- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്കൽ സെക്രട്ടറിയായിരിക്കേ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസ് വന്നപ്പോൾ ഡിഎൻഎ സാമ്പിൾ മാറ്റി അട്ടിമറിക്ക് ശ്രമിച്ചു; തരംതാഴ്ത്തി ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീണ്ടും പീഡന പരാതിയിൽ അകപ്പെട്ട് സിപിഎം നേതാവ് സജിമോൻ; നഗ്നത ചിത്രീകരിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ പാർട്ടിയുടെ അനുവാദം കാത്ത് പൊലീസ്
തിരുവല്ല: കട നടത്താൻ കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വിവാദ നായകനായ സിപിഎം നേതാവ് വീണ്ടും പീഡനക്കേസിൽ പ്രതിസ്ഥാനത്ത്. ആദ്യ പീഡനക്കേസിൽ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നത് തടയാൻ ഡിഎൻ സാമ്പിൾ മാറ്റിയതടക്കമുള്ള സംഭവം ഉണ്ടായതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട നേതാവിനെതിരേ ഇക്കുറി പീഡന പരാതി വന്നിട്ടും കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പരാതിക്കാരി നൽകിയ മൊഴി തിരുവല്ല ഇൻസ്പെക്ടർ ചവിട്ടി വച്ചിരിക്കുകയാണ്. പാർട്ടിയുടെ നിർദ്ദേശം വരുന്നത് അനുസരിച്ച് കേസെടുക്കാനാണ് തീരുമാനം.
ചുമത്ര ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരേയാണ് പരാതി. പൊതുപ്രവർത്തന രംഗത്തുള്ള വീട്ടമ്മയെ കാറിൽ കൊണ്ടുപോയി നഗ്നവീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്ന പരാതി എസ്പി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറി.
പൊലീസ് ഇൻസ്്പെക്ടർ പരാതിക്കാരിയെ വിളിച്ച് മൊഴി എടുത്തെങ്കിലും കേസെടുക്കാതെ മാറ്റി വച്ചിരിക്കുകയാണ്. പാർട്ടി സമ്മേളനം നടക്കുന്ന അവസരത്തിൽ ഒരേ നേതാവ് തന്നെ രണ്ടാം തവണയും പീഡനക്കേസിൽപ്പെടുന്നത് സിപിഎമ്മിന് നാണക്കേടുണ്ടാക്കുമെന്ന് കണ്ടാണ് കേസെടുക്കുന്നത് വൈകിപ്പിച്ചിരിക്കുന്നത്. പരാതിക്കാരിയും സിപിഎം അനുഭാവിയാണ്. സജിമോൻ ചുമത്ര ലോക്കൽ സെക്രട്ടറിയായിരിക്കുമ്പോഴാണ് ആദ്യത്തെ പീഡന പരാതി ഉണ്ടായത്.
പരാതിക്കാരി ഗർഭിണി ആയതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇതിനായി ശേഖരിച്ച സജിമോന്റെ സാമ്പിൾ മാറ്റി വേറെ വച്ചുവെന്ന പരാതിയിൽ അന്ന് തിരുവല്ല സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തേക്ക് വരാനിരിക്കുമ്പോഴാണ് ഹരിലാൽ സസ്പെൻഷനിലായത്.
സിപിഎം തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ പ്രതിയായ പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുമ്പോഴാണ് ആൾമാറാട്ടം നടന്നത്. ചുമത്ര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ മജിസ്ട്രേറ്റ് നേരിട്ടാണ് സജിമോനെതിരേ കേസ് എടുത്തത്. അന്നു തന്നെ ഒളിവിൽ പോയ സജിമോൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉദാര സമീപനം ഉണ്ടായതോടെ കോടതി ഉപാധികളോടെ സജിമോന് ജാമ്യം അനുവദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഡിഎൻഎ അടക്കമുള്ള പരിശോധനകൾ നടത്താനുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇതിൻ പ്രകാരം രാത്രിയാണ് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായത്. തുടർന്നാണ് ആൾമാറാട്ടം അരങ്ങേറിയത്. പൊലീസുകാരൻ ഹരിലാലിനെയും കൂട്ടി തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് സജിമോനെ അയച്ചു. അയച്ചതാര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സജിമോൻ തന്നെ ഓപി ടിക്കറ്റെടുത്ത് ആദ്യം ലൈംഗിക ശേഷി പരിശോധനയ്ക്ക് ഹാജരായി. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ പോയപ്പോഴാണ് ആൾമാറാട്ടം നടന്നത്.
സജിമോന്റെ പേരിൽ എടുത്ത ഒപി ടിക്കറ്റുമായി രക്തപരിശോധനയ്ക്ക് ഹാജരായത് സുമേഷ് എന്ന ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. ലാബ് ടെക്നിഷ്യൻ പേര് ചോദിച്ചപ്പോൾ സജിമോൻ എന്നതിന് പകരം സ്വന്തം പേരാണ് ഇയാൾ പറഞ്ഞത്. സാമ്പിൾ ബോട്ടിലിന് പുറത്ത് ഇതേ പേര് തന്നെ ടെക്നിഷ്യൻ എഴുതുകയും ചെയ്തു. പിന്നീട് സാമ്പിൾ എടുക്കാൻ സ്റ്റേഷനിൽ നിന്ന് ആൾ ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ രക്തം എടുത്തിട്ടില്ലെന്നും പൊലീസുകാരനൊപ്പം വന്നത് സുമേഷ് ആണെന്നും ടെക്നിഷ്യൻ അറിയിച്ചത്. ഇതോടെ സജിമോനെ തന്നെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിച്ചു. സംഭവം വിവാദമായതോടെയാണ് പൊലീസുകാരൻ സസ്പെൻഷനിലായത്. അന്ന് ഈ വിഷയത്തിന്റെ പേരിൽ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ സജിമോൻ പിന്നീട് സെക്രട്ടറിയായി. ഇതിനിടെയാണ് വീട്ടമ്മയെ വശീകരിച്ച് കാറിൽ കൊണ്ടു പോയി നഗ്നരംഗങ്ങൾ പകർത്തിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്