പത്തനംതിട്ട: കിഴക്കൻ മലയോര മേഖലയിൽ സിപിഎമ്മിൽ വിഭാഗീയത കടുക്കുന്നു. ജനീഷ് കുമാർ എംഎൽഎയുടെ തട്ടകമായ സീതത്തോട്ടിൽ മുമ്പെങ്ങുമുണ്ടാകാത്ത വിധം വിഭാഗീയത രൂക്ഷമാണ്. എംഎൽഎയുടെ നേതൃത്വത്തിൽ ഒരു പക്ഷം ശക്തമായി രംഗത്തിറങ്ങുമ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം തിരിച്ചടിക്കൊരുങ്ങുന്നു.

എംഎൽഎയുടെ വിശ്വസ്തനായ ജോബി ടി. ഈശോയെ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പദത്തിൽ നിന്നും നീക്കിയതാണ് വിഭാഗീയത രൂക്ഷമാകാൻ കാരണമായത്. പാർട്ടിക്കുള്ളിലെ ധാരണ പ്രകാരം ജോബി രാജി വയ്ക്കുകയായിരുന്നു. ജോബിയുടെ രാജി വാർത്തയ്ക്കൊപ്പം അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഏരിയാ കമ്മറ്റിയംഗം പിആർ പ്രമോദിന്റെ ഭൂമി തട്ടിപ്പിലുള്ള പങ്കിനെക്കുറിച്ചുള്ള വാർത്തകളും പത്രങ്ങളിൽ പ്രത്യപ്പെട്ടു.

ഇന്നലെ നടന്ന സിപിഎം പെരുനാട് ഏരിയാ കമ്മറ്റി യോഗത്തിൽ ഭൂമി തട്ടിപ്പ് ചർച്ച ചെയ്യണമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മറ്റിയംഗവുമായകെ.എസ് ഗോപി ആവശ്യമുന്നയിച്ചു. ആരോപണ വിധേയനായ പി.ആർ. പ്രമോദാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്നത്. സംഭവം പാർട്ടിക്കാകെ മാനക്കേടായി എന്നായിരുന്നു ആക്ഷേപം.

ഗവിയിലെ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കാൻ അനുവദിച്ച തുക ഉപയോഗശൂന്യമായ ഭൂമി നൽകിയ ശേഷം ഇടനിലക്കാർ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഇടനിലക്കാരിൽ ഒരാൾ പി.ആർ. പ്രമോദാണെന്നാണ് മാധ്യമവാർത്ത വന്നത്. നിലവിൽ പ്രസിഡന്റ് രാജി വച്ച ദിവസം അതിനേക്കാൾ പ്രാധാന്യത്തിൽ അടുത്ത് പ്രസിഡന്റാകാൻ പോകുന്നയാൾക്കെതിരേ വാർത്ത പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എംഎൽഎയും സംഘവുമാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്.

ഇത് .ആളിക്കത്തിക്കുന്നതിന് വേണ്ടിയാണ് ഏരിയാ കമ്മറ്റി യോഗത്തിൽ മാധ്യമ വാർത്തകളുമായി ജനീഷ് അനുകൂലികൾ എത്തിയത്. സിപിഎം നേതൃത്വത്തിൽ നടക്കുന്ന ജാഥ, പാലിയേറ്റീവ് പ്രവർത്തനം എന്നിവയായിരുന്നു ഏരിയാ കമ്മറ്റിയുടെ അജണ്ട. ഇത് ചർച്ച ചെയ്യുന്നതിനിടെയാണ് മാധ്യമ വാർത്തകൾ ഉയർത്തിക്കാട്ടി ഗോപി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിപ്പോൾ വേണ്ടെന്നും അവസാനം ചർച്ച ചെയ്യാമെന്നും ഏരിയാ സെക്രട്ടറി എസ്. ഹരിദാസ് ഉറപ്പ് നൽകി. എന്നിട്ടും ഗോപി പിന്മാറാൻ തയാറായില്ല. മാധ്യമ വാർത്തകളുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് ഏരിയാ സെക്രട്ടറിയുമായി കൊമ്പു കോർത്തു. ആരോപണ വിധേയനായ കമ്മറ്റി അംഗത്തെ യോഗത്തിൽ അധ്യക്ഷനാക്കിയതിനെയും ഗോപി ചോദ്യം ചെയ്തു.

അജണ്ടയിലുണ്ടായിരുന്ന വിഷയങ്ങൾ ചർച്ച ചെയ്തതിന് പിന്നാലെ യോഗം അവസാനിച്ചുവെന്ന് പറഞ്ഞ് അധ്യക്ഷൻ ഇറങ്ങിപ്പോയി. അഴിമതിയാരോപണം ചർച്ച ചെയ്തതുമില്ല. വിവരം ജില്ലാ കമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ നീക്കം നടക്കുന്നുണ്ട്. സീതത്തോട്ടിലും ചിറ്റാറിലും ഏറെ നാളായി സിപിഎം വിഭാഗീയത രൂക്ഷമാണ്. ജനീഷ് കുമാറിനെതിരേ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും വകവയ്ക്കാതെയാണ് എംഎൽഎയുടെ പ്രവർത്തനം.

കോന്നി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദയഭാനു താൽപര്യം പ്രകടിപ്പിച്ചിരുന്നതാണ്. എന്നാൽ, ജില്ലാ കമ്മറ്റി പോലുമറിയാതെ സംസ്ഥാന നേതൃത്വം വഴി ജനീഷ്‌കുമാർ സ്ഥാനാർത്ഥിയാവുകയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനീഷ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷവും നേടി. ഇതോടെ ഉദയഭാനുവിന്റെയും കൂട്ടരുടെയും മേൽ ആധിപത്യം നേടാനും എംഎൽഎയ്ക്കായി. ഇതേ ആധിപത്യം തന്റെ തട്ടകത്തിലും ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വസ്തനായ ജോബിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. ഇതോടെ കളത്തിലിറങ്ങി കളിക്കാൻ തന്നെ എംഎൽഎ പക്ഷം തീരുമാനിക്കുകയായിരുന്നു.