ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. ഇതിനെ കുറിച്ച് കഥകളിലും സിനിമകളിലും എല്ലാം നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്യുമെങ്കിലും അന്യഗ്രഹ ജീവികള്‍ എവിടെ നിന്ന് വരുന്നു എന്ന് മാത്രം ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിന് ഒരു ഉത്തരം നല്‍കാനുള്ള നീക്കത്തിലാണ് ഒരു സംഘം ഗവേഷകര്‍. അന്യഗ്രഹജീവികള്‍ ഒളിച്ചിരിക്കുന്ന ഒരു സൂപ്പര്‍ എര്‍ത്ത് ഗ്രഹം കണ്ടെത്തി എന്നാണ് അവര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഭൂമിയില്‍ നിന്ന് 35 പ്രകാശ വര്‍ഷം അകലെയാണ് ഈ ഗ്രഹം എന്നാണ് കരുതപ്പെടുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കാം എന്നതാണ് ഗവേഷകര്‍ കണക്ക് കൂട്ടുന്നത്. നാസയുടെ ടെസ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച്, ട്രോട്ടിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഓണ്‍ എക്സോപ്ലാനറ്റിലെ ഒരു സംഘം ഗവേഷകരാണ് ഈ സൂപ്പര്‍ എര്‍ത്ത് കണ്ടെത്തിയിരിക്കുന്നത്. എല്‍ 98-59 എഫ് എന്നറിയപ്പെടുന്ന ഈ ഗ്രഹം എല്‍ 98-59 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ ഭ്രമണം ചെയ്യുകയാണ്.

ജീവന്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ സാഹചര്യങ്ങളുള്ള ഒരേയൊരു ഗ്രഹമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഇത് മിത ശീതോഷ്ണാവസ്ഥയാണ് ഉളളതെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. എല്‍ 98-59 നെ ആദ്യമായി കണ്ടെത്തിയത് 2019 ലാണ്. അതിനു ചുറ്റും നാല് ഗ്രഹങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് ആദ്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഭൂമിയില്‍ നിന്നും ബഹിരാകാശത്ത് നിന്നുമുള്ള ദൂരദര്‍ശിനികളില്‍ നിന്നും ശേഖരിച്ച ഡാറ്റ ശ്രദ്ധാപൂര്‍വ്വം വീണ്ടും വിശകലനം ചെയ്തതിലൂടെയാണ് അഞ്ചാമത്തെ ഗ്രഹത്തെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്.

സൂര്യനില്‍ നിന്ന് ഭൂമിക്ക് ലഭിക്കുന്ന അതേ അളവിലുള്ള നക്ഷത്രോര്‍ജ്ജം ഈ ഗ്രഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഈ ഗ്രഹത്തിന് ഭൂമിയുടെ എണ്‍പത്തിനാല് ശതമാനം വലിപ്പവും പകുതിയോളം ഭാരവുമുണ്ട്. ഇതോട് ഒപ്പമുള്ള നാല് ഗ്രഹങ്ങളെ കുറിച്ചും കൂടുതലായി അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഇവിടുത്തെ നക്ഷത്രവ്യവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശദമായി പഠിക്കാന്‍ നാസയുടെ ഏറ്റവും ശക്തമായ ദൂരദര്‍ശിനിയായ ജെയിംസ് വെബ്ബ് ഉപയോഗിക്കാനാണ് ഗവേഷകര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.