മുംബൈ: കോവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. നഗരത്തിൽ ഹദസ്പറിലെ നിർമ്മാണ പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാൽ, കോവിഡ് വാക്‌സിൻ നിർമ്മിക്കുന്ന നിർമ്മാണ കേന്ദ്രത്തെ തീ ബാധിച്ചില്ല. ഇവിടെ സുരക്ഷിതമായിരുന്നതുകൊണ്ട്തന്നെ വാക്‌സിനുകൾക്കും കേടുപാടില്ല

റോട്ടാവൈറസ് നിർമ്മാണ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും സിആഒയുമായ അദാർ പൂണെവാല അറിയിച്ചു. കുഞ്ഞുങ്ങൾക്കും കൊച്ചുകുട്ടികൾക്കും വയറിളക്ക രോഗങ്ങൾ ഉണ്ടാകുന്നതിന് മുഖ്യകാരണക്കാരാണ് റോട്ടാവൈറസുകൾ.

'എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. ഏറ്റവും പ്രധാനപ്പെട്ടകാര്യം ആർക്കും അപകടം ഉണ്ടായില്ല എന്നതാണ് 'അദാർ പൂണെവാല പറഞ്ഞു.കോവിഡ് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സുരക്ഷിതമായിരുന്നെങ്കിലും, റോട്ടാവൈറസ് വിതരണം 30 മുതൽ 40 ശതമാനം വരെ കുറയുമെന്നത് സങ്കടപെടുത്തുന്ന കാര്യമാണ്, സംഭവത്തിന്റെ പേരിൽ കോവിഷീൽഡ് വാക്‌സിൻ ഉത്പാദനത്തിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

തീ നിയന്ത്രണവിധേയമായെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. മഞ്ച്രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45 ഓടെയാണ് സംഭവം. ടെർമിനൽ-I ൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.

അഗ്‌നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ അപകടത്തിനു പിന്നാലെ പ്രദേശത്ത് എത്തി. തീപ്പിടിത്തത്തിന്റെ യഥാർഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തുകയും ചെയ്തു. മഞ്ചരി ക്യാമ്പസിലെ പുതിയ കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഈ കെട്ടിടം കോവിഷീൽഡ് നിർമ്മാണ യൂണിറ്റുമായി നേരിട്ട് ബന്ധമുള്ളതല്ല. 4.15 ഓടെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. 9 പേർ അകത്ത് കുടുങ്ങിയെങ്കിലും അവരെ രക്ഷിക്കാൻ സാധിച്ചുവെന്ന് ഫയർ ബ്രിഗേഡ് വക്താക്കൾ അറിയിച്ചു.

തീപിടുത്തമുണ്ടായ റോട്ടാ വൈറസ് ലാബിൽ ഇലക്ട്രിക്-പൈപ്പ് ഫിറ്റിങ് പണി നടക്കുകയായിരുന്നു. ഇതിൽ പെട്ട ജീവനക്കാരാണ് അകത്ത് കുടുങ്ങിയത്. 10 ഫയർ ടെൻഡറുകളാണ് തീ കെടുത്താൻ ഉപയോഗിച്ചത്.