ദുബായ്: മലയാളി നഴ്സായ ശോശാമ്മ കുര്യാക്കോസാണ് ഇപ്പോൾ ദുബായിലെ ആരോ​ഗ്യ പ്രവർത്തകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും താരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കോവിഡ് വാക്സീൻ കുത്തിവയ്പ് നൽകിയതോടെയാണ് ശോശാമ്മക്കും താരപരിവേഷം ലഭിച്ചത്. വൽസമ്മ എന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും വിളിക്കുന്ന ഈ കുമളികാരിക്കും ഇത് മറക്കാനാകാത്ത അനുഭവമായി.

കുമളി ആനവിലാസം പോത്താനിക്കൽ ശോശാമ്മയാണ് ദുബായിൽ വാക്സീൻ ഉദ്ഘാടനം ചെയ്തത്. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനിൽ സ്റ്റാഫ് നഴ്സായ ശോശാമ്മ ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിന് സെപ്റ്റംബർ പകുതിയോടെ ആദ്യ കുത്തിവയ്പെടുത്തു. തുടർന്നു പല മന്ത്രിമാർക്കും വാക്സീൻ നൽകാനുള്ള അവസരം ലഭിച്ചു. ഒടുവിൽ കഴിഞ്ഞദിവസം ദുബായ് ഭരണാധികാരിക്ക് വാക്സീൻ നൽകാനുള്ള അവസരവും ലഭിച്ചു. കോവിഡ് ജോലികൾക്കിടയിൽ ഇങ്ങനെയൊരു വിവിഐപി കുത്തിവയ്പ് നൽകേണ്ടി വരുമെന്ന് ശോശാമ്മ കുര്യാക്കോസ് ഒരിക്കലും വിചാരിച്ചില്ല.

1992ൽ ദുബായിലെത്തിയ ശോശാമ്മയ്ക്ക് ഏഴുവർഷം കഴിഞ്ഞപ്പോൾ ആരോഗ്യവകുപ്പിൽ ജോലി ലഭിക്കുകയായിരുന്നു. ഭർത്താവ് കോട്ടയം മീനേടം വൈദ്യം പറമ്പിൽ കുറിയാക്കോസ്(സാബു) ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. ഏക മകൻ ജുബിനും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഷെയ്ഖ് മുഹമ്മദിന്റെ കൊട്ടാര മജ് ലിസിൽ അദ്ദേഹത്തിന് വാക്സീൻ നൽകിയപ്പോൾ കുശലാന്വേഷണം നടത്തിയതും ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും മറക്കാനാവില്ലെന്നും ശോശാമ്മ പറഞ്ഞു.

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ചൊവ്വാഴ്ചയാണ് കോവിഡ് -19 വാക്സിൻ നൽകിയത്. ഒരു മെഡിക്കൽ സ്റ്റാഫ് വാക്സിനേഷൻ എടുക്കുന്നതിന്റെ ചിത്രം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കിട്ടിരുന്നു. "ഇന്ന് കോവിഡ് -19 വാക്സിൻ സ്വീകരിക്കുമ്പോൾ, എല്ലാവർക്കും സുരക്ഷിതത്വവും മികച്ച ആരോഗ്യവും നേരുന്നു. യുഎഇയിൽ വാക്സിൻ ലഭ്യമാക്കാൻ അശ്രാന്തമായി പരിശ്രമിച്ച ആരോ​ഗ്യ പ്രവർത്തകരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. യുഎഇയുടെ ഭാവി എല്ലായ്‌പ്പോഴും മികച്ചതായിരിക്കും "- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി യുഎഇ മന്ത്രിമാരും വാക്സിൻ കുത്തിവെയ്‌പ്പിന് വിധേയരായിരുന്നു. കോവിഡ് -19 രോഗികളുമായി അടുത്ത ബന്ധം പുലർത്തുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്.