- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിള്ളേര് തമ്മിൽ കളിക്കട്ടെ, നമുക്ക് കളി കണ്ടു നിൽക്കാം! എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ ഇടപെടേണ്ടെന്ന് സിപിഎമ്മും സിപിഐയും; വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിൽ ഇരുപാർട്ടികളും; കേസുകൾ അതിന്റെ വഴിക്ക് നീങ്ങും
കോട്ടയം: സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം മൂത്തതോടെ അത് മുന്നണിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. എം ജി സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്.-എസ്.എഫ്.ഐ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചുക്കുന്നത്. എന്നാൽ, ഇത് വെറും പിള്ളേരുകളിയാണെന്ന നിലപാടിലാണ് രണ്ട് പാർട്ടികളുടെയും മുതിർന്ന നേതാക്കൾ പറയുന്നത്. പ്രശ്നത്തിൽ ഇടപെടേണ്ടെന്ന നിലപാടുമായിയാണ് സിപിഎം., സിപിഐ. നേതൃത്വങ്ങൾ രംഗത്തുള്ളത്. വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിലാണ് ഇരുപാർട്ടികളും.
നിലവിൽ വിഷയത്തിൽ ഇടപെടില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. എസ്.എഫ്.െഎ. പ്രവർത്തകർക്കെതിരേ മാത്രമല്ല, എ.ഐ.എസ്.എഫ്. പ്രവർത്തകരുടെ പേരിലും കേസുണ്ട് -റസ്സൽ പറഞ്ഞു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നില്ലെന്ന് സിപിഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടികൾ തമ്മിൽ തർക്കത്തിലേക്ക് പോകേണ്ട കാര്യമില്ല. കേസ് അതിന്റെ വഴിക്ക് നീങ്ങുമെന്നും ശശിധരൻ പറഞ്ഞു.
അതിനിടെ സംഘർഷത്തിൽ എസ്.എഫ്.ഐ.ക്കാരിയായ വനിതാ പ്രവർത്തകയെ അപമാനിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കാട്ടി എസ്.എഫ്.ഐ. നൽകിയ പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ്. പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. എ.ഐ.എസ്.എഫ്. പ്രവർത്തകരായ അമൽ, അഭിജിത്ത്, ഫഹദ്, നന്ദു എന്നിവരുപ്പെടെ ഏഴുപേർക്കെതിരേയാണ് കേസ്.
സംഘർഷത്തിനിടെ തന്നെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന എ.ഐ.എസ്.എഫ്. സംസ്ഥാന നേതാവിന്റെ പരാതിയിൽ 10 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ എസ്.എഫ്.ഐ. പ്രവർത്തകർ കോട്ടയം ഡിവൈ.എസ്പി.ക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.
വിദ്യാർത്ഥിസംഘർഷത്തിൽ തന്റെ സ്റ്റാഫംഗങ്ങളാരും ഉൾപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. അത്തരത്തിലുള്ള വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ, എ.ഐ.എസ്.എഫ്. പ്രവർത്തകർ എസ്.എഫ്.െഎ. പ്രവർത്തകരെ ആക്രമിച്ചുവെന്ന ആരോപണം തെളിയിക്കാൻ എസ്.എഫ്.ഐ.യെ വെല്ലുവിളിക്കുന്നു. തെളിയിച്ചാൽ അവരെ പുറത്താക്കും. എ.ഐ.എസ്.എഫ്. സംസ്ഥാനകമ്മിറ്റിയംഗത്തെ എസ്.എഫ്.ഐ. നേതാവ് ചവിട്ടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ നേതാവിനെതിരേ നടപടിയെടുക്കുമോയെന്ന് എസ്.എഫ്.ഐ. വ്യക്തമാക്കണമെന്നും-എ.ഐ.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എസ്. ഷാജോ പറഞ്ഞു.
അതിനിടെ സെനറ്റ് തിരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചതു തടഞ്ഞപ്പോഴാണ് എഐഎസ്എഫ് തങ്ങളുടെ പ്രവർത്തകരെ മർദ്ദിച്ചതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്. ദീപക് ആരോപിച്ചു. 'സെനറ്റ് തിരഞ്ഞെടുപ്പിൽ എഐഎസ്എഫും എസ്എഫ്ഐയും വേറിട്ടാണു മത്സരിച്ചത്. 16 എസ്എഫ്ഐ കൗൺസിലർമാരുടെ തിരിച്ചറിയൽ കാർഡ് എഐഎസ്എഫ് കള്ളത്തരം പറഞ്ഞു വാങ്ങി. കാർഡ് തിരിച്ചു ചോദിച്ച വനിതാ നേതാവിനെ എഐഎസ്എഫ് പ്രവർത്തകർ മർദിച്ചു. ഇതേ തുടർന്നുള്ള വാക്കുതർക്കമാണു സംഘർഷത്തിൽ കലാശിച്ചത് എംഎസ്. ദീപക് പറഞ്ഞു.
അതിനിടെ രണ്ടു സംഘടനകളുടെയും കേസുകളിൽ അന്വേഷണം നടത്തുന്നതിനു ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, ഗാന്ധിനഗർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ. ഷിജി എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വിഡിയോ ദൃശ്യങ്ങളും ക്യാംപസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ജെ. സന്തോഷ് കുമാർ പറഞ്ഞു. ഇരു വിഭാഗത്തെയും പ്രവർത്തകരുടെ മൊഴികളും എടുക്കും. നൂറിലധികം പൊലീസുകാർ അവിടെയുണ്ടായിരുന്നു. അവരുടെ മൊഴി കൂടി എടുത്തശേഷം തുടർനടപടികളിലേക്കു നീങ്ങുമെന്നു ഡിവൈഎസ്പി അറിയിച്ചു.