ന്യൂഡൽഹി: കൊറോണ വൈറസ് വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷണം. ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലായി 18 വയസിന് മുകളിലുള്ള 1600 പേർ പഠനത്തിൽ പങ്കാളികളാകുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കൽ കോളേജ്, മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കൽ കോളേജ്, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വാക്‌സിൻ നിർമ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി സഹകരണമുണ്ട്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാൽ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാല-അസ്ട്രാസെനേകയും നോവാക്സും വികസിപ്പിക്കുന്ന കോവിഡ്-19 വാക്സിനുകൾ ധാരാളമായി ഉൽപാദിപ്പിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. 150 മില്ല്യൺ ഡോളറിന്റെ ഫണ്ടാണ് ഫൗണ്ടേഷൻ സെറം ഇന്ത്യയ്ക്ക് നൽകുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലെ കരാർ അനുസരിച്ച് സെറം ഇന്ത്യ വാക്സിന്റെ 100 മില്ല്യൺ ഡോസുകൾ മൂന്ന് ഡോളറിന് (ഏകദേശം 225 രൂപ) നൽകണം. ഇന്ത്യയ്ക്കും മറ്റു കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കും വേണ്ടിയാണ് ഈ ഡോസുകൾ ഉൽപാദിപ്പിക്കുന്നത്.

പുനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറം ഇന്ത്യയുടെ വാക്സിൻ നിർമ്മാണ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ഈ പണം സഹായിക്കുമെന്ന് കരുതുന്നു. ലോകരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ 2021-ന്റെ ആദ്യ പകുതിയോടെ വാക്സിൻ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് സെറം ഇന്ത്യ പറയുന്നു.

വാക്സിനുകളുടെ നീതിപൂർവകമായ വിതരണത്തിനായുള്ള സഖ്യമായ കോവാക്സിന്റെ സംവിധാനത്തിലൂടെയാകും ഡോസുകൾ വിതരണം ചെയ്യുക. ഗവി, കോയലീഷൻ ഫോർ എപിഡെമിക് പ്രിപ്പയേർഡ്നെസ്സ് ഇന്നോവേഷൻസ് (സിഇപിഐ), ലോകാരോഗ്യ സംഘടന എന്നിവ കോവിഡ്-19 വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള ഉഭയകക്ഷി കരാറുകളെ നിരുത്സാഹപ്പെടുത്തുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വാക്സിനുകൾ വിതരണം ചെയ്യുന്നതിനായുള്ള ഫണ്ട് സ്വരൂപണവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

ഓക്സ്ഫോർഡിന്റെ വാക്സിൻ വിജകരമായാൽ 57 രാജ്യങ്ങളിലും നോവാക്സിന്റേത് വിജയമായാൽ 92 രാജ്യങ്ങളിലും ഈ ശ്രമങ്ങളുടെ ഭാഗമായി വിതരണം ചെയ്യും.കോവിഷീൽഡ് എന്ന് വിളിക്കുന്ന ഓക്സ്ഫോർഡിന്റെ വാക്സിൻ ഉൽപാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് 100 മില്ല്യൺ ഡോളർ നിക്ഷേപം ഈ വർഷം തുടക്കത്തിൽ സ്വീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് പേരിൽ ഈ വാക്സിൻ പരീക്ഷണം നടക്കുകയാണ്.