- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ല; ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ല; കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്ന് തരൂർ വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസ് ഈ വിഷയത്തിൽ മറിച്ചൊരു അഭിപ്രായം പറയുമ്പോഴാണ് തരൂർ വ്യത്യസ്ത നിലപാടുമായി രംഗത്തു വന്നത്.
ചിലർ പറയുന്നത് സിലബസിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ അദ്ധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ ഇതൊക്കെ യാഥാർഥ്യമാണെന്ന് വിശ്വസിക്കും എന്നാണ്. എന്നാൽ അദ്ധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ട്. സവർക്കറും ഗോൾവാൾക്കറും പുസ്തകം എപ്പോൾ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസ്സിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ല.
ഒരു യൂണിവേഴ്സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാൽ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുതെന്ന് പറയാൻ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അത് ശരിയല്ലായിരുന്നു. എന്നാൽ പല പുസ്തകങ്ങൾക്കിടയിൽ ഈ പുസ്തകങ്ങളും ഉണ്ട്. വിദ്യാർത്ഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാം എന്നുണ്ടെങ്കിൽ അതിൽ തെറ്റില്ലെന്ന് തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തുവന്നിരുന്നു. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് ഗവർണർ പ്രതികരിച്ചു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിക്കുകയാണ് ഉണ്ടായത്.
വൈവിധ്യത്തിൽ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്കാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകണം. എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവർ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂ. അത്തരം നവീന ആശയങ്ങളുള്ളവർക്കേ ലോകത്തിന്റെ പുരോഗതിയിൽ സംഭാവനകൾ നൽകാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നം. ഏത് ആശയവും പഠനവിധേമാക്കിയാൽ മാത്രമേ കൂടുതൽ സൃഷ്ടിപരമായ ചിന്തകൾ ഉണ്ടാകൂ. കാര്യങ്ങൾ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറയുകയുണ്ടായി. ഈ നിലപാടിന് സമാനമാണ് തരൂരിന്റെയും അഭിപ്രായ പ്രകടനം.
കണ്ണൂർ സർവകലാശാലയിലെ എം.എ. ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോൾവാൾക്കർ അടക്കമുള്ളവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. സർവകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നാണ് പ്രതിപക്ഷം അടക്കമുള്ളവർ ആരോപിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂർ സർവകലാശാല സിലബസ് വിവാദം.വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസിന്റെ തൊഴുത്തിൽക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തിൽ മൗനം ഭജിക്കുന്നതും യൂണിയൻ ചെയർമാൻ സിലബസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.
മുഖ്യമന്ത്രിയുടെ നാട്ടിലെ സർവകലാശാലയിൽ ഹൈന്ദവ അജണ്ട ഉൾപ്പെടുത്തി വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി ഉത്തരവാദിത്വം സർവകലാശാലയുടെ തലയിൽ കെട്ടിവച്ച് കൈകഴുകി. വിദ്യാഭ്യാസ മന്ത്രിയും അതു തന്നെ ചെയ്തു. മതനിരപേക്ഷതയുടെ അപ്പോസ്ത്തലരെന്ന് സ്വയംവാദിക്കുമ്പോഴാണ് ഈ ഉരുണ്ടുകളിയെന്നത് വിചിത്രമാണ്. മഹാത്മഗാന്ധിയെയും നെഹ്റുവിനെയും തമസ്ക്കരിച്ച് വർഗീയവാദികളെ പ്രകീർത്തിക്കുന്ന ബിജെപി ശൈലി തന്നെയാണ് സിപിഎമ്മും എസ്എഫ്ഐയും സ്വീകരിക്കുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു.
അതേ സമയം സിലബസിനെ പിന്തുണച്ച് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അടക്കം രംഗത്തെത്തിയിരുന്നു. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സർവകലാശാലയിലെ റിട്ട. പ്രൊഫസർ ഡോ. കെ.വി.പവിത്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. അഞ്ചുദിവസത്തിനകം ഇവരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിർദ്ദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവർഷമാണ് ബ്രണ്ണൻ കോളേജിൽ എം.എ. ഗവേണൻസ് എന്ന പുതിയ കോഴ്സ് തുടങ്ങിയത്. അതിൽ ഈവർഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്' എന്ന പേപ്പറിൽ ചർച്ചചെയ്തു പഠിക്കാൻ നിർദ്ദേശിച്ചതിൽ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.
മറുനാടന് മലയാളി ബ്യൂറോ