മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച മകന്‍ സയ്യിദ് അഹ്‌മദ് തഖിയുദ്ധീന്‍ അല്‍ ബുഖാരിയെ അനുസ്മരിച്ച് സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. മസ്തിഷ്‌ക തളര്‍വാതവുമായി (സെറിബ്രല്‍ പാള്‍സി) ജനിച്ച മകന്‍ തഖിയു ഒപ്പമില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ വേര്‍പാടിന്റെ വേദന ആഴമേറിയതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

തഖിയുവിനോടൊപ്പം തന്റെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങള്‍ കൂടി വന്നതായും അദ്ദേഹം പറയുന്നു. ഇക്കാര്യം ക്ലാസുകളിലും പ്രസംഗങ്ങളിലുമൊക്കെ എപ്പോഴും സൂചിപ്പിക്കാറുണ്ടെന്നും ഇത്തരം കുട്ടികളുള്ള രക്ഷിതാക്കള്‍ പരാതിയും പരിഭവവുമായി സമീപിക്കുമ്പോള്‍ തഖിയുവിനെ കുറിച്ച് അവര്‍ക്ക് മുമ്പില്‍ ഉദാഹരിക്കാറുണ്ടെന്നും ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു.

'സെറിബ്രല്‍ പാള്‍സി തിരിച്ചറിഞ്ഞതിനു ശേഷവും പരമാവധി എല്ലാ പരിപാടികളിലും അവരെ മുന്നില്‍ തന്നെ ഇരുത്തുമായിരുന്നു. എന്റെ കാറിനോട് സാമ്യമുളള വാഹനം റോഡിലൂടെ പോവുകയാണെങ്കില്‍ ഞാനാണെന്ന് കരുതി തഖിയു ഗേറ്റിനടുത്തേക്ക് ഓടിയെത്തും. ഞാനാണെങ്കില്‍ മിക്കവാറും അവര്‍ തന്നെയാണ് ഗേറ്റ് തുറക്കുക. വീട്ടിലുള്ള ചില ദിവസങ്ങളില്‍ ഞാനും ബീവിയും കുട്ടികളും പേരമക്കളും ഒന്നിച്ചിരിക്കും. തഖിയുവിനെയാണ് അധ്യക്ഷനാക്കുക. അത് അവര്‍ വല്ലാതെ ആസ്വദിക്കുകയും ചെയ്തിരുന്നു', ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം:
ഇനി തഖിയു (സയ്യിദ് അഹ്‌മദ് തഖിയുദ്ധീന്‍ അല്‍ ബുഖാരി) ഇല്ല, അപ്രതീക്ഷിതമായിരുന്നു അവരുടെ വേര്‍പാട്. അല്ലാഹുവിന്റെ അലംഘനീയമായ വിധിയെ നാം ക്ഷമയോടെ സ്വീകരിക്കണമല്ലോ.

മസ്തിഷ്‌ക തളര്‍വാതവുമായാണ് ( സെറിബ്രല്‍ പാള്‍സി) തഖിയു ജനിക്കുന്നത്. അതിന്റെ തീവ്ര വകഭേദങ്ങളിലൊന്ന്. ഏതാനും വര്‍ഷമായി ആരോഗ്യം ക്ഷയിച്ചു വരുന്നതായി ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇടയ്ക്ക് ഗുരുതരമാകുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകും. ബുധനാഴ്ചയും അത്തരത്തിലാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ, 34ാം വയസ്സില്‍ എല്ലാവരെയും തനിച്ചാക്കി തഖിയു പോയി.

തഖിയു ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ വേര്‍പാടിന്റെ വേദന ആഴമേറിയതുമാണ്. എന്റെ രണ്ടാമത്തെ കുട്ടിയായി, ആദ്യത്തെ ആണ്‍തരിയായി തഖിയു ജനിക്കുമ്പോള്‍ അസാധാരണമായൊന്നും തോന്നിയിരുന്നില്ല. പക്ഷെ, വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ തന്നെ സെറിബ്രല്‍ പാള്‍സി തിരിച്ചറിഞ്ഞു. അവരെക്കൂടി പരിഗണിച്ചാണ് വീട്ടു വളപ്പില്‍ പ്രത്യേക സ്ഥലം മാറ്റിവെച്ച് ഹോപ്ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയത്. ഇന്ന് വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാര്‍ക്ക് പ്രതീക്ഷയാണ് ഈ തീരം.

തഖിയുവിനോടൊപ്പം എന്റെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങള്‍ കൂടി വന്നു. ഇക്കാര്യം ഞാന്‍ ക്ലാസുകളിലും പ്രസംഗങ്ങളിലുമൊക്കെ എപ്പോഴും സൂചിപ്പിക്കാറുണ്ട്. ഇത്തരം കുട്ടികളുള്ള രക്ഷിതാക്കള്‍ പരാതിയും പരിഭവവുമായി എന്നെ സമീപിക്കുമ്പോള്‍ എന്റെ തഖിയുവിനെ കുറിച്ച് ഞാന്‍ അവര്‍ക്ക് മുമ്പില്‍ ഉദാഹരിക്കാറുമുണ്ട്.

1987ല്‍ ഉപ്പയുടെ അപ്രതീക്ഷിത വേര്‍പ്പാട് ഞങ്ങളുടെ കുടുംബത്തെ ചെറുതായൊന്നുമല്ല തളര്‍ത്തിയത്. ഞെരുക്കങ്ങളുടെ കാലമായിരുന്നു അത്. ഉപ്പയായിരുന്നു അതുവരെ കുടുംബത്തിന്റെ അത്താണി. ഒരല്ലലും അലട്ടലും ഉപ്പയും ഉമ്മയും ഞങ്ങളെ അറിയിച്ചിട്ടില്ല. ഒരു ദിവസത്തെ വീട്ടാവശ്യത്തിന് മാത്രം നൂറു രൂപയിലധികം അന്ന് ഉപ്പ ചിലവഴിച്ചിരുന്നു.

ഉപ്പ മരിക്കുമ്പോള്‍ ഞാന്‍ കോണോംപാറ മസ്ജിദുന്നൂറില്‍ സേവനം ചെയ്യുകയാണ്. അന്ന് ഞാനെടുത്ത തീരുമാനമാണ് 'റബ്ബേ, ഉപ്പാക്ക് ജീവിച്ചിരിക്കുന്ന ഒമ്പത് മക്കളുണ്ട്. അതില്‍ രണ്ട് പേരേ വിവാഹിതരായിട്ടുള്ളു. ഏറ്റവും ചെറിയ പെങ്ങള്‍ ബരീറക്ക് രണ്ടു വയസ്സാണ് പ്രായം. ബാക്കിയുള്ളവരെല്ലാം നേരിയ പ്രായവ്യത്യാസമുള്ളവരാണ്. എല്ലാവരും യതീമുകളാണ്. എന്റെ ഉപ്പ എന്നെ നന്നായി നോക്കിയിട്ടുണ്ട്. ഇനി എന്റെ താഴെയുള്ള ഈ മക്കളെ ഉപ്പ എന്നെ നോക്കിയത് പോലെയോ അതിലുപരിയോ ആയി നോക്കല്‍ എന്റെ ഉത്തരവാദിത്വമാണ്. അതില്‍ ഞാനൊരു വീഴ്ചയും വരുത്തില്ല. യതീമുകളെ സംരക്ഷിച്ച പ്രതിഫലം നീ എനിക്ക് നല്‍കണേ' എന്നത്.

എന്റെ വിവാഹം നിശ്ചയിച്ച ഉടനെയാണ് ഉപ്പയുടെ മരണം. വിവാഹത്തോടനുബന്ധിച്ച് വീടിന്റെ പുനരുദ്ധാരണം നടന്നു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഒരുപാട് ഒരുക്കങ്ങള്‍ക്കും ചെലവുകള്‍ വരുന്ന പ്രതിസന്ധികള്‍ക്കുമിടയിലാണ് ഉപ്പ പെട്ടെന്ന് ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നത്.

ഉപ്പാക്ക് പണവും മറ്റു രേഖകളും സൂക്ഷിക്കുന്ന പെട്ടിയുണ്ടായിരുന്നു. എന്റെ കല്ല്യാണവും വീടുപണിയുമൊക്കെ നടക്കുന്നതിനാല്‍ അതിനു മാറ്റിവെച്ച പണം പെട്ടിയിലുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അതിലാകെ ഉണ്ടായിരുന്നത് 800 രൂപയാണ്. ഇതിന് പുറമെ, വീട് പണിയുടെ കടബാധ്യത ഇരുപതിനായിരം രൂപയെന്ന് ഉപ്പ രേഖപ്പെടുത്തിയതില്‍ നിന്നും മനസ്സിലായി.

പറക്കമുറ്റാത്ത നാലുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബമുള്ള ഇക്കാക്കക്ക് അന്ന് 750 രൂപയാണ് ശമ്പളം. ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതനാകന്‍ പോകുന്ന എനിക്ക് 450 രൂപയും. ഇക്കാക്കക്ക് അവരുടെ കുടുംബം പുലര്‍ത്താന്‍ തന്നെ കിട്ടുന്നത് മതിയാവാറില്ല. പിന്നെ ഞാനാണുള്ളത്. അന്ന് വീടിന്റെ വടക്ക്പടിഞ്ഞാറെ മൂലയിലെ ബദാം മരത്തിന്റെ ചുവട്ടിലേക്ക് ആരും കാണാതെ ഇക്കാക്കായെ വിളിച്ച് ഞാന്‍ പറഞ്ഞത് മറക്കാത്ത ഓര്‍മയാണ്: ഇക്കാക്കാ, 450 രൂപയാണ് എന്റെ മാസ ശമ്പളം. ഞാന്‍ വിവാഹിതനാവാന്‍ പോകുകയാണ്. എന്റെയും ഭാര്യയുടെയും ഒരുമാസത്തെ മുഴുവന്‍ ചിലവുകളും ഞാന്‍ അമ്പത് രൂപക്കുള്ളില്‍ ഒതുക്കാം. അങ്ങനെയെങ്കില്‍ ആഴ്ചയില്‍ നൂറു രൂപ എന്ന നിലക്ക് എനിക്ക് ഉമ്മാക്ക് കൊടുക്കാന്‍ സാധിക്കും.

ഉടനെ ഇക്കാക്കയുടെ മറുപടി വന്നു: ബാവാ, നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ നമ്മളത് ഉമ്മാക്ക് കൊടുക്കണം. എന്നാല്‍ അതില്ലെങ്കില്‍ പട്ടിണി കിടക്കണം. എന്തുവന്നാലും നമ്മള്‍ ഇത്തരം പ്രതിസന്ധിയിലാണെന്ന കാര്യം പുറത്ത് ഒരു കുട്ടിപോലും അറിയരുത്.

ഇതൊക്കെ പറഞ്ഞത് ഉപ്പയുടെ വേര്‍പ്പാടിന് ശേഷമുളള മൂന്ന് വര്‍ഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്ന് സൂചിപ്പിക്കാനാണ്. അതിനിടയിലേക്കാണ് ഞങ്ങളുടെ തഖിയു കൂടെ വരുന്നത്.

1990 ലായിരുന്നു എന്റെ ആദ്യ ഹജ്ജ്. കല്ലറക്കല്‍ ഇമ്പിച്ചി കോയട്ടി ഹാജി എല്ലാവര്‍ഷവും ഹജ്ജിന് പോകുന്ന ആളാണ്. ഹജ്ജ് വേളയില്‍ അനുഷ്ഠാനങ്ങള്‍ നിര്‍വൃതിയോടെ നിര്‍വ്വഹിക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നിരുന്നു. ഇബ്റാഹീം മഖാമിന്റ പിറകില്‍ നിസ്‌കരിക്കാനും ഹജറുല്‍ അസ്വദ് ചുംബിക്കാനുമെല്ലാമുള്ള എളുപ്പമാര്‍ഗമായിരുന്നു അത്. മിക്ക ദിവസങ്ങളിലും അഞ്ചു നേരം നിസ്‌കാരത്തിനും ഞാന്‍ ഇബ്രാഹീം മഖാമിനു പിന്നിലെത്തും. അവിടെ മതിവരുവോളം സുജൂദില്‍ വീഴും, കരഞ്ഞു ദുആ ചെയ്യും.

അന്നത്തെ എന്റെ പ്രധാന പ്രാര്‍ത്ഥനയായിരുന്നു 'ആഖിറത്തിലേക്ക് ഉപകരിക്കുന്ന മക്കളെ നീ എനിക്ക് തരണേ' എന്നത്. ആ പ്രാര്‍ത്ഥനയുടെ ആദ്യ ഉത്തരം കൂടെയാണ് എന്റെ തഖിയു. സന്തോഷത്തോടെയാണ് അവരെ ഞങ്ങള്‍ വരവേറ്റത്. മറ്റൊരാര്‍ത്ഥത്തില്‍, ഒരുപാട് സന്തോഷങ്ങളുമായാണ് അവര്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് കയറിവന്നത്.

സെറിബ്രല്‍ പാള്‍സി തിരിച്ചറിഞ്ഞതിനു ശേഷവും പരമാവധി എല്ലാ പരിപാടികളിലും അവരെ മുന്നില്‍ തന്നെ ഇരുത്തുമായിരുന്നു. എന്റെ കാറിനോട് സാമ്യമുളള വാഹനം റോഡിലൂടെ പോവുകയാണെങ്കില്‍ ഞാനാണെന്ന് കരുതി തഖിയു ഗേറ്റിനടുത്തേക്ക് ഓടിയെത്തും. ഞാനാണെങ്കില്‍ മിക്കവാറും അവര്‍ തന്നെയാണ് ഗേറ്റ് തുറക്കുക. വീട്ടിലുള്ള ചില ദിവസങ്ങളില്‍ ഞാനും ബീവിയും കുട്ടികളും പേരമക്കളും ഒന്നിച്ചിരിക്കും. തഖിയുവിനെയാണ് അധ്യക്ഷനാക്കുക. അത് അവര്‍ വല്ലാതെ ആസ്വദിക്കുകയും ചെയ്തിരുന്നു.

നാളെ സ്വര്‍ഗീയ സന്തോഷത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാനാണ് തഖിയു നേരത്തെ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നു. അല്ലാഹുവേ... നീയാണ് അനുഗ്രഹങ്ങള്‍ നല്‍കുന്നവന്‍, അവ തിരിച്ചെടുക്കുന്നവനും. നിന്റെ തീരുമാനങ്ങളില്‍ അങ്ങേയറ്റം ക്ഷമിക്കുന്നവരിലും ആ ക്ഷമയുടെ പുണ്യങ്ങള്‍ ഇരു ലോകത്തും ലഭിക്കുന്നവരിലും ഞങ്ങളെ ഉള്‍പ്പെടുത്തണേ - ആമീന്‍.