നോയിഡ: സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാഹ വീഡിയോകൾ പലപ്പോഴും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വ്യത്യസ്തമായ ആചാരങ്ങളോ, ആഘോഷപരിപാടികളോ, ആഡംബരമോ എല്ലാമാകാം വിവാഹ വീഡിയോകളെ വൈറലാക്കുന്നത്. എന്നാൽ ആഡംബരത്തിന്റെ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വരന്റെയും വധുവിന്റെയും വീട്ടുകാർ പരസ്പരം കൈമാറുന്ന ആഡംബര സമ്മാനങ്ങളുടെ ലിസ്റ്റുകളാണ് ചർച്ചയിലെ പ്രധാനവിഷയം.

ഉത്തർപ്രദേശിലെ നോയിഡിൽ നടന്നൊരു വിവാഹ ചടങ്ങിലേതാണ് ദൃശ്യങ്ങൾ. ഈ വിവാഹത്തിൽ വധുവിന്റെ വീട്ടുകാർ വരന് നൽകുന്ന സമ്മാനങ്ങളുടെ ലിസ്റ്റ് ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. വൈറലായിരിക്കുന്ന വീഡിയോ ക്ലിപ്പിൽ തന്നെയാണ് വിവാഹ സമ്മാനങ്ങളുടെ പട്ടികയുമുള്ളത്.

രണ്ട് ലക്ഷ്വറി വാഹനങ്ങളാണ് വരന് സമ്മാനമായി നൽകുന്നത്. മെഴ്‌സിഡസ് ഇ ക്ലാസ്, ടൊയോട്ട ഫോർച്യൂണർ എന്നീ വാഹനങ്ങളാണ് നൽകുന്നത്. ഇതിന് പുറമെ ഏഴ് കിലോ വെള്ളി, 1.25 കിലോയിലധികം സ്വർണം എല്ലാം സമ്മാനമായി നൽകുന്നുണ്ട്. ഇതിന് പുറമെ വീട്ടുസാധനങ്ങളും മറ്റും വേറെയും.

വരന്റെ വീട്ടുകാരും വിട്ടുകൊടുക്കുന്നില്ല. ഒരു കോടിയിലധിക രൂപ സമ്മാനം അവരും പ്രഖ്യാപിച്ചുവത്രേ. എന്തായാലും ആഡംബര വിവാഹത്തിന്റെ വീഡിയോകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇത് സ്ത്രീധനമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. ഇത്രയും ആഡംബരത്തോടെ വിവാഹം നടത്തുന്നത് ദരിദ്രരായ മനുഷ്യരെ വീണ്ടും അപമാനിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ് എന്നെല്ലാം വിമർശനങ്ങൾ ഉയരുന്നുണ്ട്.

പലരും ഈ വിവാഹത്തിൽ പൊലീസ് കേസെടുക്കണം എന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇതൊക്കെ അവരുടെ താൽപര്യമാണ്, അവരുടെ സൗകര്യം അനുസരിച്ച് അവർ മക്കൾക്ക് സമ്മാനങ്ങൾ നൽകട്ടെ എന്ന് വാദിക്കുന്നവരുമുണ്ട്.