- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്... മണ്ണാർക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി.കെ ശശിയിലാണ്'; സോഷ്യൽ മീഡിയയിൽ വൈറലായി ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടിയുടെ പ്രസംഗം
മണ്ണാർക്കാട്: പാലക്കാട് സിപിഎമ്മിലെ ശ്രദ്ധേയ സാന്നിധ്യമാണ് പി കെ ശശി. ജില്ലയിലെ പാർട്ടിയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ശശിയാണ്. മണ്ണാർക്കാട് തട്ടക്കമാക്കി വളർന്ന ശശി എംഎൽഎയായത് ഷൊർണൂരിൽ നിന്നുമാണ്. ഇടക്കാലത്ത് വിവാദങ്ങളുടെ തോഴനായതോടെ പാർട്ടി വീണ്ടും മത്സരിക്കാൻ സീറ്റു നൽകിയില്ല. പകരം അദ്ദേഹത്തിന് കെടിഡിസി ചെയർമാൻ സ്ഥാനമാണ് നൽകിയത്. എന്നാൽ, ശശി ഇപ്പോഴും പാർട്ടിയിൽ കരുത്തനായ വ്യക്തി തന്നെയാണ്. മണ്ണാർക്കാട് പാർട്ടിയിലെ അവസാന വാക്ക് ശശി തന്നെയാണ്. അടുത്തിടെ മുസ്ലിംലീഗിൽ നിന്നു പോലും അണികളെ സിപിഎമ്മിലെത്താക്കാൻ ശശിക്ക് സാധിച്ചു എന്നാണ് സഖാക്കൾ അഭിപ്രായപ്പെടുന്നത്.
ഇതിനിടെ ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടി നടത്തിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലാണ്. പി കെ ശശിയെ മണ്ണമാർക്കാട്ടെ തങ്ങൾ എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം. വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നെത്തിയവർക്ക് സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശിയാണെന്നും ഏതു രാഷ്ട്രീയ പാർട്ടിയായാലും കാര്യങ്ങൾക്കായി അദ്ദേഹത്തെയാണ് ആശ്രയിക്കുന്നതെന്നും ഷഹന കല്ലടി പറഞ്ഞു. അപ്പോൾപിന്നെ ഇടനിലക്കാരെന്തിനാണ്, നേരിട്ട് സഖാവിനെ കണ്ടാൽ പോരെയെന്നാണ് ഷഹനയുടെ ചോദ്യം.
പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നഗരസഭാ മുൻ കൗൺസിലറായ ഷഹന കല്ലടി മുസ്ലിംലീഗ് സൈബറിടത്തിൽ ശ്രദ്ധിക്കപ്പെട്ട പേരാണ്.
'എന്നെപ്പോലെ ഒരാൾക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകില്ല. അത് ഞാൻ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാൻ ഇവിടെ വന്നത്. അതിൽ എനിക്ക് കുറ്റബോധമില്ല. മണ്ണാർക്കാട് രാഷ്ട്രീയത്തിൽ ഞാൻ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോൺഗ്രസായാലും മാർക്സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പികെ ശശിയാണ്. ഇത് ഞാനാ പാർട്ടിയിലിരുന്ന് സംസാരിച്ചതാണ്.
ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി.കെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോൾ നേരിട്ടു പോയാൽപ്പോരേ, എന്തിനാണ് അതിന്റെ ഇടയിൽ ഒരാൾ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? എന്നെപ്പോലെ ഒരാൾക്ക് അതിന് ഇടയിൽ നിൽക്കാൻ ഒരാൾ ആവശ്യമില്ല.' - അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ