പത്തനംതിട്ട: സിപിഎം ഭരിക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് അധോലോക താവളമോ? കോടികളുടെ വെട്ടിപ്പും ക്രമവിരുദ്ധ നിയമനങ്ങളും നടന്ന ഇവിടേക്ക് സഹകരണ വകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചെല്ലാൻ പാടില്ലെന്ന് അലിഖിത നിയമം. ഈ നിയമം മറികടന്ന് ചെന്നാൽ സ്ഥലം മാറ്റം ഉറപ്പ്. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്താനും ജീവനക്കാർക്ക് മടിയില്ല. സീതത്തോട് സഹകരണ ബാങ്കിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഓ യൂണിയൻ തന്നെയാണ്.

കെയു ജനീഷ്‌കുമാർ എംഎൽഎ, സന്തത സഹചാരിയും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റുമായ ജോബി ടി. ഈശോ എന്നിവരുടെ കരങ്ങളിലാണ് ബാങ്ക് ഭരണമുള്ളത്. ഇവിടെ നടക്കുന്ന സകല അഴിമതികളും അക്കമിട്ട് നിരത്തിയാണ് എൻജിഓ യൂണിയൻ റാന്നി ഏരിയാ പ്രസിഡന്റ് കേരളാ കോ-ഓപ്പറേറ്റീവ് യൂണിയൻ ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയത്. ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ അനുമോൾ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ എന്നിവരെ ചട്ടം മറികടന്ന് നിയമിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. നിയമനം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനുമോൾ രാജി വച്ചിരുന്നു.

ബാങ്കിൽ നടന്ന പ്യൂൺ നിയമനത്തിലെ അഴിമതി സംബന്ധിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനു വിജിലൻസിനും സഹകരണ സംഘം രജിസ്ട്രാർക്കും പരാതി നൽകുന്നതോടെയാണ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. 2017 ഫെബ്രുവരി 15 ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു. പരാതിയുടെ പകർപ്പ് റാന്നി അസി. രജിസ്ട്രാർ (എ.ആർ) ഓഫീസിൽ എത്തിച്ചേരുകയും അവിടെ നിന്ന് വടശേരിക്കര യൂണിറ്റ് ഇൻസ്പെക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.
സഹകരണ നിയമം അനുസരിച്ച് പ്യൂൺ നിയമനത്തിന് ഏഴാം ക്ലാസ് പാസായിരിക്കുകയും ഡിഗ്രി ഉണ്ടാകാൻ പാടില്ലാത്തതുമാണ്. ഈ തസ്തികയിലേക്ക് ജനീഷിന്റെ ഭാര്യ സിഎ അനുമോളെ നിയമിച്ചു. അനുമോൾക്ക് ഡിഗ്രി മാത്രമല്ല, എംബിഎയും ഉണ്ടായിരുന്നു. നിയമനം തങ്ങൾക്ക് അനുകൂലമായി നടത്താൻ വേണ്ടി പത്രപ്പരസ്യവും ചട്ടം മറികടന്നാണ് നൽകിയത്.

ഇതു സംബന്ധിച്ച് യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയുമായി ബാങ്ക് സഹകരിച്ചില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ തയാറായില്ല. അനുമോളുടെ നിയമനം സംബന്ധിച്ച് മിനുട്സ് ബുക്കിൽ തീരുമാനം ഉള്ളതല്ലാതെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ബാഹ്യസമ്മർദം മൂലം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നില്ല. 2017 നവംബർ നാലിന് നടന്ന ഫയൽ അദാലത്തിൽ ഈ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദ്ദേശം വന്നു. അപ്പോഴാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. ഇത് അനുമോൾക്കെതിരായിരുന്നു. പിന്നീട് അനുമോൾ രാജി വച്ചതോടെ ഈ പ്രശ്നം ഒഴിവായി.

ജോബി ടി. ഈശോയെ നൈറ്റ് വാച്ചർ തസ്തികയിലേക്ക് നിയമിച്ചതായിരുന്നു അടുത്ത പ്രശ്നം. സഹകരണ ബാങ്കുകളെ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ക്ലാസിഫിക്കേഷൻ നടത്തി വേണം തസ്തിക തീരുമാനിക്കാൻ. ഒന്നരക്കോടി രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന, സഹകരണ സംഘം ക്ലാസ് അഞ്ചിൽപ്പെട്ട സീതത്തോട് ബാങ്കിൽ നൈറ്റ് വാച്ചർ എന്നൊരു തസ്തിക ഇല്ല. എന്നാൽ, ആങ്ങമൂഴി ബ്രാഞ്ചിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരു രാത്രികാല സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഭരണ സമിതി ആവശ്യപ്പെട്ടതിൻ പ്രകാരം ജോയിന്റ് രജിസ്ട്രാർ അനുമതി നൽകിയിരുന്നു.

ഇത് വിമുക്തഭടൻ ആയിരിക്കണമെന്നും ദിവസ വേതന അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്നും നിഷ്‌കർഷിച്ചിരുന്നു. ഇതു മറികടന്നാണ് ജോബി ടി. ഈശോയെ നൈറ്റ് വാച്ചർ തസ്തികയിൽ നിയമിച്ചത്. ഇത് സ്ഥിരം നിയമനമാക്കി ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു. ചട്ടം മറികടന്നുള്ള നിയമനമായതിനാൽ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം നിയമനം റദ്ദ് ചെയ്തു. ഇതിനെതിരേ ജോബി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കേസിൽ എതിർ കക്ഷി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറാണ്. ഇതു സംബന്ധിച്ച് എതിർസത്യവാങ്മൂലം ഫയൽ ചെയ്യുന്നതിന് അഡ്വക്കേറ്റ് ജനറൽ ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്ന് നൽകുന്നതിന് പകരം റാന്നി എആർ ഓഫീസിനോട് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം എആർ റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചു.

പാർട്ടിയുടെ ഭരണ നിയന്ത്രണമുള്ള ഈ ബാങ്കിൽ അഴിമതിയും ക്രമക്കേടും നടത്തിയിട്ട് ഇതുമൂലമുണ്ടാകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ ചെല്ലുന്ന ഉദ്യോഗസ്ഥരെ പാർട്ടി വിരുദ്ധരായി ചിത്രീകരിച്ച് സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് റാന്നി ഏരിയാ പ്രസിഡന്റിന്റെ കത്തിൽ പറയുന്നു. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥർക്ക് മതിയായ രേഖകൾ, യഥാസമയം കൈമാറാൻ ഇവർ തയാറാകില്ല. ഓഡിറ്റുമായി ബന്ധപ്പെട്ട അഞ്ച് ഓഡിറ്റർമാരെ ഇതിനോടകം സ്ഥലം മാറ്റി കഴിഞ്ഞു. കൂടാതെ എൻ.ജി.ഓ യൂണിയൻ നിയമിച്ചിട്ടുള്ള ഇൻസ്പെക്ടർമാരെ മാറ്റി പുതിയ ആൾക്കാരെ വച്ചു. ഇപ്പോൾ അഞ്ചാമത്തെ ഇൻസ്പെക്ടർ ആണ് സീതത്തോട് ബാങ്ക് ഉൾപ്പെട്ട വടശേരിക്കര യൂണിറ്റിൽ ജോലി ചെയ്യുന്നത്. മദ്യപിച്ച് ഓഫീസിൽ ചെന്ന ബാങ്ക് സെക്രട്ടറി ഓഡിറ്റർമാരെ ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

ഇങ്ങനെ പാർട്ടിയുടെ പേരിലുള്ള അമിതമായ ഇടപെടൽ ഓഫീസിന്റെ പ്രവർത്തനത്തെയും സർക്കാരിന്റെ പ്രതിഛായയെയും ബാധിക്കുന്നതാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.