- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ലോക്കൽ കമ്മറ്റി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത പത്തനംതിട്ട നഗരസഭാ കൗൺസിലർ വിആർ ജോൺസൺ താഴേ വെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറി; നടപടി ഉപരി കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ സസ്പെൻഷൻ നടപ്പായില്ല: എസ്ഡിപിഐ ബന്ധം കാരണം പുറത്താക്കിയെന്ന വാദവും പൊളിയുന്നു
പത്തനംതിട്ട: ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്ത നഗരസഭാ കൗൺസിലർ വിആർ ജോൺസനെ താഴേവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നു ദിവസം മുൻപ് നടന്ന ബ്രാഞ്ച് സമ്മേളനമാണ് ഏകകണ്ഠമായി ജോൺസനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സസ്പെൻഷൻ തീരുമാനം ഉപരി കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്ത് അംഗീകാരം നേടാത്തതാണ് ജോൺസന് തുണയായത്. നഗരസഭയിലെ എസ്ഡിപിഐ-സിപിഎം ബന്ധം ചോദ്യം ചെയ്തതാണ് ജോൺസനെ പുറത്താക്കാൻ കാരണമായതെന്ന വിവാദത്തിനും ഇതോടെ തിരശീല വീണിരിക്കുകയാണ്.
രണ്ടാഴ്ച മുൻപ് ചേർന്ന ടൗൺ ലോക്കൽ സമ്മേളനമാണ് വിആർ ജോൺസനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സസ്പെൻഷൻ പ്രാബല്യത്തിൽ വരണമെങ്കിൽ ഉപരി കമ്മറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം നേടണം. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ സസ്പെൻഷൻ വിഷയം ഏരിയാ കമ്മറ്റി പരിഗണിച്ചിട്ടില്ല. സസ്പെൻഷൻ പ്രാബല്യത്തിൽ വരാത്തത് കാരണം ജോൺസൺ പാർട്ടി അംഗമായി തുടരുകയാണ്. അതു കൊണ്ടു തന്നെ സ്വന്തം ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ജോൺസന് പങ്കെടുക്കുകയും ഭാരവാഹിത്വം വഹിക്കുകയും ചെയ്യാം. സമ്മേളന കാലത്ത് ഒഴിച്ചു കൂടാനാവാത്ത കാരണം കൊണ്ട് മാത്രമേ അംഗങ്ങൾക്കെതിരേ നടപടി എടുക്കാവൂ എന്ന് സംസ്ഥാന കമ്മറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു കാരണം ജോൺസന് എതിരായ നടപടി പാർട്ടി സമ്മേളനം പൂർത്തിയായി കഴിഞ്ഞതിന് ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ.
തീരുമാനം നിലനിൽക്കുമെന്നും പിന്നീട് പ്രാബല്യത്തിൽ വരുമെന്നുമാണ് സിപിഎം നേതാക്കൾ നൽകുന്ന സൂചന. എസ്ഡിപിഐ ബന്ധം ചോദ്യം ചെയ്തതിന് പാർട്ടിക്ക് അനഭിമതനായ ജോൺസൺ എങ്ങനെ ഐകകണേ്ഠ്യനെ ബ്രാഞ്ച് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുമെന്നതാണ് ഇപ്പോൾ ഉയരുന്നു ചോദ്യം. വിഭാഗീയ പ്രവർത്തനത്തിന് ജോൺസനെ സസ്പെൻഡ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ, സിപിഎം-എസ്ഡിപിഐ ബന്ധം ചോദ്യംചെയ്തതിന് നഗരസഭാ കൗൺസിലറെ പുറത്താക്കി എന്ന രീതിയിൽ പ്രചാരണം നടത്തി രക്തസാക്ഷി പരിവേഷം നൽകുകയാണ് ചെയ്തത്.
താഴേവെട്ടിപ്രം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം കൊണ്ടുവരാൻ ഇടയാകുന്ന തരത്തിൽ ജോൺസൺ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് സസ്‌പെൻഷൻ. തന്റെ നോമിനിയായ ഷിയാസ് ഖാനെ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണമെന്ന് ജോൺസൺ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാത്തതിനാണ് ജോൺസനെ അടിയന്തരി ലോക്കൽ കമ്മറ്റി ചേർന്ന് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, നഗരസഭാ ചെയർമാനും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. സക്കീർ ഹുസൈൻ, ഏരിയാ കമ്മറ്റി അംഗം കെ. അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് തീരുമാനമെടുത്തത്.
സക്കീർ ഹുസൈനുമായി നേരത്തേ തന്നെ അത്ര രസത്തിലല്ല ജോൺസൺ. സക്കീറിനെ പരസ്യമായി വിമർശിച്ചതിന് മുൻപും പാർട്ടി നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു ചില ഗൗരവമേറിയ വിഷയങ്ങളിൽ ജോൺസനെ കുറ്റക്കാരനായി കണ്ട് പാർട്ടി നടപടി എടുക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടി സമ്മേളനം നടക്കുന്നതിനാൽ അത് മാറ്റി വച്ചിരിക്കുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്