ശ്രീഹരിക്കോട്ട: യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 ഉപഗ്രഹങ്ങളുമായി പി എസ് എല്‍ വി (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സി 59 റോക്കറ്റ് ഐ എസ് ആര്‍ ഒ വിക്ഷേപിച്ചു. രണ്ടുഉപഗ്രഹങ്ങള്‍ അടങ്ങിയതാണ് ഗവേഷണ ദൗത്യം. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ഉപഗ്രഹത്തില്‍ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നത്തെ വിക്ഷേപണം മാറ്റിയിരുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച്(കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ-3.

യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇ.എസ്.എ.) നടത്തുന്ന ഇന്‍ ഓര്‍ബിറ്റ് ഡെമോണ്‍സ്ട്രേഷന്‍ (ഐ.ഒ.ഡി.) ദൗത്യമാണിത്. 2001-ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യവിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.

രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ-3. ഒക്യുല്‍റ്റര്‍ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയാണ് ഉപഗ്രഹങ്ങള്‍. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ടുവര്‍ഷമാണ് കാലാവധി. ഭൂമിയില്‍നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക. ഐ.എസ്.ആര്‍.ഒ. 2001-ല്‍ വിക്ഷേപിച്ച പ്രോബ-1, 2009-ല്‍ വിക്ഷേപിച്ച പ്രോബ-2 എന്നിവയുടെ തുടര്‍ദൗത്യമാണ് പ്രോബ-3.