- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരാതി കേൾക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല; പ്രതിയുടെ ചിത്രമടക്കം കൈമാറി; പൊലീസ് ചോദിച്ചത് കേസ് കൊടുക്കാൻ താൽപ്പര്യമുണ്ടോ എന്ന്; പിറ്റേന്ന് വിളിച്ചപ്പോൾ പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ച്'; സദാചാര ഗുണ്ടാ ആക്രമണത്തിൽ പൊലീസിന്റെ നിസംഗത തുറന്നുപറഞ്ഞ് ഇരയായ ഷംല
തിരുവനന്തപുരം: പരവൂരിൽ സദാചാര ഗുണ്ടാ ആക്രമണത്തിൽ പരാതി നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് ഇരയായ സ്ത്രീ ഷംല. പരാതി കേൾക്കാൻ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് ഷംല ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു. കേസ് കൊടുക്കാൻ താൽപ്പര്യമുണ്ടോയെന്ന് ആയിരുന്നു പൊലീസിന്റെ ചോദ്യം.
പ്രതിയുടെ ചിത്രമടക്കം പൊലീസിന് കൈമാറിയിരുന്നു. എന്നാൽ സംഭവ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. പിറ്റേന്ന് വിളിച്ചപ്പോൾ പൊലീസ് പറഞ്ഞത് പ്രതിയുടെ പരാതിയെക്കുറിച്ചെന്നും ഷംല പറഞ്ഞു. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നാണ് പ്രതി ആശിഷിനെ പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് പരവൂർ തെക്കും ഭാഗം ബീച്ച് റോഡിൽ വച്ചാണ് ഷംലയ്ക്കും മകൻ സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ആശിഷിൽ നിന്ന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷംലയുടെ ചികിൽസ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്.
രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വർഷമായി ഷംല മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറിൽപ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണുവാങ്ങി കാറിൽവെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തിൽ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.
അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോൾ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടർന്ന് ആശിഷ് ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു. ആളുകൾ കൂടുന്നതുകണ്ടപ്പോഴാണ് ഇയാൾ മർദനം അവസാനിപ്പിച്ചത്. പ്രാണരക്ഷാർത്ഥം പരവൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു ഇരുവരും.
ഷംലയും സാലുവും പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂർ എ.സി.പി.യെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ആശിഷ് അമ്മയ്ക്കും മകനുമെതിരെ കള്ളക്കേസ് നൽകാനും ശ്രമിച്ചു. ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിന്റെ സഹോദരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കള്ളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്