- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാനിനെ കൊല്ലാൻ കാർ വാടകയ്ക്ക് എടുത്തത് 16ന്; ഉടമയും വാടകയ്ക്ക് എടുത്ത ആളും കസ്റ്റഡിയിൽ; രഞ്ജിത്തിനെ കൊല്ലാൻ രാത്രിയിലും രണ്ടു പേർ എത്തി; അമ്മ കണ്ടതും ചോദ്യം ചെയ്തതും മടങ്ങി പോക്കിന് കാരണമായി; രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകും
ആലപ്പുഴ: കൊലപാതകങ്ങളെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഇന്നു മൂന്നിനു കലക്ടറേറ്റിൽ മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. മണ്ണഞ്ചേരിയിൽ പൊലീസും ദ്രുത കർമ സേനയും റൂട്ട് മാർച്ച് നടത്തി. കേരളത്തിലുടനീളം ജാഗ്രത തുടരും.
മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം വിലാപ യാത്രയായി വെള്ളക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോകും. രാത്രി ഒമ്പതു മണിക്ക് കുടുംബവീടായ വലിയ അഴീക്കലിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിയും എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയും ഇന്നലെ ആലപ്പുഴയിലെത്തി. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും വേണ്ടിവന്നാൽ മുൻകരുതലെന്ന നിലയിൽ കസ്റ്റഡിയിലെടുക്കാൻ നിർദ്ദേശിച്ചതായും ഡിജിപി അനിൽകാന്ത് അറിയിച്ചു. പങ്കുണ്ടെന്നു കണ്ടാൽ ഇവരെയും അറസ്റ്റ് ചെയ്യും.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അൻപതോളം പേർ കസ്റ്റഡിയിലുള്ളതായി ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി അറിയിച്ചു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. 2 കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ല. കനത്ത ജാഗ്രതയാണു പുലർത്തുന്നത്. കൊലപാതകങ്ങൾ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതല മറ്റൊരു സംഘത്തിനാണെന്നും അവർ പറഞ്ഞു.
കെ.എസ്.ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരാണ് കസ്റ്റഡിയിലുള്ളത്. അക്രമികൾ സഞ്ചരിച്ചതായി കരുതുന്ന കാറിന്റെ ഉടമയെയും കസ്റ്റഡിയിലെടുത്തു. വാടകയ്ക്ക് കാർ നൽകുന്ന പൊന്നാട് സ്വദേശിയായ ഇയാളിൽനിന്ന് കഴിഞ്ഞ 16 ന് ആണ് കാർ വാടകയ്ക്ക് എടുത്തത്. കാർ വാടകയ്ക്ക് എടുത്ത പ്രദേശവാസിയായ പ്രസാദിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ക്യാംപ് ചെയ്യുന്നത്.
സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും
ഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വടിവാൾ പോലെയുള്ള ആയുധം ഉപയോഗിച്ച് 4 പേർ ആക്രമിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്. കാർ ഡ്രൈവറെ കൂടാതെയാണ് 4 പേർ. ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ ആക്രമിക്കാനെത്തിയവരെന്നു സംശയിക്കുന്നവരുടെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. 6 ബൈക്കുകളിലായി 12 അംഗ സംഘം പ്രധാന റോഡിൽ നിന്നു രഞ്ജിതിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയുന്നതാണു ദൃശ്യങ്ങളിലുള്ളത്. ഇവർ ഹെൽമറ്റും മാസ്ക്കും ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമല്ല.
ഷാനിന്റെ കൊലപാതകത്തിനായി കാർ ഏർപ്പാടാക്കിയ മണ്ണഞ്ചേരി സ്വദേശിയും കാർ എത്തിച്ച വെൺമണി സ്വദേശിയും കസ്റ്റഡിയിലുള്ളതായാണു വിവരം. വാടകയ്ക്കെടുത്ത കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണവുമായി ബന്ധമുള്ള മറ്റ് അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഷാനിനെ ഇടിച്ചുവീഴ്ത്തി വെട്ടുന്നതിന്റെയും രഞ്ജിതിനെ ആക്രമിക്കാൻ 6 ബൈക്കുകളിലായി 12 പേർ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബൈക്കുകളിൽ ഒന്നിച്ചെത്തിയവർ രഞ്ജിതിന്റെ കൊലപാതകത്തിനു ശേഷം പല വഴിക്കു പോയതായാണു സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന.
ആക്രമണത്തിനു മുന്നോടിയായി രണ്ടുപേർ ശനിയാഴ്ച രാത്രി രഞ്ജിതിന്റെ വീടിനടുത്ത് എത്തിയിരുന്നതായി സംശയമുണ്ട്. അപരിചിതരായ രണ്ടുപേരെ വീടിനടുത്തു കണ്ടു ചോദ്യം ചെയ്തിരുന്നുവെന്നും തുടർന്ന് അവർ തിരികെപ്പോകുകയായിരുന്നുവെന്നും രഞ്ജിതിന്റെ അമ്മ പറയുന്നു. ഷാനിന്റെ കബറടക്കം പൊന്നാട് ജുമാ മസ്ജിദിൽ നടത്തി.
കേന്ദ്രമന്ത്രി എത്തും
ബിജെപി നേതാവിനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ എസ്ഡിപിഐ, പോപ്പുലർഫ്രണ്ടുകാർ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ഇടപെടൽ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇന്ന് കേരളത്തിലെത്തും. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തിൽ അന്ത്യോപചാരമർപ്പിക്കും, കുടുംബാഗങ്ങളെയും സന്ദർശിക്കും. കേരളാ പൊലീസിനോടും കേന്ദ്രമന്ത്രി റിപ്പോർട്ട് തേടും.
കൺമുന്നിൽ പ്രീയപ്പെട്ടവൻ ക്രൂരമായി അക്രമിക്കപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് അമ്മയും ഭാര്യയും മോചിതരായിട്ടില്ല. അച്ഛൻ ശ്രീനിവാസൻ ഏതാനും വർഷം മുമ്പാണ് മരിച്ചത്. ബിജെപിയുടെ സൗമ്യമുഖമായിരുന്ന രഞ്ജിത്ത് പിന്നാക്ക സമുദായത്തിൽ നിന്ന് വളർന്ന് വന്ന നേതാവായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ തോമസ് ഐസക്കിനെതിരെ മത്സരിച്ച് പതിനെണ്ണായിരത്തിന് മേൽ വോട്ടുനേടിയിരുന്നു. തൊട്ടുമുൻപിലെ തെരഞ്ഞെടുപ്പിനേക്കാൾ പല മടങ്ങ് വോട്ടുകളാണ് ആ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിന്റെ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമാണ്. ഞായറാഴ്ച രാവിലെ എറണാകുളത്ത് നടക്കുന്ന ഒബിസി മോർച്ചയുടെ സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്നതിന് പോകാൻ തയ്യാറാടെക്കുന്നതിനിടെയാണ് അപ്രതീക്ഷിത അക്രമം ഉണ്ടായത്.
ശനിയാഴ്ച തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ മരിച്ച പുന്നപ്ര സ്വദേശി പൊലീസുകാരന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാത്രി ഒൻപതു വരെ അവിടെയുണ്ടായിരുന്നു. പിറ്റേന്നത്തെ നേതൃയോഗ വിവരങ്ങൾ സംസ്ഥാന അദ്ധ്യക്ഷനുമായി ചർച്ച ചെയ്ത ശേഷം ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. അഭിഭാഷക വൃത്തിയിലും, സംഘടനാ പ്രവർത്തനത്തിലും നല്ല ഭാവിയുണ്ടായിരുന്ന ചെറുപ്പക്കാരനെയാണ് മുസ്ലിം മതഭീകരവാദികൾ ഇല്ലായ്മ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ