ന്യൂഡൽഹി: കോവീഷീൽഡ് വാക്‌സീന് വില കുറച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചതെന്ന് സീറം ഇൻസ്റ്ററ്റിയൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സർക്കാരിന് നൽകുന്ന വാക്‌സീന്റെ വില കുറയ്ക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'മനുഷത്വപരമായ നടപടിയുടെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്ന് വാക്‌സീന്റെ വില ഡോസിന് 400 രൂപയിൽനിന്ന് 300 രൂപയാക്കി കുറച്ചു. ഇത് സംസ്ഥാന സർക്കാരുകളുടെ കോടിക്കണക്കിന് ഫണ്ടുകൾ ലാഭിക്കാൻ കാരണമാകും. ഇത് കൂടുതൽ പ്രതിരോധ കുത്തിവയ്‌പ്പുകളും എണ്ണമറ്റ ജീവൻ രക്ഷിക്കുന്നതിനും കാരണമാകും' പൂനവാല ട്വീറ്റ് ചെയ്തു.
സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്‌സീൻ ഡോസുകളുടെ വിലയിൽ മാത്രമാണ് മാറ്റമുള്ളത്. സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപ എന്ന നില തന്നെ തുടരും.

സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കും.

ഓക്സ്ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത് പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഭാരത് ബയോടെക് ഐ..സി.എം.ആർ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുക.