- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യം അതിജീവിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബം മൂലം; ബിജെ.പിയാകട്ടെ മമതയുടെയും ബംഗാളിന്റെയും പിന്നാലെ നടക്കുന്നു; ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും മോദി തയ്യാറാകുന്നില്ല; കേന്ദ്രസർക്കാറിനെ വിമർശിച്ച് ശിവസേന
ന്യുഡൽഹി: ഈ കോവിഡ് കാലത്ത് രാജ്യം അതിജീവിക്കുന്നത് നെഹ്രു-ഗാന്ധി കുടുംബം മൂലമാണെന്ന് വ്യക്തമാക്കി ശിവസേന മുഖപത്രമായ സാമ്ന. കോവിഡ് പോരാട്ടത്തിലെ കേന്ദ്രസർക്കാർ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ശിവസേന രംഗത്തുവന്നത്. രാജ്യം ഈ പ്രതിസന്ധി ഘട്ടത്തിലും അതിജീവിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബം നൽകിയ മഹത്തായ സംഭാവനകൾ കൊണ്ടാണെന്ന് പത്രം വ്യക്തമാക്കുന്നു. ഇന്ത്യയെ സഹായിക്കാൻ ചെറിയ അയൽരാജ്യങ്ങൾ വരെ മുന്നോട്ടുവരുമ്പോൾ മോദി സർക്കാർ ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ശിവസേന വിമർശിച്ചു.
70 വർഷത്തോളം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു മന്മോഹൻ സിങ് എന്നിവരെ പോലെയുള്ളവർ സൃഷ്ടിച്ചെടുത്ത സംവിധാനമാണ് ഈ പ്രതിസന്ധി ഘട്ടത്തേയും അഭിമുഖീകരിക്കാൻ രാജ്യത്തെ സഹായിക്കുന്നത്.
രാജ്യത്ത് കോവിഡ് അതിരൂക്ഷമായ വ്യാപിക്കുമ്പോൾ മറ്റ് ലോകരാജ്യങ്ങൾക്ക് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യ ഭാവിയിൽ ഭീഷണിയാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്. പരമാവധി രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇതുപ്രകാരം ബംഗ്ളാദേശ് 10,000 റെംഡെസീവിർ മരുന്ന് നൽകി, ഭൂട്ടാൻ മെഡിക്കൽ ഓക്സിജൻ അയച്ചു, നേപ്പാളും മ്യാന്മറും ശ്രീലങ്കയും 'ആത്മനിർഭർ ഇന്ത്യ'യ്ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു.-സാമ്നയുടെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
മുൻപ് പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളാണ് മറ്റുള്ളവരുടെ സഹായം തേടിയത്. എന്നാൽ ഇന്ന് ഭരിക്കുന്നവരുടെ തെറ്റായ നയങ്ങൾ മൂലം ആ സ്ഥിതിയിലേക്ക് ഇന്ത്യ എത്തി. ദരിദ്ര രാജ്യങ്ങൾ പോലും ഇന്ത്യയെ അവരാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്.
ഒരുഭാഗത്ത് , അയൽ രാജ്യങ്ങളിൽ നിന്ന് സഹായങ്ങൾ കൈപ്പറ്റാൻ ഒരു ശങ്കയും ഇല്ല. മറുഭാഗത്താകട്ടെ പുതിയ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതി നിർമ്മാണവും തകൃതിയായി നടക്കുന്നു. ലോകം മുഴുവൻ കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്നു. മൂന്നാം തരംഗം കൂടുതൽ രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ബിജെപിയാകട്ടെ മമത ബാനർജിയേയും പശ്ചിമ ബംഗാളിനേയുമാണ് ഇേപ്പാഴും ലക്ഷ്യമിട്ടിരിക്കുന്നത്. ബോധമുള്ള കേന്ദ്രസർക്കാരാണെങ്കിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ പ്രമുഖ കക്ഷികളെയെല്ലാം ചേർത്ത് കോവിഡ് മഹാമാരിയെ തോൽപ്പിക്കാനുള്ള ചർച്ചകൾ നടത്തും. -സാമ്ന കുറ്റപ്പെടുത്തുന്നു.
നിലവിലെ കേന്ദ്ര ആരോഗ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും ആരോഗ്യവകുപ്പ് നിതിൻ ഗഡ്കരിയെ ഏല്പിക്കണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിവരെ പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ രാജ്യത്ത് നടന്നത്. ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.ആദ്യകാലങ്ങളിൽ 150 കോവിഡ് മരണങ്ങളാണ് ഒരു ദിവസമുണ്ടായിരുന്നത്. ഇന്ന് ഇന്ത്യ അമേരിക്കയേയും ബ്രസീലിനേയും പിന്തള്ളി. ഇന്ന് ലോകം ഇന്ത്യയെ ഭയക്കുന്നു.
പല രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നു. മഹാമാരി രാജ്യത്തിന് വലിയ സാമ്പത്തിക ഭാരം വരുത്തുന്നു. രാജ്യത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ പ്രധാനമന്ത്രി ഏറെ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയേതര ദേശീയതയെ കുറിച്ച് ചിന്തിക്കണം. -സാമ്ന കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ കേന്ദ്രത്തെ വിമർശിച്ചിരുന്നു. അത് 'കുറ്റകരമായ ദുർചെലവാണെന്നും' സർക്കാർ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ