തിരുവനന്തപുരം: വിദേശ മലയാളി ദമ്പതികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത് ബംഗളൂരു മാഫിയ.തിരുവനന്തപുരം ടെക്നോപാർക്കിൽ ഇവർ നടത്തിവന്ന സ്ഥാപനത്തിലെ മാനേജർ ആയിരുന്ന ദുർഗപ്രസാദ് ഷെട്ടി, ഭാര്യ നിവേദിത ഷെട്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റ് ശങ്കർ ഷെട്ടി എന്നിവരാണ് പണം തട്ടിയെടുത്തത്. സംഭവം സംബന്ധിച്ച് യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. അമേരിക്കൻ കോൺസുലേറ്റിനും ഇവർ പരാതി നൽകിയിട്ടുണ്ട്.

വിദേശ മലയാളിയായ ഡോ മോഹൻ കുട്ടിയുടെ ഭാര്യ ഷീലാ കുട്ടിയാണ് പരാതിക്കാരി. തന്റെ ഭർത്താവും താനും മക്കളും അമേരിക്കൻ പൗരത്വമുള്ളവരാണ്. ജനിച്ചു വളർന്ന കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് തിരുവനന്തപുരം ടെക്നോപാർക്കിൽ അരീ വാ മെഡിടെക് എന്ന കമ്പനി തുടങ്ങിയത്. 200ലേറെ പേർക്ക് ഇവിടെ ജോലി നൽകുകയും ചെയ്തു. ആദായനികുതി കൃത്യമായി അടച്ചുപോരുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഭർത്താവിനൊപ്പം മണിപ്പാലിൽ എംബിബിഎസ് പഠിച്ച സുഹൃത്ത് പരിചയപ്പെടുത്തിയ ദുർഗപ്രസാദ് ഷെട്ടിയുമായി ബന്ധപ്പെടുന്നത്. ബംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാളെ സ്ഥാപനത്തിലെ മാനേജരായി നിയമിക്കുകയും ചെയ്തു. എന്നാൽ, ആദ്യം ജീവനക്കാരുടെയും കേരളത്തിലെ കമ്പനി ഡയറക്ടർമാരുടെയും വിശ്വാസ്യത നേടിയെടുത്ത ഇയാൾ പിന്നീട് കമ്പനിയുടെ പേര് ഉപയോഗിച്ച് കോടികൾ തട്ടിയെടുത്തു. കമ്പനി ആവശ്യത്തിനായി തന്റെ ഭർത്താവ് അയച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം ഇയാൾ വിനിയോഗിച്ചു.

യാത്രയ്ക്കെന്ന് പറഞ്ഞ് രണ്ട് ആഡംബര കാറുകളും സ്വന്തമാക്കി. കാറുകൾ വിതരണം ചെയ്തിരുന്ന മഹീന്ദ്രയുടെ മാനേജർമാർ വിളിച്ചു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ഡയറക്ടർ ഇയാളാണെന്ന വ്യാജ രേഖകളുണ്ടാക്കി കർണാടകയിലുൾപ്പടെ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയെന്ന് വിവരം ലഭിച്ചു. ടെക്നോപാർക്കിലെ എസ്‌ബിഐ ശാഖയിലെ അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടന്നിരുന്നത്. ഭർത്താവിന്റെ മരണശേഷം സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് കോടികൾ നഷ്ടമായത് പുറത്തറിയുന്നത്.

മാനേജർ എന്ന നിലയിൽ എസ്‌ബിഐ അക്കൗണ്ട് വഴി പണമിടപാടുകൾ യഥേഷ്ടം നടത്താൻ ഇയാൾക്ക് ഡയറക്ടർമാർ അനുമതി നൽകിയിരുന്നു. ഇത് മുതലെടുത്താണ് ഭാര്യയുടെ പേരിലും അമ്മയുടെ പേരിലും ഭൂമി ഇടപാടുകൾ പോലും നടത്തിയിട്ടുള്ളത്. ഇത് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇതു സംബന്ധിച്ച പരാതി 2017ൽ ഡിജിപിയുടെ കയ്യിലെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

എൻആർഐകളായ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പൈസ നാട്ടിൽ നിക്ഷേപിക്കാമെന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് കമ്പനി തുടങ്ങിയതെന്നും ഇതിൽ ചതിക്കപ്പെട്ടു എന്നും കാണിച്ചായിരുന്നു ഷീലയുടെ പരാതി. എന്നാൽ, ഇതിന് ഇതുവരെ യാതൊരു അന്വേഷണവും നടത്താൻ പൊലീസ് തയ്യാറായിട്ടില്ല. തുടർന്നാണ് യുഎസ് പൗരത്വമുള്ള ഇവർ അവിടെ പരാതി നൽകിയത്. ഇതു സംബന്ധിച്ച് അടിയന്തര നടപടി എടുക്കണമെന്ന് യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞു.