- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്‌കിനെയും പേടിക്കുന്നത്? പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല; കാനം മൗനിബാബ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായിക്കും കാനത്തിനും രൂക്ഷ വിമർശനം; വാർത്ത ചോർന്നതിൽ അതൃപ്തി
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ രൂക്ഷ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പുറമേ സമ്മേളന പ്രതിനിധികളും ആഞ്ഞടിച്ചു.
തനിക്കെതിരായ പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നാണ് സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നത്. കെ-റെയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിൽ സർക്കാർ ധാർഷ്ട്യം കാണിച്ചെന്ന് ചർച്ചയിൽ പ്രതിനിധികളും ആരോപിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം മുണ്ടപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലെ എട്ടാം പേജിലാണ് സിപിഐ കൂടി അടങ്ങുന്ന മുന്നണിയിലെ പ്രധാന കക്ഷിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുള്ളത്.
സംസ്ഥാനത്ത് നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്‌കിനെയും പേടിക്കുന്നതെന്നാണ് ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചേർത്ത് വച്ചുള്ള സ്വർണ കടത്ത് വിവാദം മുന്നണിയുടെ തന്നെ മുഖഛായക്ക് കോട്ടം വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നെന്നും രാഷ്ട്രീയ റിപ്പോർട്ടിലുണ്ട്.
സംസ്ഥാന ഭരണം വൺമാൻ ഷോ ആക്കി മാറ്റാൻ സിപിഎം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇടത് സർക്കാരിനെ സിപിഎം എല്ലായിടത്തും പിണറായി സർക്കാരെന്നാണ് വിശേഷിപ്പിക്കുന്നത്. ഘടക കക്ഷിയായ സിപിഐയ്ക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല. സഹകരണ ബാങ്കുകളിലെ സിപിഎം നയത്തിനെതിരെയാണ് മറ്റൊരു വിമർശനം. കള്ളവോട്ടുകളിലൂടെയാണ് സിപിഎം സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കുന്നതെന്ന് തുറന്നടിക്കുകയാണ് സിപിഐ. സിപിഎം ബാങ്കുകളിലാണ് സാമ്പത്തിക ക്രമക്കേട് നടക്കുന്നത്.
എഐഎസ്എഫിനോട് എസ്എഫ്ഐ സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയുന്നതിന് അപ്പുറമാണെന്നും പലപ്പോഴും അസഹിഷ്ണത അതിരു വിടുന്നെന്നും രാഷ്ട്രീയ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലും പ്രതിനിധികൾ സിപിഎമ്മിനെ വിമർശിച്ചു. കാനത്തിനും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. മൗനി ബാബയെന്നാണ് ചില പ്രതിനിധികൾ കാനത്തെ വിശേഷിപ്പിച്ചത്.
കെ-റെയിൽ വിഷയം ശബരിമല പേലെ സങ്കീർണമായി മാറ്റിയെന്നാണ് പദ്ധതി കടന്നു പോകുന്ന മേഖലയിൽ നിന്നുള്ളവരുടെ ആരോപണം. പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണ്. പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നു. ഈ സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നു. പത്തനംതിട്ടയിൽ മാത്രം 35 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്.
സിപിഎം എംപ്ലോയ്മെന്റ് സംവിധാനം നോക്കു കുത്തിയാക്കുന്നു. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനം നടത്തുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ പോലും നാണിപ്പിക്കും വിധമാണ് സർക്കാർ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിമർശനം തുടരുന്നു. രാഷ്ട്രീയ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചു.