- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ടുകഡെ ടുകഡെ' സംഘമാണ് അധികാരത്തിൽ; ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിക്കെതിരെ ഉടൻ നടപടി വേണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി ശശി തരൂർ
ന്യൂഡൽഹി: ഹിന്ദി അറിയാത്തവർ വെബിനാറിൽ നിന്നും പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന കൂട്ടരാണ് (ടുകഡെ ടുകഡെ) രാജ്യം ഭരിക്കുന്നതെന്നാണ് തരൂർ വിമർശിച്ചത്. ഹിന്ദി മനസിലാകാൻ കഴിയില്ലെങ്കിൽ വെബിനാറിൽ നിന്നും പുറത്തു പോകണമെന്ന് ഒരു ഗവൺമെന്റ് സെക്രട്ടറി തമഴരോട് പറയുമ്പോൾ ആ ഉദ്യോഗസ്ഥനെ പുറത്താക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവം അസാധാരണമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഗവൺമെന്റിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കിൽ ഉടൻ തന്നെ അദ്ദേഹത്തെ മാറ്റി ഒരു തമിഴ് സിവിൽ സർവീസ് ഉദ്യോഗസ്ഥനെ നിയമിക്കണം! ഇപ്പോൾ അധികാരത്തിലിരിക്കുന്ന 'ടുകഡെ ടുകഡെ' സംഘം കഠിനാധ്വാനത്തിലൂടെ ഇന്ത്യ നേടിയ ഐക്യം നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണോ?,'' തരൂർ ട്വിറ്ററിലൂടെ ചോദിച്ചു.
ശനിയാഴ്ചയാണ് വിവാദത്തിനാധാരമായ സംഭവം നടന്നത്. യോഗ മാസ്റ്റർ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്ന് പ്രകൃതിചികിത്സ ഡോക്ടർമാർക്കായി നടത്തിയ ദേശീയ കോൺഫറൻസിലാണ് ഹിന്ദി വാദം ഉയർന്നുവന്നത്. ഓഗസ്റ്റ് 18 മുതൽ 20 വരെയായിരുന്നു പരിപാടി. ഇതിൽ മൂന്നോറോളം പ്രകൃതിചികിത്സാ ഡോക്ടർമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരിൽ 37 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു.
യോഗത്തിൽ കൂടുതൽ സമയവും ഹിന്ദിയിലായിരുന്നു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. മൂന്നാംദിവസം കോൺഫറൻസിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസിലാകാത്തവർക്ക് യോഗം നിർത്തി പോകാമെന്ന് പറഞ്ഞത്. ഹിന്ദിയിൽ സംസാരിച്ച സെക്രട്ടറിയോട് ഇംഗ്ലീഷിൽ സംസാരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്ടർമാർ സന്ദേശമയച്ചിരുന്നു. എന്നാൽ, തനിക്കു നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ഹിന്ദി മനസിലാകാത്തവർക്ക് മീറ്റിങ്ങിൽ നിന്നു പോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. ഇതോടെ പ്രസ്താവന വിവാദമായി.
തമിഴ്നാട്ടിൽ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആയുഷ് സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആയുഷ് സെക്രട്ടറിയെ കേന്ദ്രം ഉടൻ പുറത്താക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്