ഷാർജ: നിരന്തര തൊഴിൽപ്രശ്നത്താൽ പ്രവർത്തനം തടസ്സപ്പെട്ടതോടെ കേരളം വിടാനൊരുങ്ങി ആഗോള പെയിന്റ് നിർമ്മാണ, വിതരണ കമ്പനിയായ നാഷണൽ പെയിന്റ്സ്. കിറ്റക്‌സിന് പിന്നാലെ കേരളത്തിൽ വ്യവസായ, നിക്ഷേപ അന്തരീഷം അനുകൂലമല്ലെന്ന് അറിയിച്ചാണ് നാഷണൽ പെയിന്റ്സ് കമ്പനിയുടെ കീഴിലുള്ള സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇതര സംസ്ഥാനത്തേക്ക് പോകാനൊരുങ്ങുന്നത്.

തൊഴിലാളിസംഘടനയുടെ പിടിവാശിയാണ് കേരളം വിടാൻ കാരണമായി പറയുന്നത്. എറണാകുളം അങ്കമാലിയിലുള്ള ഫാക്ടറിയിൽ സിഐ.ടി.യു. സൃഷ്ടിക്കുന്ന തൊഴിൽപ്രശ്‌നങ്ങളാണ് കേരളം വിടാൻ നിർബന്ധിതമാകുന്നതെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു. അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരിക്കുകയാണ് കമ്പനി അധികൃതർ.

വിദേശത്തുള്ള നാഷണൽ പെയിന്റിന്റെ മുതൽമുടക്കിൽ 2018 - ലാണ് സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങിയത്. 75 തൊഴിലാളികൾ നിലവിൽ അങ്കമാലി ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. വിവിധ തരം പെയിന്റ് നിർമ്മാണമാണ് ഇവിടെ നടക്കുന്നത്.

നിരന്തര തൊഴിൽപ്രശ്നം കാരണം കമ്പനി പ്രവർത്തനത്തിന് തടസ്സമുണ്ടെന്നാണ് നാഷണൽ പെയിന്റ് വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ സേവന, വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്ന യൂണിയന്റെ ആവശ്യത്തിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിൽ അനുരഞ്ജന ചർച്ച നടന്നുവരികയാണ്.

അതിനിടയിൽ ഫാക്ടറി അടച്ചിടുന്ന തരത്തിൽ യൂണിയൻ സമരമാർഗങ്ങളും സ്വീകരിച്ചിരുന്നു. 22 ദിവസത്തോളം സിഐ.ടി.യു. യൂണിയൻ അനാവശ്യ സമരത്തിലേർപ്പെട്ടതായാണ് കമ്പനിയധികൃതർ പറയുന്നത്. സാമ്പത്തികപ്രതിസന്ധികൾക്കിടയിലും നിയമാനുസൃത ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നിഷേധിച്ചിട്ടില്ലെന്ന് ജനറൽ മാനേജർ രമേഷ് ബാബു രംഗനാഥൻ യൂണിയൻ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

സിഐ.ടി.യു.വിന്റെയും പാർട്ടിയുടെയും ജില്ലാ, ഏരിയാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അങ്കമാലി ഫാക്ടറിയിലെ തൊഴിലാളികൾക്ക് മൂന്നുവർഷംകൊണ്ട് 42 ശതമാനം വേതന വർധന നൽകാമെന്ന് ധാരണയിലെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനായെത്തിയ എറണാകുളം ജില്ലാ ലേബർഓഫീസർ മുമ്പാകെ പുതിയ ആവശ്യങ്ങൾകൂടി യൂണിയൻ ഉന്നയിച്ചു.

കമ്പനിയടയ്‌ക്കേണ്ട തൊഴിലാളികളുടെ ഇ.എസ്‌ഐ, പി.എഫ്. വിഹിതം പണമായി തൊഴിലാളികളെ നേരിട്ട് ഏൽപ്പിക്കണമെന്ന് ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് സായെഗ് പെയിന്റ് ഫാക്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായതെന്ന് രമേഷ് ബാബു രംഗനാഥൻ പറയുന്നു.