പൊൻകുന്നം: മരിക്കുന്നതിന് മുമ്പ് എല്ലാം ഷീജാ കൃഷ്ണൻ കൂട്ടുകാരിയേയും അടുത്ത ബന്ധുവിനേയും അറിയിച്ചിരുന്നു. വാട്‌സാപ്പിലെ ശബ്ദ സന്ദേശമായാണ് എല്ലാ പ്രതീക്ഷയും തകർന്നെന്ന് വ്യക്തമാക്കി ഷീജാ കൃഷ്ണൻ ഉറ്റവരെ അറിയിച്ചത്. അതിന് ശേഷമായിരുന്നു ഷീജയുടെ ആത്മഹത്യ. കൂട്ടുകാരിക്കും ബന്ധുവിനും അയച്ച വാട്‌സാപ്പ് സന്ദേശം മറുനാടന് കിട്ടി. ഇംഗ്ലണ്ടിലെ വീട്ടിൽ നേരിടേണ്ടി വന്ന അവഗണനയുടെ നേർ സാക്ഷ്യമാണ് ബന്ധുക്കൾ നൽകിയ ആ ഓഡിയോ.

'വ്യഴം ,വെള്ളി ദിവസങ്ങളിൽ നല്ല പനിയായിരുന്നു, ഒറ്റയ്ക്ക് ആശുപത്രിയിൽപ്പോയി. എക്സറേ എടുക്കാൻ പോയപ്പോൾ തലകറങ്ങി വീണു. നിനക്ക് എങ്ങിനെയുണ്ടെന്ന് അന്വേഷിക്കാനോ ഒരു ഗ്ലാസ്സ് വെള്ളമെടുത്തുതരാനോ ആരുമുണ്ടായില്ല, ഞാൻ ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാറില്ല. ചെയ്യാവുന്ന സഹായം എല്ലാവർക്കും ചെയ്യും. എന്നെ എന്തിന് ദൈവം ഇങ്ങിനെ പരീക്ഷിക്കുന്നു. ജീവിതം മടുത്തു.ജീവിക്കത്തില്ലന്ന് ഉറപ്പിച്ചു. എനിക്കു വയ്യ ഇതുപോലൊരുജീവിതം. ഞാൻ മടുത്തു, സത്യം-കൂട്ടുകാരി ലീനയെ ഷീജ അറിയിച്ചത്.

പിതാവ് കൃഷ്ണൻകുട്ടിയുടെ സഹോദരപുത്രൻ രാജേഷിനും തന്റെ ദുസ്ഥിതി വിവരിച്ച് ലീനയ്ക്ക് സന്ദേശമയച്ച ഏതാണ്ട് അതെ സമയത്ത് ഷീജ വാട്സാപ്പ് സന്ദേശം അയച്ചിട്ടുണ്ട്. നാട്ടിലെ 6 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടെന്നും വീട്ടിൽ വഴക്കുണ്ടാക്കാറില്ലന്നും കുഞ്ഞുങ്ങളെ നല്ലവണ്ണം നോക്കുന്നുണ്ടെന്നും ഒത്തിരി സഹിച്ചെന്നും ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലന്നും രാജേഷിനയച്ച വാട്സാപ്പ് സന്ദേശത്തിലും ഷീജ കരിച്ചിലോടെ വ്യക്തമാക്കിയിട്ടുണ്ട്.

മരണത്തിന് മണിക്കൂറുകൾക്കു മുമ്പായിരുന്നു പൊൻകുന്നം ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടി-ശ്യാമള ദമ്പതികളുടെ മകൾ അടപ്പിടിച്ച വിതുമ്പലോടെ കൂട്ടുകാരി ലീനയ്ക്ക് ഈ സന്ദേശം അയച്ചത്. ഇംഗ്ലണ്ടിലെ വീട്ടിൽ താൻ അനുഭവിച്ചിരുന്ന കഷ്ടപ്പാടിന്റെ നേർച്ചിത്രമാണ് ഷീജയുടെ ഈ വാട്സാപ്പ് സന്ദേശത്തിലുള്ളതെന്ന് ബന്ധുക്കൾ പറയുന്നു. രാമപുരം അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്.18 വർഷമായി ഈ ദമ്പതികൾ കുടംബസമേതം വൂസ്റ്റർഷെയറിലെ റെഡ്ഡിച്ച് പട്ടണത്തിൽ താമസിച്ചുവരികയായിരുന്നു.

വീട്ടിൽ ഭർത്താവിന്റെ ഭാഗത്തുനിന്നും താൻ നേരിട്ടിരുന്നത് തികഞ്ഞ അവഗണനായിരുന്നെന്ന് ഷീജ അടുത്ത ബന്ധുക്കളിൽ ചിലരെ അറിയിച്ചിരുന്നു.എല്ലാം മനസ്സിലൊതുക്കി ജീവിക്കുന്ന പ്രകൃതക്കാരിയായിരുന്നു ഷീജയെന്ന് ആടുത്ത ബന്ധുക്കളും പറയുന്നു. പനിബാധിച്ച് എഴുന്നേറ്റുനിൽക്കാൻ പോലും വയ്യാത്ത ശാരീരിക അവസ്ഥിയായിരുന്നിട്ടും തന്നെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല എന്ന വിഷമം ഷീജയുടെ മനോനിലയെത്തന്നെ ബാധിച്ചിരുന്നിരിക്കാമെന്നാണ് കുടംബം ചൂണ്ടികാണിക്കുന്നത്.

ഷീജ ഇംഗ്ലണ്ടിലെ വീട്ടിൽ കഴിഞ്ഞിരുന്നത് വലിയമാനസീക ബുദ്ധിമുട്ടുകളോടെയയായിരുന്നെന്നും മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അടുത്ത ബന്ധുവിനും കൂട്ടുകാരിക്കും കരഞ്ഞുകൊണ്ട് ,എനിക്കിനി പിടിച്ചുനിൽക്കാൻ വയ്യ എന്ന് വ്യക്തമാക്കി വാട്സാപ്പ് സന്ദേശം അയച്ചിരുന്നെന്നും ഷീജയുടെ അമ്മാവൻ മധു മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാട്‌സാപ്പ് സന്ദേശവും.

കൃഷ്ണൻ കുട്ടി - ശ്യാമള ദമ്പതികളുടെ മുത്തമകളാണ് ഷീജ.17 വർഷമായി ഇംഗ്ലണ്ടിൽ ഭർത്താവുമൊരുമിച്ച് താമസിച്ചുവരികയായിരുന്നു. ശബളമെത്തിയിരുന്നത് രണ്ടുപേരുടെയും ജോയിന്റ് അക്കൗണ്ടിലാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം.തന്റെ ചെറിയ ആവശ്യങ്ങൾക്കു പോലും പണം ചിലവഴിക്കണമെങ്കിൽ ഭർത്താവിന്റെ അനുമതി വേണമെന്നതായിരുന്നു തന്റെ സ്ഥിതിയെന്ന് ഷീജി നേരത്തെ കുടംബാംഗങ്ങളെ അറിയിച്ചിരുന്നു.അഭിപ്രായപ്രകടനുപോലും തനിക്ക സ്വാതന്ത്ര്യമില്ലാത്ത ഗതികേടിലാണ് ജീവിതമെന്നും കുറ്റപ്പെടുത്തലുകൾ അതിരുകടന്നിരുന്നതായും ഷീജ ഉറ്റവരിൽ ചിലരോട് വെളിപ്പെടുത്തിയിരുന്നു.

നാട്ടിലെത്തിയാൽ തിരിച്ചു പേകുകാൻ മാതാവിന്റെ ആഭരണങ്ങൾ വരെ പണയപ്പെടുത്തേണ്ട ഗതികേടും ഷീജയ്ക്കുണ്ടായിരുന്നതായിട്ടാണ് ഇവർ വെളിപ്പെടുത്തുന്നത്. ഭർത്താവ് നാട്ടിലും ഇംഗ്ലണ്ടിലും വേണ്ടുവോളം സ്വത്ത് വാങ്ങിക്കൂട്ടിയതായി അറിവ് കിട്ടിയെന്നും ഇവർ വെളിപ്പെടുത്തി.