മലപ്പുറം: ശരീരത്തിൽ 56 വെട്ടേൽക്കുകയും തുടർന്ന് അറ്റു തൂങ്ങിയ വലതുകൈയുമായ രണ്ട്
പതിറ്റാണ്ടോളം ജീവിച്ച ഷംസു പുന്നക്കലിന്റെ മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുനൽകി. ഇതിനായുള്ള സമ്മത പത്രം പൊതുപ്രവർത്തകനും മഞ്ചേരിയുടെ സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായ ഷംസു നേരത്തെ അധികൃതർക്ക് കൈമാറിയിരുന്നു.

2001 ജനുവരി 16നുണ്ടായ എൻഡിഎഫ് ഭീകരാക്രമണത്തോടു കൂടിയാണ് ഷംസു പുന്നക്കൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ശരീരത്തിൽ 56 വെട്ടേൽക്കുകയും തുടർന്ന് അറ്റു തൂങ്ങിയ വലതുകൈയുമായ രണ്ട് പതിറ്റാണ്ടോളമാണ് ഷംസു പുന്നക്കൽ ജീവിച്ചത്.

പട്ടാപകൽ എൻ ഡി എഫ് നടത്തിയ ആദ്യ ഗുണ്ടാ അക്രമമായിരുന്നു അന്ന് മഞ്ചേരിയിൽ അരങ്ങേറിയത്. വാൾ, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി നടത്തിയ അക്രമത്തിൽ ഷംസുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വലതുകാൽ മുട്ടിനു താഴെ മുറിഞ്ഞു വീഴാറായിരുന്നു. വലതു കൈയിന്റെ അവസ്ഥ വിഭിന്നമായിരുന്നില്ല. ഇടതു കൈ ഞരമ്പ് മുറിഞ്ഞു.

ശരീരമാകെ വെട്ടു കൊണ്ട നിലയിൽ മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പ്രതിക്ഷക്ക് വകയില്ലെന്ന് പറഞ്ഞ് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് സുഹൃത്തിക്കളും ബന്ധുക്കളും ജീവൻ കയ്യിൽപ്പിടിച്ചാണ് ഷംസുവിനെ കൊയമ്പത്തൂർ ഗംഗ ആശുപത്രിയിലെത്തിച്ചത്. വർഷങ്ങളുടെ ചികിത്സക്ക് ശേഷം പൊതുജീവിതത്തിൽ സജീവമാകാൻ ഈ സഖാവിനായി എന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമാണ്.

കോവിഡ് പ്രോട്ടോക്കോൾ നിലവിലുണ്ടെങ്കിലും രാഷ്ട്രീയ മത ഭേദമെന്യെ നിരവധി പേരാണ് ഇന്നലെ പ്രിയ സുഹൃത്തിന്് ആദരാഞ്ജലികളർപ്പിക്കാനെത്തിയത്. വൈകീട്ട് നടന്ന അനുശോചന യോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി ശശികുമാർ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം മഞ്ചേരിയിലെ ഇടതു ട്രേഡ് യൂണിയൻ നേതാവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായ ഷംസുവിന്റെ മരണം ഇന്ന് പുലർച്ചെ വീട്ടിൽ വച്ചായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദിവസങ്ങൾക്ക് മുമ്പ് ഹൃദയസംബന്ധമായ ചികിത്സക്കായി ആശുപത്രിയിൽ പോയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനാൽ ശസ്ത്രക്രിയ നടത്താനാകാതെ തിരിച്ചുപോരുകയായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ഷംസു പുന്നക്കൽ.