പത്തനംതിട്ട: ഡിഎച്ച്ആർഎം സംസ്ഥാന ചെയർപേഴ്സൺ സെലീന പ്രക്കാനത്തെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതിയുടെ തുടർന്ന് പൊലീസിന്റെ നെട്ടോട്ടം. ഒടുവിൽ കിഡ്നാപ്പേഴ്സ് സ്വന്തക്കാർ തന്നെയെന്ന് അറിഞ്ഞപ്പോൾ പൊലീസിന് സമാധാനം. ഇന്നലെ വൈകിട്ട് നാലു മണിയോടെ കൊടുമൺ ബുദ്ധപഗോഡയിൽ നിന്നാണ് സെലിനയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.

പിന്നാലെ പഗോഡയിൽ ഉണ്ടായിരുന്നവർ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. അടൂർ ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബുദ്ധപഗോഡയിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് നാലു പേർ എത്തി സെലീനയെ ബലമായി പിടിച്ച് അവരുടെ കാറിൽ തന്നെ കയറ്റിക്കൊണ്ടു പോയത്.

പൊലീസ് ഉടൻ തന്നെ കാർ നമ്പർ എല്ലാ സ്റ്റേഷനുകളിലേക്കും നൽകി. സെലീനയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ഡ്രൈവറെ വിളിച്ചപ്പോൾ കിട്ടി. വിതുരയിൽ ഒരു പരിപാടിയിൽ സെലീന പങ്കെടുക്കുകയാണെന്ന് വിവരം കിട്ടി. കൊടുമണിലെ പരിപാടിക്ക് ഏറ്റ സമയം തന്നെ സെലീന വിതുരയിലെ ഡിഎച്ച്ആർഎം സമ്മേളനത്തിനും നൽകിയിരുന്നു. അതിന്റെ ആൾക്കാരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്ന് സെലീന പൊലീസിനോട് പറഞ്ഞു.