- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിവന്നൂരിലേത് 'നെറ്റ്ഫ്ളിക്സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള'; രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി; നിയമസഭയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു ഷാഫി പറമ്പിൽ എംഎൽഎ; പണം കൊള്ളയടിക്കുന്നത് പാർട്ടി കാര്യമാണോ എന്ന് വി ഡി സതീശനും
തിരുവനന്തപുരം: തൃശ്ശൂർ കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് നോട്ടീസുമായി പ്രതിപക്ഷം. സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരിവന്നൂർ ബാങ്കിൽ നടന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരിവന്നൂരിൽ ഉണ്ടായിരിക്കുന്നത് നെറ്റ്ഫ്ളിക്സ് സീരിസുകളെ വെല്ലുന്ന തട്ടിപ്പാണെന്നും പിന്നിൽ സിപിഎമ്മാണെന്നും ഷാഫി പറമ്പിൽ എംഎൽഎ നിയമസഭയിൽ ആരോപിച്ചു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്കാണ് സിപിഎം. നേതൃത്വത്തിലുള്ള ഭരണസമിതി കരിവന്നൂരിൽ നേതൃത്വം നൽകിയിരിക്കുന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ടതായിരുന്നു ബാങ്ക്. എന്നാൽ തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് അറിഞ്ഞിട്ടും സിപിഎം. പൂഴ്ത്തിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ് ഇത്. ലോക്ക് ഡൗൺ കാലത്ത് ആളുകൾ വീടുകളിലിരിക്കുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെല്ലാം സീരിസുകളാണ് കാണുന്നത്. ഹെയ്സ്റ്റ് സീരിസുകൾക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത്. അതിനെ നാണം കെടുത്തുന്ന തരത്തിലുള്ള തട്ടിപ്പിന്റെ പരമ്പരയാണ് കരുവന്നൂരിൽ സിപിഎം. നേതൃത്വത്തിന്റെ അറിവോടെ നടന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
വർഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നത് പാർട്ടി അറിയുന്നുണ്ട്. പാർട്ടി ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കുന്നതും ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും മാറിയ ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും ഒരു മുൻ എംപിയും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അവിടെ അന്വേഷണത്തിന് അയക്കുന്നതും എല്ലാം അറിഞ്ഞ് കൊണ്ടാണ്. തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടും ഭരണസമിതിയെ പിരിച്ചുവിടാനോ അവർക്കെതിരെ നടപടിയെടുക്കാനോ ശ്രമിക്കാതെ അതിന് കൂട്ട് നിന്ന് പ്രോത്സാഹിപ്പിച്ച് നൂറ് കോടിയുടെ നഷ്ടങ്ങൾ സാധാരണക്കാരന് വരുത്തിവെച്ചിട്ട് അധികാരത്തിന് പങ്കില്ല എന്ന് പറഞ്ഞാൽ അതങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക എന്ന് ഷാഫി പറമ്പിൽ ചോദിച്ചു.
അതേസമയം കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സിപിഎം ഭരണസമിതി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനും ആരോപിച്ചു. നിയമപരമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്. തട്ടിപ്പ് പുറത്തുവന്ന 2018 മുതൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തിയ സംഭവത്തിൽ ഇന്നലെ മാത്രമാണ് ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ തയാറായത്. തട്ടിപ്പ് അറിഞ്ഞിട്ടും മൂന്നു വർഷം എന്തുചെയ്യുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മരിച്ചവരുടെ പേരിൽ പോലും ഭാവനാത്മകമായി മെമ്പർഷിപ്പ് ഉണ്ടാക്കിയാണ് കോടികൾ നൽകിയത്. തട്ടിപ്പ് സംബന്ധിച്ച് 2018-ൽ ഒരു സ്ത്രീ പരാതി നൽകിയിരുന്നു. വായ്പ നൽകാമെന്നു പറഞ്ഞ് ഇവരുടെ ആധാരത്തിന്റെ കോപ്പി ബാങ്കിലെ തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. പിന്നാലെ മൂന്നു കോടിയുടെ വായ്പ അടിച്ചില്ലെന്നു കാട്ടി ബാങ്ക് ഇവർ നോട്ടീസ് നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. അന്ന് സർക്കാർ എന്ത് നടപടി സ്വീകരിച്ചു? തട്ടിപ്പ് ബോധ്യമായ കോടതി പരാതിക്കാരിക്ക് എതിരായ നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്.
സിപിഎം ഏരിയാ- ജില്ലാ കമ്മിറ്റികളും മുൻ എംപിയും മാറി മാറി അന്വേഷിച്ചപ്പോഴും കോടികളുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഒരു കുറ്റകൃത്യം നടന്നെന്നു കണ്ടെത്തിയാൽ പാർട്ടി ഇടപെട്ട് ഒതുക്കി തീർത്താൽ മതിയോ? നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാർട്ടി കാര്യമാണോ? നിങ്ങളുടെ പാർട്ടി എല്ലാം അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൂടി നേതൃത്വം നൽകുന്ന സിപിഎം സംസ്ഥാന നേതൃത്വത്തെ ഈ തട്ടിപ്പ് വിവരം അറിയിച്ചോ? തട്ടിപ്പിനെ കുറിച്ച് പാർട്ടി നേതൃത്വം അറിഞ്ഞിട്ടും ഒതുക്കി തീർക്കാൻ ശ്രമിച്ചു.- വി.ഡി സതീശൻ പറഞ്ഞു.
തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടും പൂഴ്ത്തിവച്ചു. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ അന്വേഷണത്തിനു ശേഷവും 100 കോടിയുടെ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിന് നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകളിൽ വലിയ അന്വേഷണമാണ്. രണ്ടു ലക്ഷം രൂപയുടെ പേരിൽ തുമ്പൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. അതേസമയം കരുവന്നൂരിൽ 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ട് അനങ്ങുന്നില്ല. സിപിഎം തട്ടിപ്പിനെ ന്യായീകരിക്കരുത്. തട്ടിപ്പ് അറിഞ്ഞിട്ടും അതേ ഭരണസമിതിയെ മൂന്നു വർഷം തുടരാൻ അനുവദിച്ചു. തട്ടിപ്പ് അറിഞ്ഞിട്ടും അത് പൂഴ്ത്താൻ ശ്രമിച്ച സിപിഎം നേതാക്കൾക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയാറുണ്ടോ? നിങ്ങൾ കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. - പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ