സനോജ് തെക്കെക്കര

പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കിയ ഉപയോക്താക്കള്‍ പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളെ ഏറെ ആശങ്കയോടെയാണ് സമീപിക്കുന്നത്. സ്‌ക്രീനില്‍ വരകള്‍ വീഴുമോ എന്ന ഭയം കാരണം പലരും പുതിയ അപ്ഡേറ്റുകള്‍ പോലും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര പ്രശസ്തമായ ബ്രാന്‍ഡുകള്‍ക്ക് പോലും ഈ സാങ്കേതിക പ്രശ്നത്തിന് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കാത്തത് പ്രീമിയം മൊബൈല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രതിസന്ധിയുടെ മൂല കാരണം:

ഈ സാങ്കേതിക പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം മൊബൈല്‍ ഡിസ്പ്ലേ സാങ്കേതികവിദ്യയുടെ ആഗോള കുത്തകയാണ്. നിലവില്‍, സാംസങ്, BOE ടെക്‌നോളജി, എല്‍ജി തുടങ്ങിയ മൂന്ന് ആഗോള കമ്പനികളാണ് മൊബൈല്‍ ഡിസ്പ്ലേ വിപണിയുടെ 75 ശതമാനത്തിലധികം കൈയടക്കി വെച്ചിരിക്കുന്നത്. പ്രധാനമായും AMOLED (Active Matrix Organic Light Emitting Diode) ഡിസ്പ്ലേകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ഈ 'വര വീഴല്‍' പ്രതിഭാസം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന AMOLED സ്‌ക്രീനുകള്‍, ഡിസ്പ്ലേയുടെ വില കുറഞ്ഞതോടെ ബഡ്ജറ്റ് സെഗ്മെന്റുകളിലേക്കും വ്യാപിച്ചു.

പ്രത്യേകിച്ച് സാംസങ്, വണ്‍പ്ലസ് ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍, ഐഫോണ്‍ 15 വരെയുള്ള മോഡലുകള്‍ എന്നിവയിലാണ് ഇത്തരം ഡിസ്പ്ലേ പ്രശ്നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

OLED-യുടെ ഘടനാപരമായ പരിമിതികള്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഈര്‍പ്പം (Humidity), താപനില (Temperature) തുടങ്ങിയ ഘടകങ്ങള്‍ OLED ഡിസ്പ്ലേയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. മികച്ച സാങ്കേതികവിദ്യകളിലൂടെ 'ബേണ്‍ ഇന്‍' പോലുള്ള മുന്‍കാല പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട ശേഷമാണ് OLED ഡിസ്പ്ലേകള്‍ മൊബൈല്‍ ഫോണുകളില്‍ വ്യാപകമായത്. എന്നിരുന്നാലും, സാങ്കേതികപരമായ പരിമിതികളും ഘടനാപരമായ സങ്കീര്‍ണ്ണതകളും ഇത്തരം ഡിസ്പ്ലേകളില്‍ ചെറിയ തോതിലെങ്കിലും പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ ഈ പ്രശ്നങ്ങള്‍ പെട്ടെന്ന് രൂക്ഷമാകാം.




'വര' വീഴുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍

ഒരേ മോഡലിലെ വിവിധ ഫോണുകളില്‍ വ്യത്യസ്തമാണ് എന്നതിലാണ് കമ്പനികള്‍ക്ക് ആശയക്കുഴപ്പമുള്ളത്. കമ്പനികളുടെ പഠനങ്ങള്‍ അനുസരിച്ച്, ഇതിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

ഡിസ്പ്ലേയെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന ഫ്‌ലെക്‌സ് കേബിളുകള്‍, കണക്റ്ററുകള്‍ എന്നിവയിലെ തകരാറുകള്‍.

ഡിസ്പ്ലേ എലമെന്റുകളെ നിയന്ത്രിക്കുന്ന ഡ്രൈവര്‍ ചിപ്പുകളിലെയും മൈക്രോ സോള്‍ഡേര്‍ഡ് ജോയിന്റുകളിലെയും തകരാറുകള്‍.

അമിത ചൂടാകല്‍, ഡിസ്പ്ലേയുടെ പഴക്കം, വീഴ്ച/അമിത മര്‍ദ്ദം, ജലാംശത്തിന്റെ സാന്നിധ്യം എന്നിവയെല്ലാം ഡിസ്പ്ലേ തകരാറിലാക്കാം.

ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പ്രത്യേകിച്ച് സാംസങ്, വണ്‍പ്ലസ്, ഐഫോണ്‍ 15 വരെയുള്ള മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 'വര വീഴല്‍' സാധ്യത കുറയ്ക്കുന്നതിനായി ശ്രദ്ധിക്കാവുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാണ്,

ശരിയായ താപനില ഉറപ്പാക്കുക: സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്, ഗെയിമിംഗ് പോലുള്ള 'ഹാര്‍ഡ്വെയര്‍ ഇന്റന്‍സീവ്' പ്രവര്‍ത്തനങ്ങള്‍ ഫോണ്‍ തണുത്തിരിക്കുന്ന സമയത്ത് (എ.സി. റൂമിലോ, ഫാനിന് മുന്നിലോ) മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക.

മുന്‍കരുതലെടുക്കുക: സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അല്ലാത്ത അപ്ഗ്രേഡുകള്‍ ചെയ്യുന്നതിന് മുന്‍പ്, നിങ്ങളുടെ മോഡലില്‍ ഈ അപ്ഡേറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഒരു ഗൂഗിള്‍ സെര്‍ച്ച് വഴി മനസ്സിലാക്കുക.

ചാര്‍ജിംഗ് ശ്രദ്ധിക്കുക: ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ശേഷം മാത്രം അപ്ഡേറ്റ് ചെയ്യുക. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്.

സംരക്ഷണം: കവറും സ്‌ക്രീന്‍ പ്രൊട്ടക്റ്ററും ഉപയോഗിച്ച് ഫോണിനെ മെക്കാനിക്കല്‍ ഡാമേജുകളില്‍ നിന്നും മറ്റ് ആഘാതങ്ങളില്‍ നിന്നും പരമാവധി സംരക്ഷിക്കുക.

വാറന്റി: പ്രീമിയം ഫോണുകള്‍ വാങ്ങുമ്പോള്‍ സാധിക്കുമെങ്കില്‍ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍/ഇന്‍ഷുറന്‍സ് കൂടി എടുക്കാന്‍ ശ്രമിക്കുക.




നിങ്ങളുടെ പ്രതികരണം:

സൗജന്യ സര്‍വീസ് നിഷേധിക്കുന്ന കമ്പനികളുടെ നിലപാടുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ടാഗ് ചെയ്തുകൊണ്ട് പ്രതികരിക്കുകയും കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്യുക.

(18 വര്‍ഷത്തിലധികമായി IT / ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയില്‍ വിദഗ്ദനാണ് ലേഖകന്‍.)