- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം; ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വിൻഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ക്രോമിന്റെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്നവർ ഗുരുതരമായ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വ്യക്തമാക്കി. ബ്രൗസറിലെ സുരക്ഷാ പിഴവുകൾ ഗൂഗിൾ തന്നെ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.
ക്രോമിന്റെ വി8 ജാവാസ്ക്രിപ്റ്റ് എഞ്ചിനിൽ കണ്ടെത്തിയ പിഴവുകൾ സൈബർ കുറ്റവാളികൾക്ക് മുതലെടുക്കാൻ സാധിക്കുമെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. ഇത് ഉപയോഗിച്ച് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിൽ കടന്നുകയറാനും വ്യക്തിഗത വിവരങ്ങൾ, ബാങ്കിംഗ് രേഖകൾ തുടങ്ങിയ അതീവ പ്രാധാന്യമുള്ള ഡാറ്റകൾ ചോർത്താനും സിസ്റ്റത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കർമാർക്ക് സാധിക്കും. പ്രത്യേകമായി തയ്യാറാക്കിയ വെബ് പേജുകൾ സന്ദർശിക്കുന്നതിലൂടെ ഉപയോക്താക്കൾ അറിയാതെ തന്നെ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്.
ജോലി, സാമ്പത്തിക ഇടപാടുകൾ, ആശയവിനിമയം തുടങ്ങിയ കാര്യങ്ങൾക്കായി ക്രോമിനെ വ്യാപകമായി ആശ്രയിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സുരക്ഷാ വീഴ്ച വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വെബ്സൈറ്റുകളിൽ ജാവാസ്ക്രിപ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ അപകടസാധ്യതയുടെ വ്യാപ്തി വളരെ വലുതാണെന്നും സിഇആർടി-ഇൻ വിലയിരുത്തുന്നു.
ഈ ഭീഷണി മറികടക്കാൻ ഉപയോക്താക്കൾ തങ്ങളുടെ ക്രോം ബ്രൗസർ ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്ന് ഏജൻസി കർശനമായി നിർദ്ദേശിച്ചു. ഇതിനായി ക്രോം തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് 'സെറ്റിംഗ്സ്' തിരഞ്ഞെടുക്കുക. തുടർന്ന് 'എബൗട്ട് ക്രോം' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. ബ്രൗസർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് വഴി മാത്രമേ ഈ സൈബർ ഭീഷണിയിൽ നിന്ന് പൂർണ്ണമായി സുരക്ഷിതരാകാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.