനവുണ്ടായെങ്കിലും, രോഗികളുടെ എണ്ണത്തിൽ ഇത്ര വലിയ വർദ്ധനവുണ്ടായിട്ടും മരണ നിരക്കുയരാതെ പിടിച്ചു നിർത്താൻ കഴിഞ്ഞു. മരണമടഞ്ഞവരിൽ തന്നെ 95 ശതമാനത്തിലധികവും വാക്‌സിനേഷൻ ലഭിക്കാത്തവരായിരുന്നു.
സെപ്റ്റംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേർക്ക് (2,23,94,059) ഒരു ഡോസ് വാക്‌സിനും 30.16 ശതമാനം പേർക്ക് (86,55,858) രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.
ഡെൽറ്റാ വൈറസിനു വാക്‌സിൻ ഉയർത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതിൽ ഭയപ്പെടേണ്ടതില്ല. കാരണം വാക്‌സിൻ എടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങൾ ഉള്ളവർ മാത്രമാണ് വാക്‌സിൻ എടുത്തതിന് ശേഷം മരണമടഞ്ഞിട്ടുള്ളത്. അവർക്കിടയിൽ പോലും രോഗം ഗുരുതരമാക്കാതിരിക്കാൻ വാക്‌സിൻ സഹായകരമാണ്. അതിനാൽ വാക്‌സിൻ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാർജ്ജിക്കാൻ എല്ലാവരും തയ്യാറാകണം.
കോവിഡ് ബാധിച്ചവരിൽ 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മുന്നിൽ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെ കോവിഡാനന്തര രോഗങ്ങൾ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാൽ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണ്. ഇക്കാര്യത്തിൽ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും.
കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വാക്‌സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.
കോളേജ് വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്‌സിൻ എടുക്കാത്ത വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ആരും വാക്‌സിനെടുക്കാതെ മാറി നിൽക്കരുത്.
കോവിഡ് ഉയർത്തുന്ന ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. കോവിഡിനെതിരെയുള്ള എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് സുരക്ഷാകവചം തകരാതെ നോക്കിക്കൊണ്ട് വേണം നമുക്ക് മുന്നോട്ടു പോകാൻ. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാൻ കഴിയുകയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ