- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം; കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി; ബംഗാളിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടില്ല; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിക്കുന്നു; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ മന്ത്രിസഭാ രൂപീകരണത്തിൽ കെ കെ ശൈലജയെ തഴയപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ആരൊക്കെ മന്ത്രിയാകണമെന്നത് സംസ്ഥാന ഘടകത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയും ബംഗാളിലെയും സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉൾപ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുസർക്കാരിനെ ഒരിക്കൽ കൂടി തെരഞ്ഞടുത്ത കേരളത്തിന് നന്ദിപറഞ്ഞായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നുമണിക്കാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്രമീകരിച്ചാണ് ഇരിപ്പിടങ്ങൾ പോലും സജ്ജമാക്കിയിട്ടുള്ളത്. നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവർക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേർക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഹ്രസ്വമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.വമ്പൻ ആഘോഷത്തോടെയും വൻ ജനസാന്നിധ്യത്തിലും പുതിയ സർക്കാറുകൾ അധികാരമേറുന്നതാണ് പതിവെങ്കിലും കോവിഡ് വ്യാപനത്തിനിടയിൽ ഇക്കുറി അതൊന്നുമില്ല.
അണികളുടെ ആവേശം പ്രകടിപ്പിക്കാൻ പതിവ് രീതിക്ക് അനുമതിയുമില്ല. 500 പേർക്കായി പ്രവേശനം പരിമിതപ്പെടുത്തിയ പൊതുഭരണവകുപ്പ് ക്ഷണക്കത്തുകളും കൈമാറി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പങ്കെടുക്കുന്നവർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് സാഹചര്യത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. നിശ്ചയിച്ച 500നെക്കാൾ പങ്കെടുക്കുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.
17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. സത്യപ്രതിജ്ഞക്ക് പിന്നാലെ ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ചൊവ്വാഴ്ച ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. അദ്ദേഹം ഗവർണറെ സന്ദർശിച്ചതിന് പിന്നാലെ കീഴ്വഴക്കമനുസരിച്ച് സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് പുറമെ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്കും എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനും സിപിഎമ്മിലെ കെ. രാധാകൃഷ്ണനുമാണ് നേരത്തേ മന്ത്രിമാരായി പ്രവർത്തിച്ച് പരിചയമുള്ളവർ. ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. പുതുമുഖങ്ങളുടെ ആധിക്യത്തിന് പുറമെ മൂന്ന് വനിതകൾ ഉൾപ്പെടുന്ന മന്ത്രിസഭ എന്നതും ഇക്കുറി ശ്രദ്ധേയമാണ്.
മന്ത്രിസഭ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്ക്രീനിൽ വ്യാഴാഴ്ച ഉച്ചക്ക് 2.50 മുതൽ പ്രദർശിപ്പിക്കും. സമർപ്പണാവതരണം നടത്തുന്നത് മമ്മൂട്ടിയാണ്. ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാറുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തെന്ന് വിളംബരം ചെയ്യുന്നതാണ് സംഗീത ആൽബം. ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകുന്നത്. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യത്തേതാണ്.
മറുനാടന് മലയാളി ബ്യൂറോ