- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണ്ടിക്കാട് റോഡിൽ സഹോദരീ ഭർത്താവിനൊപ്പം നിന്നപ്പോൾ ആക്രമിച്ചത് ഓട്ടോയിൽ എത്തിയ നാലംഗ സംഘം; 56 വെട്ടിൽ വലതു കൈയും കാലും മുറിഞ്ഞു തൂങ്ങി; പത്തിൽ അധികം ശസ്ത്രക്രിയ; രണ്ടു വർഷത്തോളം വീട്ടിനുള്ളിൽ ചികിൽസ; അറ്റു തൂങ്ങിയ കയ്യുമായി ചെറുപുഞ്ചിരിയോടെ വീണ്ടും മഞ്ചേരിയിൽ സജീവമായി; വിടവാങ്ങുന്ന ഷംസു പുന്നക്കൽ എൻഡിഎഫ് ആക്രമത്തിന്റെ ഇര
മലപ്പുറം; മഞ്ചേരിയിലെ ഇടതു ട്രേഡ് യൂണിയൻ നേതാവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ ഷംസു പുന്നക്കൽ അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവസങ്ങൾക്ക് മുമ്പ് ഹൃദയസംബന്ധമായ ചികിത്സക്കായി ആശുപത്രിയിൽ പോയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനാൽ ശസ്ത്രക്രിയ നടത്താനാകാതെ തിരിച്ചുപോരുകയായിരുന്നു.
ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ഷംസു പുന്നക്കൽ. എൻഡിഎഫ് തീവ്രവാദികളുടെ അക്രമത്തിനിരയായി അറ്റു തൂങ്ങിയ വലതുകൈയുമായാണ് ഷംസുപുന്നക്കൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജീവിച്ചത്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടായി രൂപം മാറിയ എൻഡിഎഫിന്റെ കേരളത്തിലെ ആദ്യത്തെ ആസൂത്രിത കലാപ ശ്രമങ്ങളിൽ ഒന്നായിരുന്നു 2000 ജനവരി 16ന് മഞ്ചേരിയിൽ വെച്ച് നടന്ന അക്രമം. പട്ടാപകൽ നഗരമദ്ധ്യത്തിൽ എൻഡിഎഫ് നടത്തിയ ആദ്യ അക്രമമായിരുന്നു അത്. വൈകിട്ട് അഞ്ചിന് മഞ്ചേരി പാണ്ടിക്കാട് റോഡിൽ മാർജിൻ ഫ്രീ മാർക്കറ്റിന് മുന്നിൽ സഹോദരി ഭാർത്താവ് അബ്ദുൽ സലാമിനൊപ്പം നിൽക്കുമ്പോഴാണ് ഷസുവിനെ ഓട്ടോയിൽ സായുധരായ നാലംഗസംഘമെത്തി തുരുതുരാ വെട്ടിയത്.
വലതു കൈയും വലതു കാലും മുറിഞ്ഞുതൂങ്ങി. മുതുകിലും തലക്കും നെഞ്ചിലും വെട്ടേറ്റു. മഞ്ചേരി അങ്ങാടിയിലെ തൊഴിലാളികളും പാർട്ടി പ്രവർത്തകരും ചോരയിൽ കുളിച്ചു കിടന്ന ഷംസുവിനെ വാരിയെടുത്ത് മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും കോയമ്പത്തൂർ ഗംഗാ ആശുപത്രിയിലും. പിന്നീട് മാസങ്ങളോളം കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. കൈയിലും കാലിലുമായി പത്തിലധികം ശസ്ത്രക്രിയകൾ. രണ്ട് വർഷത്തോളം വീട്ടിനകത്ത് പുറത്തിറങ്ങാനാകാതെയും കിടന്നു. ആ കാലങ്ങളിലെല്ലാം മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികളായിരുന്നു ഷംസുവിന്റെ കുടുംബത്തിന്റെ ഉ്ത്തരവാദിത്തങ്ങൾ ഏറ്റെടുത്തത്. 56 വെട്ടുകളാണ് ഷംസുവിന്റെ ശരീരത്തിലുണ്ടായിരുന്നത്.
പിന്നീട് രണ്ട് പതിറ്റാണ്ടോളം കാലം അറ്റുതൂങ്ങിയ ആ കെയുമായാണ് ഷംസു ജീവിച്ചത്. മഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായും ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായും വളർന്നു വരുന്ന സമയത്താണ് യാതൊരു പ്രകോപനവും കൂടാതെ സംഘർഷ സാധ്യതകൾ ഏതുമില്ലാത്ത മഞ്ചേരി നഗരഹൃദയത്തിൽ വെച്ച് എൻഡിഎഫുകാർ ഷംസുവിനെ അക്രമിക്കുന്നത്. വർഷങ്ങളോളം നീണ്ട വിശ്രമത്തിനും ആശുപത്രി വാസത്തിനും ശേഷം ഷംസു വീണ്ടും പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങി. അറ്റു തൂങ്ങിയ കയ്യുമായി ഒരു ചെറുപുഞ്ചിരിയോടെ മഞ്ചേരിയിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സജീവമായി.
താൻ ജനിച്ചുവളർന്ന ചന്തക്കുന്ന് വാർഡിൽ നിന്ന് രണ്ട് തവണ മഞ്ചേരി നഗരസഭ കൗൺസിലറായി വിജയിച്ചു. മഞ്ചേരി നഗരസഭയിൽ ഏറ്റവും ഒടുവിൽ ഇടതുപക്ഷം അസൈൻ കാരാട്ടിന്റെ നേതൃത്വത്തിൽ ഭരണം നടത്തിയപ്പോൾ ഷംസു നഗരസഭ അംഗമായിരുന്നു. പാർട്ടി വരുദ്ധ പ്രവർത്തനത്തിന് ഒരു തവണ പാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടിയും വന്നിരുന്നു അദ്ദേഹത്തിന്.
സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ മലപ്പുറം ജില്ല പ്രസിഡണ്ടായിരുന്ന അദ്ദേഹം സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗംകൂടിയായിരുന്നു.മഞ്ചേരിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മീരയാണ് ഷംസുവിന്റെ ഭാര്യ. ആദിത്യനും താനിയയും മക്കളാണ്.