ന്യുയോര്‍ക്ക്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചന്ദ്രനില്‍ ഒരു സമ്പൂര്‍ണ ഗ്രാമം സ്ഥാപിക്കും. നാസയുടെ മേധാവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രോപരിതലത്തില്‍ സുസ്ഥിരവും സ്ഥിരവുമായ ഒരു ഗ്രാമം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ഷോണ്‍ ഡഫി വ്യക്തമാക്കി. സിഡ്‌നിയില്‍ നടന്ന ഇന്റര്‍നാഷണല്‍ എയറോനോട്ടിക്കല്‍ കോണ്‍ഗ്രസിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

'ചന്ദ്രനില്‍ മനുഷ്യജീവിതം നിലനിര്‍ത്താന്‍ നമുക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ ഷോണ്‍ ഡഫി ചന്ദ്രനില്‍ വെറുമൊരു ഔട്ട്‌പോസ്റ്റ് അല്ല ഒരു ഗ്രാമം തന്നെയാണ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത് എന്ന് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തന്നെ, നാസ ആര്‍ട്ടെമിസ് ടൂ ദൗത്യം ആരംഭിക്കുകയും 50 വര്‍ഷത്തിനിടയിലെ ആദ്യത്തെ ചാന്ദ്ര യാത്രയില്‍ നാല് ബഹിരാകാശയാത്രികരെ അയയ്ക്കുകയും ചെയ്യും. ആര്‍ട്ടെമിസ് ടൂ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങില്ലെങ്കിലും, നാസയുടെ ആത്യന്തിക ലക്ഷ്യം ചന്ദ്രനില്‍ ഒരു ദീര്‍ഘകാല താവളം സ്ഥാപിക്കുക എന്നതാണ്.

ഈ താവളം ആണവോര്‍ജ്ജം കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുക. ബഹിരാകാശയാത്രികരെ സ്ഥിരമായി പാര്‍പ്പിക്കാന്‍ കഴിവുള്ളതും, ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതുമായിരിക്കും ഈ സംവിധാനം. ഈ വര്‍ഷത്തെ ഐ.എ.സി സമ്മേളനത്തിന്റെ പ്രമേയം സുസ്ഥിര ബഹിരാകാശം: പ്രതിരോധശേഷിയുള്ള ഭൂമി എന്നതായിരുന്നു. യൂറോപ്യന്‍, കനേഡിയന്‍, ജാപ്പനീസ് ബഹിരാകാശ ഏജന്‍സികളുടെ തലവന്മാര്‍ അവരുടെ ഉപഗ്രഹങ്ങള്‍ കാലാവസ്ഥാ ഗവേഷണത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് സംസാരിച്ചപ്പോള്‍, നാസ ബഹിരാകാശ പര്യവേഷണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ചന്ദ്രനെക്കുറിച്ചുള്ള തന്റെ പദ്ധതികള്‍ വെളിപ്പെടുത്തുന്നതിനു പുറമേ, ചൊവ്വയെക്കുറിച്ചുള്ള അമേരിക്കയുടെ ഭാവി പരിപാടികളെ കുറിച്ചും ഡഫി അവകാശവാദങ്ങള്‍ ഉന്നയിച്ചു.

ഒരു ദശാബ്ദത്തിനുള്ളില്‍ നാസയുടെ വിജയം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് തങ്ങള്‍ ചൊവ്വയിലെത്താനുള്ള ദൗത്യത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് ഡഫി പറഞ്ഞു. ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് അമേരിക്ക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 1972 ല്‍ അപ്പോളോ ദൗത്യങ്ങള്‍ അവസാനിച്ചതിനുശേഷം ആദ്യമായി മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുക എന്നതാണ് നാസ അടിയന്തര പ്രാധാന്യത്തോടെ കാണുന്നത്. അടുത്ത ഫെബ്രുവരിയില്‍ ആര്‍ട്ടെമിസ് ടൂ ദൗത്യത്തിനിടെ, മനുഷ്യരെ ചന്ദ്രനിലേക്ക് കൊണ്ടുപോകും. പത്ത് ദിവസത്തിനുള്ളില്‍, സംഘം ചന്ദ്രനെ മറികടന്ന് 9200 കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ്, ഓണ്‍ബോര്‍ഡ് സംവിധാനങ്ങള്‍ പരീക്ഷിക്കുകയും അവയുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

എന്നാല്‍ നാസയ്ക്ക് വേണ്ടിയുള്ള വലിയ പരീക്ഷണം 2027 മധ്യത്തില്‍ ആര്‍ട്ടെമിസ് ത്രീയുടെ വിക്ഷേപണത്തിലൂടെ നടക്കും. ഇതിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഒരു സ്ഥലത്ത് രണ്ട് ബഹിരാകാശയാത്രികരെ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ചന്ദ്രോപരിതലത്തില്‍ 22 മണിക്കൂര്‍ വരെ ചെലവഴിച്ച അപ്പോളോ ദൗത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ട്ടെമിസ് ത്രീയിലെ ബഹിരാകാശയാത്രികര്‍ ഏകദേശം ഏഴ് ദിവസം ചന്ദ്രനില്‍ താമസിക്കും. ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ഭൂമിശാസ്ത്രത്തെയും അവസ്ഥകളെയും കുറിച്ച് അവര്‍ ശേഖരിക്കുന്ന ഡാറ്റയെല്ലാം ചന്ദ്രനില്‍ സ്ഥിരമായ ഒരു അടിത്തറ നിര്‍മ്മിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിനായി ഉപയോഗിക്കും. ഓഗസ്റ്റില്‍, ചന്ദ്രനില്‍ ഒരു ആണവ റിയാക്ടര്‍ സ്ഥാപിക്കുന്ന ആദ്യത്തെ രാഷ്ട്രമായി യുഎസ് മാറണമെന്ന് ഡഫി ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

ഫിഷന്‍ സര്‍ഫേസ് പവര്‍ സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ഈ റിയാക്ടറിന് 15 ടണ്ണില്‍ താഴെ ഭാരവും നൂറി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിവുമുണ്ടാകണമെന്ന് നാസ പറയുന്നു. ചന്ദ്രനില്‍ ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്ന ഏതൊരു റിയാക്ടറും ഭാവിയിലെ ചൊവ്വ പര്യവേക്ഷണ ദൗത്യങ്ങള്‍ക്കും വിലപ്പെട്ടതായിരിക്കും.