പത്തനംതിട്ട: സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് ന്യായീകരിക്കാൻ സിപിഎമ്മു ഭരണ സമിതിയും നിരത്തിയ വാദങ്ങളൊക്കെ പൊളിയുന്നു. തട്ടിപ്പിൽ ഭരണ സമിതി അംഗങ്ങളുടെയും സിപിഎം നേതാക്കളുടെയും പങ്ക് വ്യക്തമാക്കിയുള്ള അന്വേഷണ റിപ്പോർട്ട് പൂർണമായും പുറത്തു വന്നതാണ് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ഹൈക്കോടതിയെ സമീപിച്ച് ബാങ്കിന് പൊലീസ് സംരക്ഷണം നേടിയിരിക്കുകയാണ് ഭരണ സമിതി.

1.63 കോടിയുടെ ക്രമക്കേടാണ് ഇതു വരെ പുറത്തു വന്നിട്ടുള്ളത്. ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ സെക്രട്ടറി, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ, സസ്പെൻഷനിലായ സെക്രട്ടറി എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ട്. ഇതിൽ സസ്പെൻഷനിലായ സെക്രട്ടറി കെയു ജോസിനെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കുക എന്ന പദ്ധതിയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ജോസിനെ പുറത്താക്കിയത് വിവാദമാവുകയും മാധ്യമങ്ങൾ സിപിഎമ്മിനും ജനീഷ് കുമാർ എംഎൽഎയ്ക്കും നേരെ തിരിയുകയും ചെയ്തു. ഇതോടെ മുഖം രക്ഷിക്കാനുള്ള പ്രസ്താവനയുമായി സിപിഎം ജില്ലാ സെക്രട്ടറിക്ക് രംഗത്തിറങ്ങേണ്ടിയും വന്നു.

ബാങ്കിൽ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ ആരോപണം. തട്ടിപ്പു നടത്തിയ ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ നടപടിയും സർക്കാരും, ഭരണസമിതിയും സ്വീകരിച്ചിട്ടുണ്ട്. പ്രതി സിപിഎം പ്രവർത്തകനായിരുന്നു തട്ടിപ്പു വിവരം മനസിലാക്കി കർശന നടപടിയിലേക്കു പാർട്ടി കടക്കുന്നു എന്ന് കണ്ട പ്രതി കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്തത്.

സിപിഎം പുറത്താക്കിയ പ്രതി തദ്ദേശസ്വയം ഭരണ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി രംഗത്തുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റമുണ്ടാകുമെന്നും, കേസിൽ സംരക്ഷിക്കാമെന്നും കോൺഗ്രസ് നേതാക്കൾ നല്കിയ ഉറപ്പാണ് പ്രതി യുഡിഎഫ് അനുകൂല നിലപാടുമായി രംഗത്തു വരാൻ കാരണമെന്നും ഉദയഭാനു പറഞ്ഞിരുന്നു.

തട്ടിപ്പ് നടത്തിയത് ജോസ് മാത്രമാണെന്ന് വരുത്തി തീർക്കാൻ ജില്ലാ സഹകരണ ബാങ്ക് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ ചില പേജുകൾ സിപിഎം രംഗത്തു വിട്ടു. എന്നാൽ, അന്വേഷണ റിപ്പോർട്ടിന്റെ മുഴുവൻ ഭാഗവും മാധ്യമങ്ങൾക്ക് നൽകി ജോസ് തിരിച്ചടച്ചു. ബാങ്ക് ഭരണ സമിതി പ്രസിഡന്റിന് വരെ തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഈ രേഖ വെളിയിൽ വന്നതോടെ സിപിഎം റിവേഴ്സ് ഗിയറിലായി. മറച്ചു വച്ച പേജുകൾ പുറത്തായതോടെ നേതാക്കളും എംഎൽഎയും അടക്കം നെട്ടോട്ടമാണ്. കോൺഗ്രസ് കോടതിയെ സമീപിക്കുന്നത് കോടതി മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ്.

നിഷ്പക്ഷമായ അന്വേഷണം വന്നാൽ സിപിഎം നേതാക്കൾ ഒന്നായി അഴിക്കുള്ളിലാകുമെന്ന കാര്യം ഉറപ്പാണെന്നും കോൺഗ്രസ് പറയുന്നു. ഇതേ തുടർന്ന് ഭരണ നേതൃത്വവും ഭീതിയിലാണ്. സമരം കടുക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ച് ബാങ്ക് ഭരണ സമിതി പൊലീസ് സംരക്ഷണം നേടിയിരിക്കുന്നത്.