ആലപ്പുഴ: പ്രണയിച്ച് വിവാഹം കഴിച്ച ശേഷം സ്ത്രീധനത്തിന്റെ പേരിൽ യുവതിയോടും കുഞ്ഞിനോടും സൈനികനായ ഭർത്താവിന്റെ കൊടും ക്രൂരത. ഇന്ത്യൻ ആർമിയിൽ സൈനികനായ അലപ്പുഴ പൊന്നാട് പണ്ടാരപ്പാട്ടത്തിൽ കിരൺ കുമാറാണ് ഭാര്യ മണ്ണഞ്ചേരി സ്വദേശി അമൃതാ അനിമോനെയും മകൾ കാശ്വിതയെയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത്. നിർദ്ധന കുടുംബത്തിലെ അംഗമായ അമൃതയെ പ്രണയിച്ച് വശത്താക്കുകയും പിന്നീട് വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു. മൂന്ന് മാസം പിന്നിട്ട ശേഷമാണ് സ്ത്രീധനമായി അമൃതയുടെ വീട്ടുകാർ നൽകിയ സ്വർണം മാത്രം പോരാ എന്ന് പറഞ്ഞ് പ്രശ്നങ്ങൾ തുടങ്ങിയത്. ഗർഭിണിയായ സമയം കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ശ്രമവും നടത്തി. കുഞ്ഞ് ജനിച്ച ശേഷം കൊല്ലാനും ശ്രമിച്ചു. പീഡന പരാതി മണ്ണഞ്ചേരി പൊലീസിൽ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

2019 ഏപ്രിൽ മാസത്തിലായിരുന്നു അമൃതയും സൈനികനായ കിരണും തമ്മിലുള്ള വിവാഹം. പൂണെയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അമൃതയെ ഒപ്പം ജോലി ചെയ്തിരുന്ന സഹോദരിയെ കാണാനെത്തിയ കിരൺ പ്രണയത്തിലാക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി സംസാരിച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന് സ്ത്രീധനമൊന്നും വേണ്ട എന്നായിരുന്നു കിരണിന്റെ നിലപാട്. എങ്കിലും മകളെ കെട്ടിച്ചയക്കുമ്പോൾ പിതാവ് അനിമോൻ കയ്യിലുള്ള പണുവം ബന്ധുക്കളും നാട്ടുകാരും സഹായിച്ച പണവും ഉപയോഗിച്ച് 37 പവൻ സ്വർണ്ണവും രണ്ടു ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം പാചകക്കാർക്കും പന്തലുകാർക്കും നൽകാൻ പണമില്ല എന്ന് പറഞ്ഞ് അമൃതയുടെ അച്ഛന്റെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോൾ തന്നെ കിരൺ അമൃതയുടെ സ്വർണ്ണമെല്ലാം വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. കയ്യിൽ പണമില്ലാതെ വന്നതോടെ തനി നിറം പുറത്തായി. സ്ത്രീധനമായി ഇനിയും പണം വേണമെന്ന ആവശ്യമാണ് ഇയാൾ അമൃതയോട് പറഞ്ഞത്. എന്നാൽ വീട്ടിലെ ദുരവസ്ഥ അറിയാവുന്ന അമൃത കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കിരൺ വഴങ്ങിയില്ല. പട്ടാളക്കാരനായ തനിക്ക് 101 പവനും കാറും ലക്ഷങ്ങളും കിട്ടേണ്ടതായിരുന്നു എന്നും ഈ വിവാഹം വലിയ മണ്ടത്തരമായിരുന്നു എന്നും പറഞ്ഞു മർദ്ദനം തുടർന്നു. ഇതിനിടയിൽ അമൃത ഗർഭിണിയായി. എന്നാൽ കുഞ്ഞിനെ ഇല്ലാതാക്കാനായി അടുത്ത ശ്രമം. ഇതിനായി അമ്മായി അമ്മകൂടി ഇതിന് കൂട്ടു നിന്നു. പക്ഷേ അമൃത വിസമ്മതിച്ചു. ഇതോടെ പൈനാപ്പിൾ ജ്യൂസും പപ്പായ ജ്യൂസും നൽകി. വലിയ കുണ്ടും കുഴിയുമുള്ള റോഡുകളിൽ കൂടി കൊണ്ടു പോയും ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം വിഫലമായി. കുഞ്ഞു ജനിച്ചു.

പ്രസവത്തിനായി കിരൺ ഒന്നും ചെലവാക്കിയില്ല. അമൃതയുടെ വീട്ടുകാരാണ് മുഴുവൻ ചിലവുകളും വഹിച്ചത്. കുഞ്ഞു ജനിച്ചതിന് ശേഷവും കിരൺ അടങ്ങിയിരുന്നില്ല. അമൃതയുടെ സ്വന്തം വീട് എഴുതി വാങ്ങണമെന്നായി. എതിന് വിസമ്മതിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. കുതറിയോടിയതിനാൽ രക്ഷപെട്ടു. ഇതിനിടയിൽ മദ്യപിച്ചെത്തിയ ഇയാൾ കൈക്കുഞ്ഞിനെ ടേബിൽ ഫാൻ ശക്തിയായി പ്രവർത്തിപ്പിച്ചതിന് ശേഷം മുന്നിൽ പിടിച്ചു. ശ്വാസം മുട്ടി പിടഞ്ഞ കുഞ്ഞിനെ ഒരുവിധമാണ് ഇയാളുടെ കയ്യിൽ നിന്നും അമൃത രക്ഷപെടുത്തിയത്. പീഡനം സഹിക്കവയ്യാതെ പിതാവിനെ വിളിച്ചു വരുത്തി തിരികെ വീട്ടിലേക്ക് തന്നെ അമൃത മടങ്ങി. ഒപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അമൃതയെ കുറ്റപ്പെടുത്തി സംസാരിക്കുക മാത്രമാണ് അവർ ചെയ്തത്.

അമൃതയുമായി വഴക്കിട്ട സമയം കിരൺ നഴ്സിങ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ കത്തിച്ചു കളഞ്ഞു. ഇക്കാര്യം പൊലീസിനോട് പറഞ്ഞപ്പോൾ ഞങ്ങളല്ല ഇത് വീണ്ടെടുത്ത് തരേണ്ടത്, യൂണിവേഴ്സിറ്റിയിൽ അപേക്ഷ കൊടുക്കുകയാണ് വേണ്ടത് എന്ന് ഉപദേശിക്കുകയായിരുന്നു. കിരണിനെ പിൻതുണച്ചായിരുന്നു പൊലീസിന്റെ സംസാരം. ഇതോടെ ആലപ്പുഴ ജില്ലാ വനിതാ സെല്ലിന്റെ സഹായത്തോടെ ലീഗൽ സർവ്വീസ് അഥോറിറ്റിയിൽ ബന്ധപ്പെട്ട് അഡ്വ.പി.പി ബൈജു വഴി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസ് മേധാവിയുടെ നിർദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് മണ്ണഞ്ചേരി പൊലീസ് പരാതിയിന്മേൽ കേസെടുക്കാൻ തയ്യാറായത്. കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തില്ല. ഇതിനിടയിൽ കിരണിന്റെ ഭീഷണി കൂടിയപ്പോൾ കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങി. ഈ ഉത്തരവ് കയ്യിലിരിക്കുമ്പോഴും കിരൺ അമൃതയെ മർദ്ദിച്ചു. എന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തില്ല. ഏതു സമയവും കിരണിന്റെ ഭാഗത്ത് നിന്നും അക്രമം ഉണ്ടാകും എന്ന് ഭയന്നിരിക്കുകയാണ് അമൃതയും കുഞ്ഞും കുടുംബവും.

.

പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കില്ല എന്നറിഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ ഇപ്പോൾ. പഞ്ചാബിലാണ് കിരൺ ജോലി ചെയ്യുന്നത്. അടുത്തിടെ നാട്ടിലെത്തിയ ഇയാൾ വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആർമിയിലേക്ക് അയച്ച് ലീവ് നീട്ടി നാട്ടിൽ തന്നെ തുടരുകയാണ്. ഇത് സംബന്ധിച്ചും പരാതി നൽകിയിട്ടുണ്ട്.