കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ കേസെടുത്തു.സി പി എം ലോക്കൽ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി അംഗവും പീഡിപ്പിച്ചെന്ന ഭർത്തൃമതിയായ യുവതിയുടെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.

സി പി എം പതിയാരക്കര ലോക്കൽ കമ്മറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാരക്കര പുല്ലുള്ള പറമ്പത്ത് പി പി ബാബുരാജ്, ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖലാ കമ്മറ്റി സെക്രട്ടറിയുമായ ടി പി ലിജീഷ് എന്നിവർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വടകര ചന്തപ്പറമ്പിലെ ചുമട്ട് തൊഴിലാളി യൂണിയൻ നേതാവ് കൂടിയാണ് ബാബുരാജ്. സി പി എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് പരാതിക്കാരിയായ യുവതി. മൂന്ന് മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.

പിന്നീട് ബാബുരാജിന്റെ നിർദ്ദേശ പ്രകാരം സുഹൃത്തായ ലിജീഷും തന്റെ വീട്ടിലെത്തി തനിക്ക് വഴങ്ങിയില്ലെങ്കിൽ ഇക്കാര്യം പുറത്തു പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഇരുവരും ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും റൂറൽ ജില്ലാ പൊലീസ് മേധാവി, വടകര ഡി വൈ എസ് പി, വടകര സി ഐ എന്നിവർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴിയെടുത്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവം പാർട്ടി ഫോറത്തിൽ പരാതിയായി വന്നെങ്കിലും പല പ്രാവശ്യം ചർച്ച ചെയ്തിട്ടും പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെ ഇക്കഴിഞ്ഞ ദിവസം ഇരുവർക്കുമെതിരെ പാർട്ടി നടപടി സ്വീകരിച്ചതായതാണ് വിവരം.