- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിയെ തുടർന്ന് ഹൃദയാഘാതമുണ്ടായി മരണമെന്ന് നാട്ടിൽ അറിയിച്ച ഭർത്താവ്; ആത്മഹത്യയെന്ന് അറിഞ്ഞത് പിന്നീട്; ഇഗ്ലണ്ടിലെ നേഴ്സിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊൻകുന്നത്തുകാർ; ഷീജ കൃഷ്ണന്റെ മരണത്തിൽ ഞെട്ടി യുകെയിലെ സുഹൃത്തുക്കളും; മരണത്തിനു മുൻപേ സുഹൃത്തുക്കൾക്കെന്ന പോലെ ഫേസ്ബുക്കിൽ കവർ ചിത്രവും
ലണ്ടൻ: യുകെയിലെ വൂസ്റ്റർഷെയറിലെ റെഡ്ഡിച്ച് പട്ടണത്തിൽ പൊൻകുന്നംകാരിയായ നഴ്സിന് സംഭവിച്ചത് ദാരുണാന്ത്യം. മരണത്തെ അവിശ്വസനീയതയോടെയാണ് പ്രദേശ വാസികളായ മലയാളി സമൂഹം ഏറ്റെടുത്തത്. കാരണം അടുത്തറിയുന്നവർക്കെല്ലാം ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ എങ്ങനെ ഇത്തരത്തിൽ ഒരു അത്യാഹിതം ഉണ്ടായി എന്ന ചോദ്യമാണ് ഉയരുന്നത്.
ചിറക്കടവ് ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയാണ് ഷീന. അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. മക്കൾ: ആയുഷ്, ധനുഷ്. കുടുംബവുമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. പനിയെത്തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചിറക്കടവ് പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബിജെപി ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ അൽഫോൻസ് കണ്ണന്താനം എംപിയുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർത്ഥിച്ചു.
അൻപതിൽ താഴെ മലയാളികൾ മാത്രം താമസിക്കുന്ന റെഡ്ഡിച്ചിൽ ഓരോ കുടുംബത്തിനും പരസ്പരം അറിയാം എന്നതിനാൽ ഷീജ കൃഷ്ണൻ എന്ന മലയാളി നഴ്സിന്റെ മരണം സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും അവിശ്വസനീയതയാണ് സമ്മാനിച്ചിരിക്കുന്നത്. ഏവരോടും പുഞ്ചിരിയോടെ ഇടപഴകുന്ന ഷീജയുടെ ഭർത്താവിനെയും മുഴുവൻ മലയാളികൾക്കും പരിചിതമാണ്.
വീടുകളിൽ എത്തി ഫിറ്റിങ് ജോലികൾ ചെയ്തിരുന്ന ഈ യുവാവിന്റെ സാന്നിധ്യം ഏവരും ഇഷ്ടപ്പെടും വിധത്തിൽ ഉള്ളതായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. അതെ പെരുമാറ്റം തന്നെയാണ് ഇദ്ദേഹം ഭാര്യയോടും പുലർത്തിയിരുന്നതെന്നും ഭാര്യയുടെയും മക്കളുടെയും സന്തോഷത്തിനായി പതിവായി യാത്രകളും മറ്റും നടത്തുന്ന കുടുംബം ഏറെ സന്തോഷമാണ് മലയാളി സമൂഹത്തിനു നൽകിയിരുന്നതെന്നും അടുത്തറിയുന്നവർ പറയുന്നു.
എന്നാൽ ചിലപ്പോഴൊക്കെ ഷീജ വിഷാദമുഖിയായാണ് കാണപ്പെട്ടിരുന്നത് എന്നും അടുത്തറിയുന്നവർ ശ്രദ്ധിച്ചിട്ടുണ്ട്. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ രണ്ടു ആൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. ഭാര്യ ഭർതൃ ബന്ധത്തിൽ മികച്ച സൗഹൃദമാണ് ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നതെന്നും പരിചയക്കാർ ചൂണ്ടിക്കാട്ടുന്നു.
മരണം നടക്കുന്നതിനു അൽപം മുൻപ് കുട്ടികളിൽ ഒരാളെ ജോലി സ്ഥലത്തും നിന്നും എത്തി ഭർത്താവ് ആശുപത്രിയിൽ എത്തിച്ചിരുന്നതായി പറയപ്പെടുന്നു. സ്കൂളിൽ ഫുട്ബോൾ കളിക്കിടയോ മറ്റോ പരുക്കേറ്റ കുട്ടിക്ക് ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് എടുത്ത കാര്യം ഷീജ ഭർത്താവിനെ വിളിച്ചു അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഭർത്താവു സ്കൂളിൽ നിന്നും കുട്ടിയെ കൂട്ടി ആശുപത്രിയിൽ പോയ സമയത്താണ് ഷീജ മരണം തിരഞ്ഞെടുത്തതായി അനുമാനിക്കുന്നത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം കുട്ടിയെ കാറിൽ നിന്നും ഇറക്കിവിട്ട ഭർത്താവ് വീണ്ടും ജോലിക്കു പോയതിനെ തുടർന്ന് വീട് തുറന്നു അകത്തു കയറിയ കുട്ടിയാണ് അമ്മയുടെ മരണം ആദ്യമായി കണ്ടതെന്നും പറയപ്പെടുന്നു. ഉടൻ പൊലീസിനെയും പാരാമെഡിക്സിനേയും വിവരം അറിയിച്ചെങ്കിലും മരണം സംഭവ സ്ഥലത്തു തന്നെ നടന്നതായാണ് ലഭ്യമായ വിവരം.
അതിനിടെ മരണത്തിനു 24 മണിക്കൂർ മുൻപേ ഷീജ തന്റെയും മക്കളുടെയും ചേർത്തുള്ള കവർ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ അടുത്ത സുഹൃത്തുക്കളെ ഏറെ സങ്കടപ്പെടുത്തുന്നത്. ഇടയ്ക്കിടെ മക്കളുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഷീജക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം ആയതിനാൽ ഇക്കാര്യത്തിൽ അസ്വാഭാവികത കാണേണ്ട കാര്യം ഇല്ലെന്നും സുഹൃത്തുക്കൾ സൂചിപ്പിക്കുന്നു. ചില സമയങ്ങളിൽ ഭർത്താവും കുട്ടികളും മാത്രമുള്ള ചിത്രങ്ങളും ഷീജ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരുന്നു. കൂടെ തനിക്കിഷ്ടമായ വലിയ പൂന്തോട്ടത്തിലെ നിറഞ്ഞു നിൽക്കുന്ന പൂക്കളും ഷീജ പ്രിയപ്പെട്ടവർക്കായി ഫേസ്ബുക്കിലൂടെ ചിത്രങ്ങളായി നൽകിയിരുന്നു.
ചേർത്ത് പിടിക്കേണ്ട 'അമ്മ ഇനി കൂടെയിലെന്നു തിരിച്ചറിവാകാത്ത പ്രായത്തിൽ ഉള്ള കുട്ടികളെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്നതാണ് പ്രിയപ്പെട്ടവരുടെ സങ്കടം. അതിനിടെ മക്കളെ താൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന 'അമ്മ മനസിന്റെ നേർക്കാഴ്ചയായി നൊമ്പരമുണർത്തുകയാണ് ഷീജ അവസാനമായി പോസ്റ്റ് ചെയ്ത ചിത്രം. ഏറ്റവും അടുത്തറിയുന്നവരോട് മാത്രം സൗഹൃദം പുലർത്തുന്ന മിതഭാഷി കൂടിയായിരുന്നു ഷീജ.
ഗ്ലോസ്റ്റർ അടക്കമുള്ള ദൂര സ്ഥലങ്ങളിൽ എത്തി ജോലി ചെയ്തിരുന്ന ഷീജയും ഭർത്താവിനെ പോലെ തന്നെ കഠിന അധ്വാനം ചെയ്താണ് കുടുംബത്തിന് വേണ്ടി ജീവിച്ചിരുന്നത്. എന്നാൽ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് തകർന്നിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ