- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തെ പര്യവേഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാൻ ദൗത്യം ഏഴു വർഷം പൂർത്തിയാക്കി; ചൊവ്വയിലെ സീസൺ മാറ്റങ്ങൾ ഒപ്പിയെടുത്ത് ദൗത്യം തുടരുന്നു; ചൊവ്വാ ഗവേണഷത്തിനും കൂടുതൽ വിവരങ്ങൾ ലഭിച്ചു; ഇന്ത്യയുടെ അഭിമാന പര്യവേഷണത്തിന്റെ രണ്ടാം ഘട്ടവും ഉടൻ
തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച ചുവടുവെപ്പായിരുന്നു ഇന്ത്യയുടെ മംഗൾയാൻ ദൗത്യം. ഈ ദൗത്യം വൻ വിജയമായതിന് പിന്നാലെ മംഗൾയാനിന്റെ രണ്ടാം ദൗത്യത്തിനും ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്. ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ മംഗൾയാൻ വിക്ഷേപിച്ചത്. എന്നാൽ, മംഗൾയാൻ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ടു പോകുകയാണ്.
ചെറിയ സാങ്കേതികപ്രശ്‌നങ്ങളുണ്ടെങ്കിലും ഒരു വർഷം കൂടി ഭ്രമണം തുടരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ എന്നിവയുടെ പഠനത്തിനാണു മംഗൾയാൻ വിക്ഷേപിച്ചത്. പേടകം 3 ചൊവ്വാവർഷങ്ങൾ പിന്നിട്ടു. ഭൂമിയിലെ 2 വർഷമാണു ചൊവ്വയിലെ ഒരു വർഷം. ഓരോ സീസണിലും ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ പേടകത്തിനു കഴിഞ്ഞു.
മംഗൾയാൻ പകർത്തിയ ആയിരക്കണക്കിനു ചിത്രങ്ങൾ ഉപയോഗിച്ച് ഐഎസ്ആർഒ ചൊവ്വയുടെ അറ്റ്ലസ് തയാറാക്കിയിരുന്നു. മംഗൾയാനിൽ
നിന്നുള്ള വിവരങ്ങൾ വിവിധ രാജ്യങ്ങളിൽ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുന്നു. ഇപ്പോഴും പ്രവർത്തനം തുടരുന്നുവെന്നതു സംതൃപ്തി പകരുന്ന കാര്യമാണെന്ന് വിക്ഷേപണസമയത്ത് ഐഎസ്ആർഒ മേധാവിയായിരുന്ന കെ. രാധാകൃഷ്ണൻ പറഞ്ഞു.
2023ലെ ചന്ദ്രയാൻ3 ദൗത്യത്തിനുശേഷം രണ്ടാം മംഗൾയാൻ ദൗത്യം ലക്ഷ്യമിടുകയാണ് ഐഎസ്ആർഒ. ആദ്യ ദൗത്യത്തിൽനിന്നുള്ള സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയാണ് ഒരുക്കം. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാതെ ഭ്രമണപഥത്തിൽനിന്ന് ഓർബിറ്റർ ഉപയോഗിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം.
ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു ഇതാണ് ഇപ്പോൾ ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്നത്.
ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.
ചൊവ്വയിലെ ഗർത്തങ്ങൾ, കുന്നുകൾ, താഴ്‌വരകൾ, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾ മംഗൾയാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തിൽ അവശേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം ഗവേഷകർ അറിയിച്ചിരുന്നത്. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്