പത്തനംതിട്ട: ഡാമുകൾ തുറന്നു വിട്ടുണ്ടാക്കിയ പ്രളയക്കെടുതിയേക്കാൾ വലിയ ദുരന്തമാണ് സർക്കാരിന്റെ നിർബന്ധിത പിരിവ് നാട്ടുകാർക്ക് സമ്മാനിച്ചത്. സർക്കാരിന് കാശ് എങ്ങനെയെങ്കിലും കൊടുക്കാമെന്ന് കരുതി ഇരിക്കുമ്പോൾ അതാ എത്തുന്നു പാർട്ടിക്കാരുടെ പിരിവ്. പാർട്ടി പത്രത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ ചോദിച്ചാണ് വരവ്. അത്ര കൂടുതൽ ഒന്നുമില്ല, വെറും 2500 രൂപ.

പ്രളയത്തിൽ തകർന്നിരിക്കുകയാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പത്രത്തിന്റെ വരിക്കാരനായേ പറ്റു. പത്രം വായിക്കണം എന്ന് പാർട്ടിക്കാർക്ക് നിർബന്ധമില്ല താനും. ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ കിഴക്കൻ മലയോരഗ്രാമമായ സീതത്തോട്ടിൽ പുതുതായി 721 വാർഷിക വരിക്കാരെയാണ് ദേശാഭിമാനി ചേർത്തിരിക്കുന്നത്. ഈ ഇനത്തിൽ പിരിച്ചെടുത്തത് 18,02,500 രൂപയാണ്. ഇതു വലിയ നേട്ടമായിട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനും ഫേസ്‌ബുക്കിൽ കുറിച്ചത്. അതിങ്ങനെ:

ദേശാഭിമാനി ക്യാമ്പയിൻ: പ്രതികൂല സാഹചര്യത്തിലും 721 വാർഷിക വരിക്കാരെ ചേർത്ത് പുതിയ ചരിത്രമെഴുതി. കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് ആവേശവും മാതൃകയുമായി മാറി സിപിഐ.എം സീതത്തോട് ലോക്കൽ കമ്മറ്റി. ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ സീതത്തോട് ഇക്കഴിഞ്ഞ പ്രളയകാലത്ത് ഏറെ ദുരിതങ്ങൾ നേരിട്ട മേഖലയാണ്. പ്രകൃതിക്ഷോഭത്തിൽ പെട്ട് ഇവിടെ രണ്ട് പേർ മരണപ്പെടുകയും ചെയ്തു.ചെറുതും വലുതുമായ 52ഓളം ഉരുൾപൊട്ടലുകൾ ഈ മേഖലയിൽ ഉണ്ടായതയാണ് ഔദ്യോഗികമായ കണക്ക്.

26 വീടുകൾ ഇവിടെ പൂർണ്ണമായും ഉരുൾപൊട്ടലിൽ തകർന്നിരുന്നു.300 ഓളം വീടുകൾ ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്.നിലവിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് സീതത്തോട്.ദേശാഭിമാനി ക്യാമ്പയിൻ ഇത്തരം ഒരു സാഹചര്യത്തിൽ,ഇത് പോലെ ഒരു ദുരന്തബാധിത മേഖലയിൽ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിക്കുക എന്നത് ഒരു അഭിമാനാർഹമായ നേട്ടം തന്നെയാണ്.ഒപ്പം ദേശാഭിമാനി പത്രത്തിന്റെ ജനകീയതയും സ്വീകാര്യതയും ദിനംപ്രതി വർദ്ധിക്കുന്നുമുണ്ട്.

ഒരു വീട്ടിൽ നിന്ന് എത്ര പേർ പിരിവ് നൽകുന്നുണ്ട് എന്ന കാര്യം സർക്കാരിനും സഖാക്കന്മാർക്കും അറിയില്ല. ജില്ലയിൽ വീടു കയറിയുള്ള ധനസമാഹരണം കഴിഞ്ഞ 17,18 തീയതികളിൽ നടന്നു. ഇതിന് പുറമേ സ്‌കൂളുകൾ, കോളജുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ വേറെ. വ്യാപാരികൾ അതും കൊടുക്കണം. ഒരു വീട്ടിൽ നിന്നു തന്നെ അവിടെയുള്ള വ്യാപാരികൾ, സർക്കാർ ഉദ്യോഗസ്ഥരെങ്കിൽ അത്, പണിയൊന്നുമില്ലാത്തവർ, സ്‌കൂളിൽ പഠിക്കുന്നവർ, അംഗൻവാടിയിൽ പഠിക്കുന്നവർ എന്നിവരെല്ലാം തന്നെ പിരിവ് കൊടുക്കണം. ഏതെങ്കിലും ഒരാൾ കൊടുത്തിട്ടുണ്ട് എന്ന ന്യായമൊന്നും വിലപ്പോകില്ല.

ഇത്രയും പിരിവിന് പെറുക്കി നൽകി ആശ്വസിച്ച് ഇരിക്കുമ്പോഴാകും ദേ വരുന്നു, പാർട്ടി പത്രത്തിന്റെ വാർഷിക വരിസംഖ്യയ്ക്ക് വേണ്ടി ഒരു കൂട്ടർ. കൊടുക്കാൻ മടിച്ചാൽ പിന്നെ ഭീഷണിയാകും. അത് പേടിച്ചാകും പലരും പണം നൽകുക. സർക്കാരിന്റെ പിരിവ് കൊണ്ട് ഇരുട്ടടിയായിരിക്കുന്ന സമയത്ത് തന്നെ പാർട്ടി പത്രത്തിന്റെ പേരിൽ ദ്രോഹിക്കരുതെന്നാണ് വ്യാപാരികൾ അടക്കമുള്ളവരുടെ അഭ്യർത്ഥന.