സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇന്ന് ഒരു പഞ്ഞവുമില്ല. തട്ടിപ്പുകാരുടെ ഒരു രീതിയെക്കുറിച്ച് മനസിലാക്കി വരുമ്പോള്‍ അടുത്ത തട്ടിപ്പുമായി അവര്‍ കളത്തിലിറങ്ങും. അതില്‍ പെട്ടു പോകുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോള്‍ അത്തരക്കാര്‍ നോട്ടമിട്ടിരിക്കുന്നത് ആപ്പിള്‍ ഉപഭോക്താക്കളെയാണ്. അതിനാല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ അത്തരം തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നതാണ് മുന്നറിയിപ്പ്. ആപ്പിള്‍ കമ്പനിയുടേത് എന്ന വ്യാജേന ഒരു ഇമെയില്‍ അയക്കുന്നത് തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ ഐഫോണ്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു, അതിനാല്‍ അക്കൗണ്ട് തിരികെ ലഭിക്കാന്‍ നല്‍കുന്ന നിര്‍ദ്ദേശ പ്രകാരം ചെയ്യുക എന്നതാണ് ഇമെയിലിന്റെ ഉള്ളടക്കം.

ഇതിനായി ഇമെയിലിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ വിവരങ്ങളും ലോഗിന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കുന്നതിനായി മറ്റൊരു പേജിലേക്ക് എത്തും. ഇതോടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന യുസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ തട്ടിപ്പുകാരുടെ കൈകളിലേക്ക് എത്തും. കൂടുതല്‍ വിശ്വാസ്യതക്കായി തട്ടിപ്പുകാര്‍ അക്കൗണ്ട് നിങ്ങളുടേതെന്ന് സ്ഥിരീകരിക്കുന്നതിന് 24 മണിക്കൂര്‍ മാത്രമേ സമയം ഉണ്ടാവുകയുള്ളു എന്നും, അതിനുള്ളില്‍ ചെയ്തില്ലെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് നഷ്ടമാകും എന്നും വിശ്വസിപ്പിക്കും. ഈ സന്ദേശം വിശ്വസിച്ച് അതേ രീതിയില്‍ എല്ലാം ചെയ്താല്‍ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലേക്ക് എത്തുകയും അക്കൗണ്ട് കാലിയാകുകയും ചെയ്യും.

ആപ്പിളിന്റേത് എന്ന തോന്നിപ്പുക്കും വിധത്തിലുള്ള സന്ദേശം തന്നെയാണ് തട്ടിപ്പുകാര്‍ അയക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ വെല്ലുവിളി. എന്നാല്‍ തട്ടിപ്പെന്ന് തോന്നിപ്പിക്കുന്ന ചില സൂചനകള്‍ ഈ സന്ദേശത്തിലുണ്ട്. ശരിയായ രീതിയിലല്ലാത്ത ഭാഷാപ്രയോഗം, കൃത്യമല്ലാത്ത ചിഹ്നങ്ങളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഐക്ലൗഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സമാനമായി മറ്റൊരു തട്ടിപ്പ് നടക്കുന്നുണ്ട്. അതും ഐക്ലൗഡ് അക്കൗണ്ടിന് പ്രശ്നമുണ്ടെന്ന് വ്യക്തമാക്കുന്ന ഇമെയില്‍, അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജോ ആണ് തട്ടിപ്പുകാര്‍ അയക്കുന്നത്.

ചിത്രങ്ങളും, സന്ദേശങ്ങളും, മറ്റ് വിവരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ഒരു സ്റ്റോറേജ് സംവിധാനം തന്നെയാണ് ഐക്ലൗഡ്. ഉദാഹരണത്തിന് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ ഡ്രൈവിന്റെ ഉപയോഗം പോലെ. ഐക്ലൗഡ് സ്റ്റോറേജ് പരിധി കവിഞ്ഞു. അപഗ്രേഡ് ചെയ്യുന്നതിനായി നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ചെയ്താല്‍ സമാനമായി രീതിയില്‍ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുകയും നിയന്ത്രണം അവരുടെ കൈവശമാക്കുകയും ചെയ്യും.

തട്ടിപ്പിനെതിരെ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആപ്പിള്‍ ഒരു ഘട്ടത്തില്‍ പോലും ഏതെങ്കിലം വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ, യൂസര്‍നെയിമോ, പാസ് വേഡോ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കാനോ ആവശ്യപ്പെടുന്നില്ലായെന്ന് ആപ്പിള്‍ തങ്ങളുടെ വെബ്സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനി അഥവാ എപ്പോഴെങ്കിലും ഐഫോണ്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.