- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് ഫാഷിസ്റ്റ് സർക്കാർ ലക്ഷ്യമിടുന്നത്; ന്യായമായ ഒരു കാരണവും വ്യക്തമാക്കാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധന പുതിയ എന്തെങ്കിലും കാരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം; റെയ്ഡുകൾ പൗരത്വ-കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന്റെ പക തീർക്കാനെന്ന് എസ് ഡി പി ഐ
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ ഇ.ഡി നടത്തുന്ന അന്യായ പരിശോധന പൗരത്വ-കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയതിന്റെ പക തീർക്കാനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്് മൂവാറ്റുപുഴ അഷറഫ് മൗലവി. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്നും എസ് ഡി പി ഐ അറിയിച്ചു.
അന്യായവും അനവസരത്തിലുമുള്ള പരിശോധന പ്രതിഷേധാർഹമാണ്. കർഷക പ്രക്ഷോഭങ്ങളിലും പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളിലും മർദ്ദിത സമൂഹത്തിന് ആത്മവിശ്വാസം നൽകി എന്നതാണ് ബിജെപി സർക്കാർ പോപുലർ ഫ്രണ്ടിനെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള താൽപ്പര്യം. ഇ.ഡിയെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നാണ് ഫാഷിസ്റ്റ് സർക്കാർ ലക്ഷ്യമിടുന്നത്. ന്യായമായ ഒരു കാരണവും വ്യക്തമാക്കാതെ അപ്രതീക്ഷിതമായി നടത്തിയ പരിശോധന പുതിയ എന്തെങ്കിലും കാരണം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ല.
കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കേന്ദ്രസർക്കാരിനെതിരേ പ്രക്ഷോഭം ശക്തമാവുകയാണ്. ഹരിയാനയിലുൾപ്പെടെ എൻ.ഡി.എ ഘടകകക്ഷികൾ പോലും മുന്നണിവിട്ടു പോവാൻ തയ്യാറായിരിക്കുകയാണ്. കർഷക പ്രക്ഷോഭത്തിന് രാജ്യവ്യാപകമായി പിന്തുണയേറുന്നു. ഇതോടെ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ നിർബന്ധമായെങ്കിലും നിയമം പിൻവലിക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.
എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സംഘപരിവാര ഭരണകൂടത്തിന്റെ ആജ്ഞാനുവർത്തികളായാണ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. എതിർശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അന്വേഷണ ഏജൻസികളെ കയറൂരിവിട്ട് നിശബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.
ആർഎസ്എസ് നിയന്ത്രിതവും ബിജെപി നയിക്കുന്നതുമായ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, ഫാഷിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തമായി തുടരുമെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ