തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ കേരളത്തിൽ രണ്ടാം വരവിൽ കോവിഡ് വ്യാപനം അതിവേഗത്തിലാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടതോടെ ഇപ്പോൾ താഴ്ന്നു നിൽക്കുന്ന കോവിഡ് കണക്കുകൾ രണ്ടുമാസത്തിനുള്ളിൽ കുതിച്ചുയർന്നേക്കാമെന്നാണ് നിഗമനം. രോഗവ്യാപനം കണക്കിലെടുത്ത് 45നു മുകളിൽ പ്രായമുള്ളവർ എത്രയും വേഗം വാക്സീൻ സ്വീകരിക്കമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

ആദ്യഘട്ടത്തിൽ 30,000ൽ നിന്ന് 60,00ലേക്ക് കോവിഡ് പ്രതിദിന വർധനയെത്താൻ 23 ദിവസം എടുത്തെങ്കിൽ രണ്ടാം വരവിൽ 10 ദിവസമേ വേണ്ടി വന്നുള്ളൂ. കോവിഡ് വർധനയുടെ ആദ്യ തരംഗം അവസാനിച്ച കേരളത്തിൽ രണ്ടാം തരംഗം രണ്ടുമാസത്തിനകം ഉണ്ടാകുമെന്നാണ് നിഗമനം. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 2000 കടന്നു. വ്യാപനശേഷി കൂടുതലായതിനാൽ മരണ നിരക്കും ഉയർന്നേക്കാമെന്നാണു സൂചനകൾ.

യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത തിരഞ്ഞെടുപ്പ് തിരക്കും ഈസ്റ്റർ, വിഷു ആഘോഷങ്ങളും ആശങ്ക കൂട്ടുന്നു. ഇതുവരെ 30 ലക്ഷം പേർ മാത്രമേ വാക്‌സീനെടുത്തിട്ടുള്ളൂ. കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട സിറോ സർവേ റിപ്പോർട്ടു പ്രകാരം 38 ലക്ഷം പേർക്കാണ് കോവിഡ് വന്നുപോയത്. അതിനർഥം മൂന്നരക്കോടി ജനസംഖ്യയിൽ വലിയൊരു ശതമാനം ഇനിയും രോഗബാധിരായേക്കാമെന്നും വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്നു കൂടിയാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഇന്നലെ 2055 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ 1773 പേർക്ക് കൊറോണ ബാധിച്ചതിൽ ഉറവിടം കണ്ടെത്താത്ത 175 കേസുകളാണ് ഉള്ളത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 82 പേർക്കും 25 ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 52,288 പരിശോധിച്ച സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്3.93%, 2084 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് നിലവിൽ 24,231 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 14 മരണം കൂടി കൊറോണ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4567 ആയി മാറിയിരുന്നു.

രാജ്യത്ത് ഇന്നലെയും 60,000ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 62,714 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,19,71,624 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 312 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,61,552 ആയി ഉയർന്നു. നിലവിൽ 4,86,310 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ മാത്രം 28,739 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,13,23,762 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 6,02,69,782 പേർക്ക് വാക്സിനേഷൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

കോവിഡ് തരംഗം സംബന്ധിച്ച് കേരളത്തിലും മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്തു 45നു മേൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിനേഷനിൽ പ്രതിദിനം 2.50 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ

ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്‌സിനേഷനു വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തു. സർക്കാർസ്വകാര്യ ആശുപത്രികളിൽ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും. തിരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകൾ തുടങ്ങിയവ വരുന്ന സാഹചര്യത്തിൽ വാക്‌സീൻ സ്വീകരിച്ചു സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.

45 വയസ്സു കഴിഞ്ഞവർക്കു കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തും വാക്‌സിനേഷൻ കേന്ദ്രത്തിൽ രേഖകൾ ഹാജരാക്കിയും വാക്‌സീൻ സ്വീകരിക്കാമെന്ന് ആരോഗ്യവകുപ്പ്. പോർട്ടലിൽ വൈകാതെ റജിസ്‌ട്രേഷനുള്ള ഓപ്ഷൻ നൽകും. 45 വയസ്സു കഴിഞ്ഞുവെന്നു തെളിയിക്കുന്ന രേഖയാണ് ഇതിൽ അപ്ലോഡ് ചെയ്യേണ്ടത്.

ഇപ്പോൾ കൈവശമുള്ള ആധാർ ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത രേഖ ഇതിനായി ഉപയോഗിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി വാക്‌സീൻ സ്വീകരിക്കാം. പ്രായം തെളിയിക്കുന്ന രേഖ ഇവിടെ ഹാജരാക്കിയാൽ മാത്രമേ കുത്തിവയ്പ് എടുക്കുകയുള്ളൂ. 45 മുതൽ 59 വയസ്സുവരെയുള്ളവരിൽ ഗുരുതര രോഗമുള്ളവർക്കാണ് ഇപ്പോൾ വാക്‌സീൻ നൽകുന്നത്. അതിനു ചികിത്സാരേഖ ഹാജരാക്കണം. ഏപ്രിൽ ഒന്നു മുതൽ 45 കഴിഞ്ഞവർ ചികിത്സ രേഖ ഹാജരാക്കേണ്ടതില്ല. എന്നാൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം.