പത്തനംതിട്ട: സമീപകാലത്ത് പുറത്തു വന്ന സിപിഎമ്മിന്റെ വമ്പൻ ബാങ്ക് തട്ടിപ്പുകളിൽ രണ്ടാമത്തേതാണ് സീതത്തോട് സർവീസ് സഹകരണ ബാങ്കിലേത്. 1.63 കോടിയുടെ തട്ടിപ്പിന്റെ പേരിൽ ബാങ്ക് സെക്രട്ടറി കെയു ജോസിനെ സിപിഎം ആങ്ങമൂഴി ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കി. തൊട്ടു പിന്നാലെ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതേ പോലെ വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്നു 18 ലക്ഷം തട്ടിയെടുത്ത മുൻ ചിറ്റാർ ലോക്കൽ സെക്രട്ടറി പിബി ബിജുവിനെ ആ കേസ് പോലും കഴിയുന്നതിന് മുൻപ് ചിറ്റാർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത മാതൃക കാട്ടിയിരിക്കുകയാണ് സിപിഎം. പെരുനാട് ഏരിയാ സെക്രട്ടറി എസ്. ഹരിദാസിന്റെ മേൽനോട്ടത്തിൽ ചേർന്ന ബ്രാഞ്ച് കമ്മറ്റിയാണ് ബിജുവിനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.

സീതത്തോട് ബാങ്കിൽ നിന്ന് പുറത്തായ കെയു ജോസ് ജനീഷ്‌കുമാർ എംഎൽഎയ്ക്ക് അടക്കം എതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും സിപിഎം പെരുനാട് ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുന്നവരുമായ നേതാക്കൾ പത്തനംതിട്ട പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചിരുന്നു. അന്ന് ഒരു മുതിർന്ന പത്രപ്രവർത്തകൻ ഈ നേതാക്കളോട് ഒരു ചോദ്യം ചോദിച്ചിരുന്നു.

തട്ടിയെടുത്ത പണം തിരിച്ച് അടച്ചാൽ ജോസിനെ സിപിഎം ലോക്കൽ കമ്മറ്റിയിൽ തിരിച്ചെടുക്കുമോ എന്നായിരുന്നു ചോദ്യം. നിങ്ങളിൽ ഏരിയാ കമ്മറ്റി അംഗങ്ങൾ കൂടി ഉള്ളതു കൊണ്ടാണ് ചോദ്യമെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഒരു കാരണവശാലും എടുക്കില്ല എന്നായിരുന്നു മറുപടി. എങ്കിൽ വയ്യാറ്റുപുഴ സഹകരണ ബാങ്കിൽ നിന്ന് 18 ലക്ഷം തട്ടിയ സിപിഎം ലോക്കൽ സെക്രട്ടറിയെ നിങ്ങൾ തിരിച്ചെടുത്തത് എന്തിനായിരുന്നുവെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. അത് ആ പണം തിരിച്ചടച്ചതു കൊണ്ടാണെന്ന് അംഗങ്ങളുടെ മറുപടി. എങ്കിൽ പിന്നെ പണം തിരിച്ചടച്ചാൽ എന്തു കൊണ്ട് ജോസിനെ ആങ്ങമൂഴി ലോക്കൽ കമ്മറ്റിയിൽ തിരിച്ചെടുത്തു കൂടാ എന്ന പത്രപ്രവർത്തകൻ വീണ്ടും ചോദിച്ചതോടെ നേതാക്കളുടെ ഗ്യാസ് പോയി.

ഇതേ ന്യായം നിരത്തിയാണ് ഇപ്പോൾ ബിജുവിനെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി എടുത്തിരിക്കുന്നത്. വയ്യാറ്റുപുഴയിലെ തട്ടിപ്പുകാരൻ ബിജുവിനും സീതത്തോട്ടിലെ ജോസിനും രണ്ടു തരം നീതിയാണ് സിപിഎം നൽകുന്നതെന്ന് ഇതോടെ തെളിഞ്ഞു. സീതത്തോട്ടിലെ ജോസിനെ മാത്രം ടാർജറ്റ് ചെയ്യുന്നത് ചിലരെ രക്ഷിക്കാനാണെന്ന വാസ്തവവും ഇതോടെ മറ നീക്കുകയാണ്.

വയ്യാറ്റുപുഴ ബാങ്കിൽ ബിജു തട്ടിപ്പ് നടത്തി ഒന്നര വർഷം കഴിഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ബാങ്ക് ജീവനക്കാരൻ കൂടിയായ സിപിഎം ലോക്കൽ സെക്രട്ടറി പിബി ബിജു തട്ടിയെടുത്തത് 18 ലക്ഷമായിരുന്നു. ബാങ്ക് സീനിയർ ക്ലാർക്കായിരുന്നു ബിജു. ബാങ്കിന്റെ വയ്യാറ്റുപുഴ ആസ്ഥാന ഓഫീസിലായിരുന്നു ബിജുവിന് ജോലി. 2016 സെപ്റ്റംബർ 28 മുതൽ 2019 ഫെബ്രുവരി 20 വരെയുള്ള കാലയളവിൽ 18 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് 2020 ജൂലൈ 15 ന് സെക്രട്ടറി പിടി ജോർജ് കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതിൽ ഒമ്പത് ലക്ഷം രൂപ തിരികെ അടച്ചിട്ടുണ്ട്. 2020 മാർച്ച് മൂന്നിന് ചേർന്ന ഭരണ സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് ജൂലൈ 15 ന് സെക്രട്ടറി പരാതി നൽകിയത്.

തട്ടിപ്പ് കൈയോടെ പിടിച്ചതിനെ തുടർന്ന് ബിജുവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടിയിൽ തരം താഴ്‌ത്തുകയും ചെയ്തു. 2019 ൽ നടന്ന തട്ടിപ്പിന് ഒരു വർഷം കഴിഞ്ഞ് കമ്മറ്റി കൂടി പരാതി സമർപ്പിക്കുക എന്ന വിചിത്രമായ നടപടി കൂടിയാണ് ബാങ്കിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പണം തിരികെ അടയ്ക്കാൻ കൊടുത്ത അവസരങ്ങൾ എല്ലാം ബിജു പാഴാക്കുകയും ഇനി അത് കിട്ടില്ലെന്ന് ബോധ്യമാവുകയും ചെയ്തതോടെയാണ് പരാതി നൽകിയത്.

ആസൂത്രിതമായ തട്ടിപ്പാണ് ബിജു ബാങ്കിൽ നടത്തിയിട്ടുള്ളത്. സെക്രട്ടറി സ്ഥലത്തില്ലാത്തപ്പോഴാണ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. സ്വർണപ്പണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്. സ്വർണം പണയം വച്ചതായി രേഖയുണ്ടാക്കി പണം മറ്റു പലരുടേയും അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം വൗച്ചറിൽ വ്യാജമായി ഇടപാടുകാരുടെ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്. പണയത്തിന് വച്ചിരിക്കുന്ന സ്വർണമെന്നത് സങ്കൽപ്പം മാത്രമാണ്. അങ്ങനെ ഒന്ന് ബാങ്ക് ലോക്കറിൽ കാണില്ല. പണയ സ്വർണം തിട്ടപ്പെടുത്താൻ പ്രസിഡന്റും സെക്രട്ടറിയും ഒന്നിച്ച് ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉരുപ്പടിയില്ലാതെ പണയം വച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

സെക്രട്ടറി അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടി വരുമ്പോൾ ബാങ്കിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ബിജുവായിരുന്നു. കളവായ കാര്യങ്ങൾ എഴുതി ചേർത്തും കൃത്രിമ രേഖകൾ സൃഷ്ടിച്ചും വിവിധ അംഗങ്ങളുടെ പേരിൽ അവർ അറിയാതെ ലോൺ പാസാക്കിയതായി കാണിച്ചും അംഗങ്ങളുടെ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചുമായിരുന്നു തട്ടിപ്പ്. 2019 ജനുവരി 11 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണ പണയ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടത്.

അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 16 സ്വർണ പണയ വായ്പകളാണ് ബിജു എടുത്തത്. പരിശോധന നടന്ന ദിവസവും അതിന്റെ തലേന്നുമായി ബിജു 14 പണയങ്ങൾ പണം അടച്ച് ക്ലോസ് ചെയ്തതായി രേഖയുണ്ടാക്കി. ക്യാഷ് കൗണ്ടറിൽ ഇതിന്റെ പണം ഇല്ലാതെ വരും എന്ന് മനസിലാക്കിയ ബിജു മറ്റൊരു തട്ടിപ്പാണ് അതിനായി നടത്തിയത്. നേരത്തേ അഡ്വാൻസ് ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അന്നേ ദിവസം പണം തിരികെ നൽകിയെന്ന് രേഖയുണ്ടാക്കി.

ഈയിനത്തിൽ 7,70,784 രൂപയാണ് ബിജു തട്ടിയെടുത്തത്.ഇതിന് മുൻപ് 2018 ഡിസംബർ അഞ്ചിന് മീൻകുഴി മാമ്പറ്റ പൊന്നമ്മ എന്നയാളുടെ പേരിൽ ഒമ്പതു ലക്ഷം വായ്പ അനുവദിച്ചതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. അതിന് ശേഷം അവരുടെ സേവിങ്‌സ് അക്കൗണ്ട് വഴി വ്യാജചെക്കും വൗച്ചറും ഉപയോഗിച്ച് അഞ്ച് തവണയായി 8,80, 998 രൂപ പിൻവലിച്ചു. പൊന്നമ്മയ്ക്ക് നിയമപ്രകാരം ലോൺ നൽകണമെങ്കിൽ ഓഹരി തുക ഇനത്തിൽ 18,000 രൂപയും റിസ്‌ക് ഫണ്ടായി 525 രൂപയും അടയ്‌ക്കേണ്ടിയിരുന്നു. വായ്പയിൽ നിന്ന് തന്നെ ഇതിനുള്ള തുകയും ബിജു കണ്ടെത്തി.

പൊന്നമ്മ ഈ വിവരം അറിഞ്ഞിട്ടേയില്ലെന്ന് പിന്നീട് മനസിലായി. ഇങ്ങനെ അപഹരിച്ച പണം 2018 ഡിസംബർ അഞ്ചു മുതൽ 12 വരെ വച്ച 13 സ്വർണ പണയ വായ്പകൾ എടുക്കാനാണ് ഉപയോഗിച്ചത്. ഈ പണയവും അംഗങ്ങൾ അറിയാതെ വച്ചിരുന്നതാണ്. ഗാർഹിക അന്വേഷണത്തിനൊടുവിൽ ബിജു കുറ്റം സമ്മതിച്ച് ഒമ്പതു ലക്ഷം തിരിച്ചടച്ചു.സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ വിദ്യാ ജി. നായർ നടത്തി ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇത് ബാങ്കിന്റെ നഷ്ടമായി ഈടാക്കുന്നതിന് ഓഡിറ്റിൽ ശിപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ സെക്രട്ടറി പരാതി നൽകിയത്.