- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- TECHNOLOGY
വെളിച്ചത്തെ മറച്ച് ഇരുൾ പരക്കും; സൂര്യനെ പുണരാൻ ഇതാ..ചന്ദ്ര എത്തുന്നു..; 2025ലെ അവസാന 'സൂര്യഗ്രഹണം' ഇന്ന്; ഈ ആകാശ വിസ്മയം എവിടെയൊക്കെ ദൃശ്യമാകും?
2025ലെ രണ്ടാമത്തെയും അവസാനത്തേതുമായ സൂര്യഗ്രഹണം ഇന്ന്, സെപ്റ്റംബർ 21ന് നടക്കും. ഇത് ഭാഗിക സൂര്യഗ്രഹണമായിരിക്കും, ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുക. നിർഭാഗ്യവശാൽ, ഇന്ത്യയിൽ നിന്നും ഈ സൂര്യഗ്രഹണം കാണാൻ സാധിക്കില്ല.
ഇന്ത്യൻ സമയം ഇന്ന് രാത്രി 10.59ന് ഗ്രഹണം ആരംഭിക്കുകയും നാളെ പുലർച്ചെ 3.23ന് അവസാനിക്കുകയും ചെയ്യും. നാളെ പുലർച്ചെ 1.11ന് ഗ്രഹണം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തും. ഇന്ത്യയിൽ രാത്രി സമയമായതിനാലാണ് ഇത് ദൃശ്യമാകാത്തത്. എന്നിരുന്നാലും, വിവിധ ലൈവ് സ്ട്രീമിംഗുകൾ വഴി ലോകമെമ്പാടുമുള്ളവർക്ക് ഈ ആകാശ പ്രതിഭാസം വീക്ഷിക്കാനാകും.
ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്ര ഭാഗങ്ങൾ, അറ്റ്‌ലാന്റിക് എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. ഓസ്‌ട്രേലിയയിൽ പ്രാദേശിക സമയം രാവിലെ 6.13 മുതൽ 7.36 വരെയും, ന്യൂസിലൻഡിൽ രാവിലെ 5.41 മുതൽ 8.36 വരെയും ഇത് കാണാം.
ഏഷ്യൻ ഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകില്ല. വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും ഇത് കാണാനാവില്ല.
2025ലെ അവസാന സൂര്യഗ്രഹണത്തിനു ശേഷം അടുത്ത ഗ്രഹണം 2026 ഫെബ്രുവരി 17ന് നടക്കും. ഇത് വലയ സൂര്യഗ്രഹണമായിരിക്കും. 2027 ഓഗസ്റ്റ് രണ്ടിന് സമ്പൂർണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നു.