മല്ലപ്പള്ളി: പഠനകാലത്ത് പ്രണയിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത് വന്നിരുന്ന കാമുകിയെ മറ്റൊരു വിവാഹത്തിന് വിട്ടു കൊടുത്തു കൊണ്ടുള്ള ഹൃദയ വിശാലത. വിവാഹം കഴിഞ്ഞ് ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ ബന്ധം തുടർന്നു. ഗർഭിണിയായപ്പോൾ വിവാഹ വാഗ്ദാനം ചെയ്ത് അബോർഷൻ നടത്തി. വിവരമറിഞ്ഞ ഭർത്താവ് ഉപേക്ഷിച്ചെന്ന് മനസിലായപ്പോൾ കാമുകിയെ കൈവിട്ട് മറ്റൊരു വിവാഹത്തിനൊരുങ്ങി. ചതിക്കപ്പെട്ട കാമുകി പരാതി നൽകിയപ്പോൾ കള്ളക്കാമുകനെ പൊലീസ് കൈയോടെ പൊക്കി.

അറസ്റ്റിലാകുമെന്നും പത്രങ്ങളിൽ പടം വരുമെന്നുമായപ്പോൾ താൻ തന്നെ കെട്ടിക്കോളാമെന്ന് സന്നദ്ധതയും. മല്ലപ്പള്ളിയിൽ പീഡനക്കേസിൽ കൺസ്ട്രക്ഷൻസ് കമ്പനി ഉടമ അറസ്റ്റിൽ. കവിയൂരിൽ കൃപ കൺസ്ട്രക്ഷൻസ് എന്ന പേരിൽ നിർമ്മാണ സ്ഥാപനം നടത്തുന്ന
ആനിക്കാട് മേപ്പുറത്ത് വീട്ടിൽ ലിജോ ഏബ്രഹാമി(28) നെയാണ് കീഴ്‌വായ്പൂർ സ്വദേശിനിയുടെ പരാതിയിൽ ഇൻസ്പെക്ടർ സിടി സഞ്ജയ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഞ്ചു വർഷം മുൻപ് ഐടിഐയിൽ സിവിൽ കോഴ്സിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. അന്നുണ്ടായ പ്രണയബന്ധം ശാരീരികമായും മാനസികമായും ഉള്ളതായിരുന്നു. ഒടുവിൽ യുവതിക്ക് വിവാഹാലോചന വന്നപ്പോൾ ലിജോ മഹാമനസ്‌കത കാണിച്ചു. നീ വിവാഹം കഴിച്ചു സുഖമായി ജീവിക്കുക. നിന്നെയുമോർത്ത് ഞാനെന്റെ ശിഷ്ടജീവിതം തുടർന്നോളാം. ജീവിതത്തിൽ തനിക്കൊരു വിവാഹമുണ്ടാകില്ലെന്നുമൊക്കെ പറഞ്ഞ് യുവതിയെ ലിജോ തന്നെ വിവാഹത്തിന് പ്രേരിപ്പിച്ചു. ഗൾഫുകാരനാണ് യുവതിയെ കെട്ടിയത്.

ലീവ് കഴിഞ്ഞ് അയാൾ മടങ്ങിയതോടെ യുവതിയും ലിജോയുമായി ബന്ധം തുടർന്നു. ഇതിനിടെ പരാതിക്കാരി ഗർഭിണിയായി. ലിജോ മുൻകൈയെടുത്ത് ഗർഭഛിദ്രം നടത്തി. താൻ വിവാഹം കഴിച്ചോളാമെന്നും ഒരുമിച്ച് ജീവിക്കാമെന്നുമുള്ള ഉറപ്പിലായിരുന്നു ഇത്. യുവതിയുടെ പ്രേമബന്ധവും ഗർഭഛിദ്ര കഥയും ഇതിനിടെ ഭർത്താവ് അറിഞ്ഞു. അയാൾ യുവതിയെ ഉപേക്ഷിച്ചു. ഇതോടെ ലിജോ യുവതിയിൽ നിന്ന് മെല്ലെ അകന്നു. മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതോടെയാണ് യുവതി പീഡനത്തിന് പരാതി നൽകിയത്. പൊലീസ് കൈയോടെ പൊക്കിയപ്പോൾ ലിജോ പരാതിക്കാരിയെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കി.