ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കളെ ബാധിക്കുന്ന നിര്‍ണ്ണായകമായ ഒരു മാറ്റത്തിന് ആപ്പിള്‍ കമ്പനി തയ്യാറെടുക്കുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ പതിപ്പ് പുറത്തിറങ്ങുന്നതോടെ പഴയ മോഡല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമമായ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചില പഴയ ഐഫോണ്‍ മോഡലുകള്‍ക്കുള്ള സേവനങ്ങള്‍ ആപ്പിള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് ഐഫോണ്‍ എക്‌സ് ആര്‍, എക്‌സ് എസ് തുടങ്ങിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സുരക്ഷാ ക്രമീകരണങ്ങളും സംവിധാനങ്ങളും ഇനി മുതല്‍ ലഭ്യമാകില്ല. നിലവില്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. എ.ഐയില്‍അധിഷ്ഠിതമായ പുതിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പഴയ ഫോണുകളിലെ ചിപ്പുകള്‍ക്ക് ശേഷിയില്ലാത്തതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

കൂടുതല്‍ കരുത്തുറ്റ പുതിയ ഫോണുകളിലേക്ക് ഉപയോക്താക്കളെ മാറ്റിയെടുക്കാനുള്ള കമ്പനിയുടെ തന്ത്രമാണിതെന്ന് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷം പകുതിയോടെ ഈ മാറ്റങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുമെന്നാണ് സൂചന. ഇതോടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിനായി പഴയ ഫോണ്‍ ഉടമകള്‍ പുതിയ പതിപ്പുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായേക്കും. ആഗോളതലത്തില്‍ വലിയൊരു വിഭാഗം ഉപയോക്താക്കളെ ഈ തീരുമാനം നേരിട്ട് ബാധിക്കുമെന്നതിനാല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.

ആപ്പിളിന്റെ വരാനിരിക്കുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐ.ഒ.എസ് 19 പുറത്തിറങ്ങുന്നതോടെ പഴയ തലമുറയില്‍പ്പെട്ട ദശലക്ഷക്കണക്കിന് ഐഫോണുകള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക പിന്തുണ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും 2018-ല്‍ വിപണിയിലെത്തിയ ഐഫോണ്‍ എക്‌സ് ആര്‍ എക്‌സ് എസ് എക്‌സ് എസ് മാക്‌സ് എന്നീ മോഡലുകളെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക. ഈ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ12 ബയോണിക് ചിപ്പുകള്‍ക്ക് പുതിയ കാലത്തെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ലാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ, ഈ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ കാലക്രമേണ ദുര്‍ബലമാവുകയും ഹാക്കിങ് പോലുള്ള ഭീഷണികള്‍ക്ക് സാധ്യത കൂടുകയും ചെയ്യും. കൂടാതെ, പ്രമുഖ ആപ്പുകളുടെ പുതിയ പതിപ്പുകള്‍ ഈ പഴയ ഫോണുകളില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യവും ഉണ്ടായേക്കാം. ആപ്പിള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ എ.ഐ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ കരുത്തുള്ള പ്രോസസറുകള്‍ അത്യാവശ്യമാണ്. ഈ അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പഴയ ഹാര്‍ഡുവെയറുകളെ ഒഴിവാക്കുക എന്ന നയമാണ് കമ്പനി സ്വീകരിക്കുന്നത്.

ഐഫോണ്‍ 11-ന് ശേഷമുള്ള മോഡലുകള്‍ക്ക് തല്‍ക്കാലം ഭീഷണിയില്ലെങ്കിലും, വളരെ പഴയ മോഡലുകള്‍ കൈവശമുള്ളവര്‍ സുരക്ഷിതമായ ഉപയോഗത്തിനായി പുതിയ ഫോണുകളിലേക്ക് മാറേണ്ടി വരുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഐഫോണുകള്‍ വീണ്ടും സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്പൈവെയറുകള്‍ ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്.