പത്തനംതിട്ട: വൻ സ്രാവുകളെ ഒഴിവാക്കി ചെറുമീനുകളെ മാത്രം പിടികൂടി അഴിമതി നിർമ്മാർജനം ചെയ്യാനിറങ്ങിയ പൊലീസിലെ ഉന്നതർക്ക് തിരിച്ചടി. ഓൺ പബ്ലിക് ഗ്രൗണ്ട് എന്ന കാരണം പറഞ്ഞ് അഞ്ചു ജില്ലകളിലുള്ള എസ്ഐ മുതൽ താഴോട്ടുള്ള 28 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് അഞ്ചു മാസത്തിന് ശേഷം പിൻവലിച്ച് പൊലീസ് ആസ്ഥാനത്തെ ഉന്നതർ തലയൂരി. നിങ്ങൾ പറയുന്ന പബ്ലിക് ഗ്രൗണ്ട് എന്താണെന്ന് വിശദീകരിക്കണമെന്നും അല്ലാത്ത പക്ഷം തങ്ങൾ കോടതിയെ സമീപിക്കുമെന്നും കാട്ടി സ്ഥലം മാറ്റപ്പെട്ടവർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു സ്ഥലം മാറ്റം. ഇവർക്കെതിരേ നിലവിൽ ഗൗരവകരമായ കുറ്റമൊന്നും ചൂണ്ടിക്കാണിക്കാനുമില്ലായിരുന്നു. ഉദ്യോഗസ്ഥർ കോടതിയിൽ പോയാൽ റിപ്പോർട്ട് തയാറാക്കിയവർക്കും സ്ഥലം മാറ്റിയവർക്കും പണി കിട്ടുമെന്ന് വന്നപ്പോഴാണ് ഇവരെയെല്ലാം തിരികെ അതാത് യൂണിറ്റിൽ തന്നെ പുനർ നിയമനം നൽകി തലയൂരിയിരിക്കുന്നത്.

ദക്ഷിണ മേഖലാ ഐജിയുടെ കീഴിലുള്ള 28 ഉേദ്യാഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടത്. അഴിമതിക്കാരാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള എസ്‌ഐമാർക്കും ഗ്രേഡ് എസ്‌ഐമാർക്കുമാണ് മാറ്റം. പത്തനംതിട്ട ജില്ലയിൽ നിന്ന് ആറു പേരെയാണ് മാറ്റിയത്.പെരുമ്പെട്ടി എസ്‌ഐ പികെ കവിരാജൻ, ഗ്രേഡ് എസ്‌ഐമാരായ കുരുവിള സക്കറിയ (മലയാലപ്പുഴ), ഷാജഹാൻ (പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസ്), സുരേന്ദ്രൻ പിള്ള (അടൂർ), സുരേന്ദ്രനാഥ പിള്ള (കൊടുമൺ), ടിഎം സലിം (കീഴ്‌വായ്പൂർ) എന്നിവരെ എറണാകുളം റൂറലിലേക്കാണ് മാറ്റിയിരുന്നത്.

നിരന്തര പരാതികൾ ഉയർന്നതിനെ തുടർന്ന് സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവർക്കെതിരായ പരാതി ശരി വച്ച് അതാത് ജില്ലകളിലെ സംസ്ഥാന ഇന്റലിജൻസ് ഡിവൈഎസ്‌പിമാർ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് 'ഓൺ പബ്ലിക് ഗ്രൗണ്ട്' എന്ന ലേബലിൽ സ്ഥലം മാറ്റ ഉത്തരവ് വന്നത്. പത്തനംതിട്ടക്കാരെ എറണാകുളത്തേക്കും അവിടെയുള്ളവരെ ഇവിടേക്കുമാണ് മാറ്റിയരിക്കുന്നത്. ഇടുക്കിക്കാർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പോസ്റ്റിങ്.

സെപറ്റംബർ എട്ടാം തീയതിയാണ് ഉത്തരവ് വന്നത്. പിറ്റേന്ന് തന്നെ എല്ലാവരും അതത് സ്റ്റേഷനുകളിൽ ചുമതലയേൽക്കാൻ നിർദ്ദേശവും വന്നു. ഉത്തരവ് കണ്ട് ആദ്യം ഞെട്ടിയവർ പിന്നീട് ഉണർന്നു. അസോസിയേഷനുകളും ഇവർക്ക് അനുകൂലമായി നിലകൊണ്ടു. അതോടെയാണ് ആ പബ്ലിക് ഗ്രൗണ്ട് എന്താണെന്ന ചോദ്യം വന്നത്. സെപ്റ്റംബർ ഏഴിന് ഇറക്കിയ ഉത്തരവ് റദ്ദാക്കുന്നുവെന്നും ഇവരെ തിരികെ പഴയ യൂണിറ്റുകളിലേക്ക് നിയമിക്കുന്നുവെന്നും ജനുവരി എട്ടിനാണ് ഉത്തരവ് വന്നത്.