- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ ഒന്നിന് സ്കൂൾ തുറക്കുമല്ലോ എന്ന ചങ്കിടിപ്പ് കൂടുന്നു; സ്കൂൾ ബസിൽ ഒരുസീറ്റിൽ ഒരുകുട്ടി മാത്രം; ഓട്ടോയിൽ രണ്ടുപേർ; യാത്രാ നിരക്ക് ഉയരും; കെഎസ്ആർടിസി ബസ് ഓടിച്ചാലും സർവീസുകൾ ഫലപ്രദം ആകുമോ? പല രക്ഷിതാക്കളും ആശങ്കയിൽ
തിരുവനന്തപുരം: നവംബർ ഒന്നിന് കേരളത്തിലെ സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഗതാഗതമാർഗങ്ങളെ കുറിച്ചുള്ള ആശങ്കയിലാണ് രക്ഷകർത്താക്കൾ. പ്രൈമറി വിദ്യാർത്ഥികൾ ഇപ്പോൾ അധികവും പൊതു ഗതാഗതത്തെക്കാൾ സ്കൂൾ ബസ്, ജീപ്പ്, ഓട്ടോ റിക്ഷ എന്നീ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളികളിൽ എത്തുന്നത്.
സ്കൂൾ ബസ്, ഓട്ടോ റിക്ഷ , ജീപ്പ് എന്നിവയ്ക്ക് ഒരു മാസത്തെ ഫീസ് എന്ന നിലയിലാണ് രക്ഷിതാക്കൾ നൽകുന്നത്. 500 മുതൽ 2000 രൂപ വരെ ഒരു കുട്ടിയുടെ യാത്രക്കായി ചെലവഴിക്കേണ്ടി വരുന്നവർ ഉണ്ട്. ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് അവരുടെ വരുമാനത്തിന്റ നല്ലൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കേണ്ടി വരുന്നു.
ഇത്രയൊക്കെ ചെലവഴിച്ചാലും കുട്ടികൾക്ക് ബസ്സിലായാലും റിക്ഷയിലായാലും പലപ്പോഴും ഇരുന്ന് സഞ്ചരിക്കാൻ കഴിയാറില്ല. നിയമവും ചട്ടവും അവ നടപ്പിലാക്കേണ്ട പൊലീസും ഉണ്ടെങ്കിലും കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ കുട്ടികളെ അടുക്കി വച്ച് കൊണ്ടുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പ്രമുഖ സ്കൂളുകളുടെ ബസ്സിൽ പോലും വിദ്യാർത്ഥികൾ നിന്ന് യാത്ര ചെയ്യുന്നതു നിത്യകാഴ്ച്ചയാണ്. പല സ്കൂളുകളുടേയും ഗതാഗത കമ്മിറ്റികൾ നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. കഴിയുന്നത്ര പേരെ ഒരു വാഹനത്തിൽ കയറ്റിയില്ലെങ്കിൽ യാത്രക്കൂലി കൂട്ടേണ്ടി വരും എന്ന ഡ്രൈവർമാരുടെ മറുപടിക്ക് മുന്നിൽ നിശബ്ദരാകാനേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് സാധിക്കൂ.
നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ക്കൂൾ ബസിൽ ഒരു സീറ്റിൽ ഒരു കുട്ടി എന്നാണ് സർക്കാർ നിർദ്ദേശം. സ്വാഭാവികമായും സ്കൂൾ ട്രിപ്പ് ഓടുന്ന മറ്റ് ടാക്സി വാഹനങ്ങളിലും ഇതേ രീതിയായായിരിക്കും സ്വീകരിക്കേണ്ടി വരിക. പരമാവധി രണ്ടുപേരെ വരെ അനുവദിച്ചാലും പഴയ മട്ട് വിദ്യാർത്ഥികൾക്ക് വേണ്ടി വാഹനം ഓടിക്കാൻ കഴിയില്ല. വാഹനങ്ങളുടെ അംഗീകൃത നിരക്ക് തന്നെ നൽകേണ്ടി വരും. ഇത് 150 രൂപയോ അതിൽ കൂടുതലോ ആകാം. സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും പോകുന്നത് പരിഗണിക്കുമ്പോൾ തുക ഉയരും. വിദ്യാഭ്യാസത്തിനായി ഒരു വീട്ടിലെ വിദ്യാർത്ഥികൾ ഇരു ദിശയിലേക്ക് സഞ്ചരിക്കുന്നവർ ആണെങ്കിൽ ഒരു വീട്ടുകാർക്ക് രണ്ട് വാഹനത്തിന്റെ ചെലവ് കണ്ടെത്തേണ്ടി വരും.
കോവിഡ് കാലത്ത് സാമ്പത്തികമായി തകർന്ന സാധാരണക്കാർക്ക് ഈ നിരക്കിൽ പണം മുടക്കി കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ബാക്കി. 25 ശതമാനം പട്ടികജാതി പട്ടിക വർഗ കുട്ടികൾ ഉൾപ്പെടെ 80 ശതമാനവും പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന നിരവധി വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ട്. ഈ വിഭാഗങ്ങളിൽ ഉയർന്ന ഗതാഗത ചാർജ് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
കെഎസ്ആർടിസി വിദ്യാർത്ഥികളുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കും എന്ന് സർക്കാർ പറയുന്നെങ്കിലും അത് പ്രായോഗികമാണോ എന്ന ചോദ്യമാണ് രക്ഷകർത്താക്കൾ ഉയർത്തുന്നത്. വിദ്യാർത്ഥികളിൽ നല്ലൊരു പങ്ക് വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത ചെ
റു റോഡുകളിലൂടെ ചെറു വാഹനങ്ങളിലാണ് വിദ്യാലയങ്ങളിൽ എത്തുന്നത്. സ്കൂൾ ബസ്സ് ഉള്ള വിദ്യാലയങ്ങൾക്ക് സമീപം സ്കൂൾ വിടാൻ നേരത്തുള്ള ഓട്ടോ റിക്ഷകളുടെ ബാഹുല്യത്തിന് കാരണം ഇതാണ്. കെഎസ്ആർടിസി കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് സൗജന്യ നിരക്കിൽ വിദ്യാർത്ഥികളെ യാത്ര ചെയ്യാൻ അനുവദിക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല.
വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഒരുക്കാൻ ഉപകരണങ്ങൾ നൽകും എന്നും പറഞ്ഞ് കുട്ടികളുടെ ലിസ്റ്റ് വാങ്ങിയിട്ടും ഒരാൾക്ക് പോലും ഉപകരണങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുപോലെയാകുമോ സർക്കാർ നൽകുന്ന ഗതാഗത സൗകര്യവും എന്ന ആശങ്കയിലാണ് ഇപ്പോൾ രക്ഷിതാക്കൾ