രു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളുമായി അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ. 2024 വൈ.ആര്‍.ഫോര്‍ എന്ന് പേരിട്ടിട്ടുള്ള ഛിന്നഗ്രഹം 2032 ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാന നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇതിനായി നാല്‍പ്പത്തിമൂന്നില്‍ ഒരു സാധ്യതയാണ് അവര്‍ കാണുന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നതിനായി ജെയിംസ്് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിക്കാന്‍ വാനനിരീക്ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.

ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ എന്തൊക്കെ നാശനഷ്ടങ്ങളാകും സംഭവിക്കുക എന്ന് മനസിലാക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഈ അതിനനൂതനമായ ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ വലിപ്പം മനസിലാക്കാനും തുടര്‍ന്നുള്ള അന്തിമകണക്കുകൂട്ടലുകളും നടത്താന്‍ കഴിയും. ഇതിന്റെ ഭ്രമണപഥം കണ്ടു പിടിക്കാനും ഈ ഉപകരണം സഹായിക്കും. ഈ ഛിന്നഗ്രഹത്തിന് 90 മീറ്റര്‍ വലിപ്പമുണ്ടെന്നാണ് ഇപ്പോഴുള്ള പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്.

ന്യൂയോര്‍്ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടേയോ ലണ്ടനിലെ ബിഗ് ബെന്നിന്റെയോ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം എന്നാണ് കരുതപ്പെടുന്നത്. സൈബിരിയയില്‍ 1908 ല്‍ തകര്‍ന്നു വീണ തുങ്കുസ്‌ക എന്ന ഛിന്നഗ്രഹം 2150 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂപ്രദേശമാണ് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വൈ.ആര്‍ ഫോര്‍ എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മങ്ങാന്‍ തുടങ്ങും.

2028 ല്‍ മാത്രമാണ് ഇതിനെ വീണ്ടും വീക്ഷിക്കാന്‍ കഴിയുക. അതു വരെ ഈ ഛിന്നഗ്രഹം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അപകട സാധ്യതാ പട്ടികയില്‍ തുടരുമെന്നാണ് സൂചന. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ പറയുന്നത് 2024 വൈ.ആര്‍.ഫോര്‍ ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കില്‍ അതിന്റെ തീവ്രത ഹിരോഷിമയില്‍ നടത്തിയ അണുബോംബ് സ്ഫോടനത്തേക്കാളും 100 ഇരട്ടി ശക്തമായിരിക്കും എന്നാണ്. ജെയിംസ് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളുടെ ഫലം അടുത്ത മാസമാണ് പുറത്തു വരുന്നത്. ഛിന്നഗ്രഹം ഏറ്റവും തിളക്കത്തോടെ കാണപ്പെടുന്ന സമയത്തെ ചിത്രങ്ങളായിരിക്കും അവ.